സ്വപ്നത്തിലേക്കുള്ളവഴികൾലളിതമല്ല ( ആൽബിൻ എബി )

ഖവാലിയുടെ നാട് തേടി -1
6 ദിവസം 4 നോർത്ത് ഇന്ത്യൻ സംസ്ഥനങ്ങളിലായി 6 വ്യത്യസ്ത നാടുകളിൽ, വിവിധ ഇടങ്ങളിലൂടെ നടത്തിയ ഒറ്റയാൻ യാത്രയുടെ വിവരണമാണ് .ആദ്യമായി ഒരു യാത്രാ വിവരണം എഴുതാനുള്ള എളിയ ശ്രമമാണ്. രണ്ട് വർഷം മുൻപ് നടത്തിയ യാത്രയാണ് ഓർമ്മയിൽ നിന്ന് കുറിക്കുന്നത്.

ഓഫീസിലെ സ്ഥിരം ഒഴുക്കൻ ദിവസങ്ങളിലെപ്പോഴോ സുഹൃത്ത് മറ്റൊരാളെ ചൊടിപ്പിക്കാൻ പറഞ്ഞ ഒരു വാക്ക് .
“ദേ ആൽബി പുഷ്കർ ഫെസ്റ്റിന് പോകുവാണട്ടോ”
– അന്നേ വരെ യാത്രയുടെ ചിത്രങ്ങളിലൊന്നുമില്ലായിരുന്ന രാജസ്ഥാനിലെ പുഷ്കർ എന്ന ക്ഷേത്ര നഗരി പുതുമഴയിലെന്നപോലെ ഒരു സ്വപ്നമായി മനസ്സിൽ പൊട്ടി മുളച്ചു . പിന്നെ ഒട്ടും താമസിച്ചില്ല. നോർത്ത് ഇന്ത്യയിലേക്കുള്ള സ്വപ്ന യാത്ര പുഷ്കർ ഫെസ്റ്റും ചേർത്ത് പ്ലാൻ ആക്കി. എന്തോ ആരോടും അഭിപ്രായം ചോദിക്കാനും ഉപദേശം തേടാനും തോന്നിയില്ല. ഇത് ഒറ്റയ്ക്കുള്ള യാത്ര തന്നെ എന്ന് മനസ്സിലെപ്പൊഴോ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആകെ ഇടയ്ക്ക്‌ എന്തേലും മുന്നേ പറഞ്ഞ സുഹൃത്തിനോട് സംസാരിച്ചു എന്നതൊഴിച്ചാൽ ആരോടും ഈ യാത്ര ചർച്ച ചെയ്തില്ല.

ട്രയിൻ ടിക്കറ്റ് ഓൺലൈൻ റിസർവേഷൻ നടത്തിയതിന് ശേഷമാണ് MDയെ കണ്ട് ലീവ് ചോദിച്ചത്. ലോക സഞ്ചാരിയായ അദ്ദേഹം പുഷ്കറിനെ പറ്റി കേട്ടിട്ടില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ആ ആകാംക്ഷയ്ക്കിടെ 11 ദിവസത്തെ ലീവ് തരപ്പെട്ടു. ഒരു മാസത്തിനടുത്ത് സമയം ഉണ്ട്. എങ്ങോട്ടൊക്കെയോ മാഞ്ഞു പോകുന്ന സാലറി മാത്രമാണ് കൈയ്യിലുള്ളത് . യാത്രയ്ക്കുള്ള ഫണ്ട് ഒപ്പിക്കണം .ചെറിയ ഒരുക്കങ്ങൾ നടത്തണം. എല്ലാ അർത്ഥത്തിലും തീർത്തും അപരിചിതമായ കുറെ സഥലങ്ങളിലേക്കുള്ള യാത്രയാണ്. ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. google തരുന്ന കുറെ വിവരങ്ങളല്ലാതെ വേറൊന്നും കയ്യിലില്ല. ഇതൊക്കെ പറഞ്ഞ് മനസ്സിനെ ഒന്നു മുറുക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആകാംഷയും ആവലാതികളും തലച്ചോറിലേക്ക് കുത്തിക്കയറ്റാൻ നോക്കി ഒരു രക്ഷയുമില്ല. തലച്ചോറും മനസ്സും ഒക്കെ ഏതോ നിസ്സംഗ മനോഭാവത്തിലാണ്.

” താനെന്താ ഇങ്ങനെ ഒന്ന് ടെൻഷനടിക്കടോ … അല്ലെങ്കിൽ സാധാരണ കണ്ണൂരിൽ നിന്ന് രാത്രി എറണാകുളത്തേക്ക് വണ്ടി കയറാൻ നിൽക്കുമ്പോൾ എന്ത് വെപ്രാളമാണ് ” –
ഞാനെന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. ദിവസങ്ങൾ ഓടി പോയി . ടിക്കറ്റുകളൊന്നും കൺഫോമായട്ടില്ല. എന്നിട്ടും മനസ്സിൽ അപ്പോഴും മുന്നേ പറഞ്ഞ നിസ്സംഗത മാത്രം.
അതിനിടെ google map ൻ്റെ സഹായത്തോടെ ട്രിപ്പ് പ്ലാനുകളെല്ലാം പൂർത്തിയായി. ബഡ്ജറ്റ് ട്രിപ്പാണ് ഹോട്ടലുകളൊന്നും ബുക്ക് ചെയ്തില്ല. എവിടെ താമസിക്കുമെന്നോ എവിടെ ഫ്രഷ് ആകുമെന്നോ ഒരു ധാരണയുമില്ല. പോകുന്നോടത്തൊന്നും ഒരു പരിചയക്കാരുമില്ല. മറ്റൊന്ന് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള ട്രെയിനോ ബസ്സോ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന ഒരു ചിന്തയുണ്ടായിരുന്നു. ദിവസങ്ങളുണ്ടായിരുന്നിട്ടും, പലതിലും സീറ്റുകളും ലഭ്യമായിരുന്നിട്ടും എന്തോ ടിക്കറ്റ് ബുക്ക് ചെയ്യാൻ മനസ്സനുവദിച്ചില്ല. നേരത്തെ ചോദിച്ച ചോദ്യം ഞാൻ വീണ്ടും എന്നോട് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.

ഈ യാത്ര റിസ്കുകളിൽ ഒന്നാമത്തേത് സ്ഥലങ്ങളെ പറ്റി ഒരു ധാരണയുമില്ല എന്നത് തന്നെ . രണ്ടാമത്തേത് വളരെ ചെറിയ ബഡ്ജറ്റ് ആയിരുന്നു എന്നത് .മറ്റൊന്ന് ഒറ്റയ്ക്കാണെന്നതാണ്. എന്നിട്ടും എന്തും നേരിടാൻ തക്ക ധൈര്യം എപ്പൊഴോ കിട്ടിയിരുന്നുവെന്ന് യാത്രകൾക്ക് ശേഷം പീന്നീട് എപ്പോഴോ ചിന്തിച്ചപ്പോൾ മനസ്സിലായതാണ്. അങ്ങനെ 11 ദിവസത്തിലെ അങ്ങോട്ടുമിങ്ങോട്ടുള്ള ട്രെയിൻ യാത്രയ്ക്കിടെ 6 ദിവസം കിട്ടുമെന്നതിൽ ഉറപ്പായി .6 ദിവസം കൊണ്ട് 4 സംസ്ഥാനങ്ങളിലായി 6 വ്യത്യസ്ഥ നാടുകളിൽ പലതും കാണാനുണ്ട് എന്നത് എങ്ങനെ എന്നെ ആകുലപ്പെടുത്തിയില്ല എന്നത് പിന്നീട് പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുമുണ്ട്.
യാത്രയുടെ ദിവസമടുത്തുവന്നു മുന്നേ പറഞ്ഞ മനോഭാവം കാരണം പ്രത്യേക പർച്ചീസിംങ് ഒന്നും നടന്നില്ല. കയ്യിലുള്ള ഡ്രസും ജാക്കറ്റും ഒക്കെ എടുത്തു വച്ചു. എന്തൊക്കെ വന്നാലും ഡെക്കാത്തലണിൽ നിന്ന് ഒരു ഷൂ അത് മനസ്സിൽ ഉറപ്പിച്ചതാണ്. പണ്ടേകാൽനടയിലാണ് കൂടുതലുംയാത്രകൾ അതിന് കംഫർട്ട് ആയ ഒരു ഷൂ അത്രേ ഉള്ളൂ. ഓഫീസിലിലെ അവസാന ദിവസം ഇറങ്ങുമ്പോളും അത് ഓർത്തതാണ്. നാളെ ഉച്ചയ്ക്കല്ലെ ട്രെയിൻ രാവിലെ വാങ്ങിയിട്ട് ട്രെയിൻ പിടിക്കാമെന്ന ധാരണയിൽ അങ്ങ് പോന്നു. രാത്രിയിലാണ് ട്രെയിൻ ടിക്കറ്റ് കൺഫോമയത് എന്നത് മറ്റൊരു രസം.

യാത്രാ ദിവസമായി .യാത്ര ഒരുക്കത്തിനിടയിൽ Mobile ലോ TV യോ ഒന്നും നോക്കിയില്ല. വൈകി എഴുന്നേറ്റതു കൊണ്ട് മറ്റു കാര്യങ്ങളും പതുക്കെയാണ് നീങ്ങിയത്. ആഹാരമൊക്കെ പാക്ക് ചെയ്ത് ഇറങ്ങിയപ്പോഴേക്കും 10:30 കഴിഞ്ഞു. വീട്ടിലേക്കുള്ള ഇടവഴി പിന്നിട്ട് റോഡിലേക്കെത്തി ബസ്സ് സ്സ്റ്റോപ്പിൽ നിൽക്കുവാണ്. സമയം കുറച്ചായിട്ടും ബസ്സ് ഒന്നുമില്ല. അതിൽ വല്ല്യ അസ്വാഭാവികതയൊന്നും തോന്നിയില്ല. കുറച്ച് കഴിഞ്ഞ് ഒരു ചെറുക്കൻ അവിടേക്ക് വന്നു
” ചേട്ടാ ഇന്ന് ഹർത്താലാണോ ”
“ഹർത്താലോ “ഞാനവനെ ഒന്നു പുച്ഛത്തോടെ നോക്കി .അല്ലെങ്കിൽ തന്നെ എന്തിൻ്റെ പേരിൽ ഹർത്താലാവാനാണ്.ഇവിടാണേൽ കടകൾ തുറന്നിട്ടുണ്ട്. വണ്ടികൾ പലതും അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. എൻ്റെ അടുക്കുനിന്ന് മറുപടിയൊന്നും കിട്ടാതെ അവൻ എങ്ങോട്ടോ പോയി .സമയം പിന്നെയും മുന്നോട്ടു പോയി . ഷൂ വാങ്ങൽ നടക്കാതാകുമോ എന്നതായിരുന്നു എൻ്റെ ആകെയുഉള ചിന്ത. കുറച്ച് കഴിഞ്ഞ് ഒരു വല്യപ്പൻ അങ്ങോട്ട് വന്നു വണ്ടി വല്ലതും ഓടുന്നുണ്ടോ എന്ന് ചോദിച്ചു. എനിക്കപ്പോളേക്കും ഒരപകടം മണുത്തു കഴിഞ്ഞിരുന്നു . മൊബൈൽ ഡാറ്റ ഓണാക്കി .യൂ ട്യൂബിൽ വാർത്ത ചാനൽ നോക്കി .അന്നേ ദിവസം വരെ ഇല്ലാതിരുന്ന ടെൻഷൻ മുഴുവൻ ഒറ്റയടിക്കെൻ്റെ തലയിലേക്ക് ഇരച്ച് കയറി. സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. എന്ന സ്ക്രോളിങ് കണ്ടതോടെ എൻ്റെ എല്ലാം കൈവിട്ടിരുന്നു. തോളിൽ തൂക്കിയ ബാഗിന് ഇരട്ടി ഭാരം ആയത് പോലെ തോന്നി. ഇനിയെങ്ങനെ എറണാകുളത്തെത്തും .അപ്പോഴേക്കും 11:30 മണി കഴിഞ്ഞിരുന്നു. എൻ്റെ കയ്യിൽ വണ്ടിയുമില്ല. ശബരിമല പ്രശ്നത്തിനിടയ്ക്ക് ശശികലയെ അറസ്റ്റ് ചെയ്തതാണ് BJP യുടെ പെട്ടെന്നുള്ള ഹർത്താലിന് കാരണമെന്ന് പിന്നീട് വാർത്തയിൽ നിന്ന് മനസ്സിലാക്കി. വണ്ടിയുള്ള ചില സുഹ്യത്തുക്കളെ വിളിച്ചു നോക്കി ആരും സ്ഥലത്തില്ല. മറ്റു ചിലരെ വിളിച്ചിട്ട് കിട്ടുന്നുമില്ല. വണ്ടി തടയൽ കാരണം ഓട്ടോക്കാരാരും ഓടുന്നുമില്ല.ഒടുവിൽ ഒരു സുഹൃത്ത് പറഞ്ഞ് നാട്ടിൽ അപ്പോൾ ഉള്ള മറ്റൊരു സുഹൃത്തിനെ പറ്റി അറിഞ്ഞു. കുറച്ചു കാലമായി അവനുമായി വലിയ അടുപ്പമൊന്നുമില്ല. എന്നാലും ഇപ്പോൾ അതൊന്നും നോക്കാൻ പറ്റില്ല .സമയം 12 മണിയാവുന്നു . ഉടനെ നമ്പർ തപ്പി അവനെ വിളിച്ചു .അവൻ കുറച്ചകലെ ഏതോ സുഹുത്തിൻ്റെ വീട്ടിലാണ്. അവനോട് കാര്യം പറഞ്ഞ് മനപ്പിലാക്കി. അവൻ വരാമെന്ന് പറഞ്ഞതോടെ പകുതി ആശ്വാസമായി എന്നാലും അവൻ വരാൻ ലേറ്റ് ആകുമോ എന്ന പേടി മനസ്സിലുണ്ട്. ട്രെയിൻ കറക്ട് ടൈമാണ് .യാത്ര തുടങ്ങുന്നതിനു മുന്നേ അവസാനിപ്പിക്കേണ്ടി വരുമോ എന്നായി ആശങ്ക. കുറച്ച് നേരത്തെ കാത്തിരിപ്പിനു ശേഷം സുഹൃത്ത് ബൈക്കുമായി എത്തി . 17 കിലോമീറ്റർ പിന്നിട്ടത് പെട്ടെന്നായിരുന്നു. ട്രെയിൻ പുറപ്പെടാൻ 5 മിനുട്ടുള്ളപ്പോൾ റയിൽവേ സ്‌റ്റേഷനിൽ അവനെന്നെ എത്തിച്ചു. അവനോട് ശരിക്കും ഒന്ന് നന്ദി പോലും പറയാൻ പറ്റാതെ ഞാൻ സ്റ്റേഷനകത്തേക്ക് ഓടി. ഈ യാത്രയിൽ ആദ്യാവസാനം ഞാൻ നന്ദിയോടെ ഓർക്കുന്നത് ആ സുഹൃത്തിനെയാണ്. നമ്മൾ പ്രതീക്ഷിക്കുന്നവരായിരിക്കില്ല പലപ്പോഴും നമ്മളെ സഹായിക്കാനുണ്ടാവുന്നത് എന്ന് ജീവിതം എത്രയാവർത്തി എന്നെ പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്തിരിക്കുന്നു.

ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ പുറപ്പെടാൻ തയ്യാറായി കിടന്നിരുന്നു. ബാഗും തൂക്കി പ്ലാറ്റ്ഫോമിലൂടെ ഓടി . കംപാർട്ട്മൻ്റ് കണ്ടു പിടിച്ച് കയറി. വല്ലാതെ കിതയ്ക്കുന്നുണ്ടായിരുനെങ്കിലും കഴിഞ്ഞ മണിക്കൂറുകളിൽ അനുഭവിച്ച ആകുലതകൾ അവസാനിച്ചതിൻ്റെ വല്ലാത്ത ആശ്വാസത്തിൽ ഞാൻ സീറ്റിൽ ഇരുന്നു. ഇത്രയും ദിവസം അനുഭവിച്ച ആശ്വാസമൊക്കെ ഇത്തരമൊരു വലിയ ഇടണ്ടേറിനു വേണ്ടിയായിരുന്നോ എന്നു ചിന്തിച്ചു പോയി. ഈ യാത്ര അത്ര സുഖകരമാവില്ല എന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കിയിരുന്നു.

നിമിഷങ്ങൾക്കകം ട്രെയിൻ പുറപ്പെട്ടു. വലിയൊരാശ്വാസത്തിനിടയിലും മുന്നോട്ടുള്ള യാത്ര എന്നെ ആശങ്കയിലും ആശ്ചര്യത്തിലുമാക്കി. ട്രെയിൻ യാത്രകൾ പലപ്പോഴും പലതും ഓർമ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യാറുണ്ട്.അങ്ങനെ പലതും കണ്ടും അനുഭവിച്ചും ട്രെയിൻ നാടും നഗരങ്ങളും കടന്ന് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. പുതിയ കാഴ്ച്ചകളിലേക്ക് കൺതുറന്ന് ഞാനും മുന്നോട്ട്.

വിൻഡോസീറ്റ് കിട്ടിയത് വല്ലാത്ത സന്തോഷമുണ്ട്. എങ്കിലും എനിക്ക് എതിരെ ഉള്ള RAC സീറ്റിൽ രണ്ട് ഹിന്ദിക്കാരുണ്ട്. രണ്ടു പേർക്കും കൂടി ഒരു സീറ്റാണ് . ചാരിയിരിക്കുന്ന ഭാഗം താഴ്ത്തിയിട്ട് കിടക്കുന്ന രീതിയിലാക്കി അതിൽ കാൽ നീട്ടി സുഖമായിരിക്കുമ്പോളാണ് ആ രണ്ട് ചങ്ങായി മാരുടെ വരവ്.വ്യത്തിക്ക് നല്ല കുറവുണ്ട് , ഒരു കെട്ട നാറ്റവും. അങ്ങനെ എൻ്റെ സ്വസ്ഥ യാത്രയുടെ കാര്യത്തിൽ ഒരു തീരുമാനമായി. രാത്രിയിൽ രണ്ടു പേരെയും താഴെ ഇരുത്തി ഞാൻ മുകളിൽ കിടന്നുറങ്ങും.രാവിലെ അങ്ങനെ ഇരിപ്പ് ഞങ്ങൾ മൂന്നു പേരും കൂടായി. പകുതി ഭാഗത്ത് ഞാനും ബാക്കി പകുതിയിൽ അവർ രണ്ടു പേരും . ബോംബെ വരെ അങ്ങനെ ഒരു വല്ലാത്ത യാത്ര. ഇനി വരാനുള്ള നോർത്ത് ഇന്ത്യൻ യാത്രാനുഭങ്ങളുടെ മുന്നോടിയായി ഞാനതിനോട് സമരസപ്പെട്ടു. ബോംബെ കഴിഞ്ഞതോടെ സീറ്റ് മുഴുവനായി എൻ്റെ കൈകളിലായി .ഇടയ്ക്ക് എപ്പോളോ പലരും വന്നു പോയി കൊണ്ടിരുന്നു.

ഏതോ ഒരു ഭാഷ സംസാരിക്കുന്ന തീർത്ഥാടക സംഘമായിരുന്നു എനിക്ക് കൂട്ട്. സാധാരണ വേഷവിതാനത്തിൽ മുതിർന്നവരും ചെറുപ്പക്കാരും എല്ലാം ഉണ്ട്. അവർ ഇടയ്ക്ക് ബജൻസ് പാടി പ്രാർത്ഥിച്ചും ഭക്ഷണം കഴിച്ചു അങ്ങനെ പോയി. അവർ എന്ത് ഭാഷയാണ് സംസാരിക്കുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. അതു കൊണ്ടു തന്നെ ഒന്നും പരസ്പരം സംസാരിക്കാതെ ആ യാത്രയിലുടനീളം ഞാൻ എൻ്റെ ലോകത്തായിരുന്നു. ഇടയ്ക്ക് അവർ പ്രാർത്ഥനയ്ക്ക് ശേഷം ചില മധുര പലഹാരമൊക്കെ തരും എന്നതല്ലാതെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു. ഞാൻ അന്നേ വരെ കഴിച്ചതിൽ നിന്നുമൊക്കെ വ്യത്യസ്തമായ എന്തോ രുചികളായിരുന്നു അതെല്ലാം .പരസ്പരം സംസാരിക്കാനുള്ള ശ്രമങ്ങളെല്ലാം തീർത്തും പരാജയമായിരുന്നു.അവർ എന്ത് മതവിശ്വാസികളാണ് എന്നു പോലും എനിക്ക് മനസ്സിലായില്ല. ഒന്നുറപ്പായിരുന്നു ജൈന മതമൊക്കെ പോലെയുള്ള ഏതോ വ്യത്യസ്ത വിഭാഗത്തിൽ പെട്ടവരാണവർ.
രണ്ടാമത്തെ രാത്രിയും കഴിഞ്ഞിരുന്നു. രാവിലെ തന്നെ എഴുന്നേറ്റ് ഒന്ന് ഫ്രഷ് ആയി ഞാൻ ആകാംഷയോടെ കാത്തിരുന്നു. എൻ്റെ ആദ്യ സന്ദർശന സ്ഥലമായ ആഗ്രയിലേക്ക് ട്രെയിൻ അടുക്കുകയാണ്. രാവിലെ എത്തുമെന്നാണ് എങ്കിലും ട്രെയിൻ കുറച്ച് ലേറ്റായാലും ഉച്ചയ്ക്ക് മുന്നേ എത്തുമെന്ന പ്രതീക്ഷിയിലായിരുന്നു ഞാൻ. രാവിലെ എഴുന്നേറ്റ് അക്ഷമനായി ഞാൻ കാത്തിരിക്കുവാണ്. ടെയിൻ എത്തേണ്ട സമയവും അതിൽ കൂടുതലും ആയി .എൻ്റെ ക്ഷമ നശിച്ചു തുടങ്ങി. കാരണം സമയം വൈകും തോറും എൻ്റെ പദ്ധതികൾ മാറിക്കൊണ്ടിരിക്കും. അത്രയേറെ ടൈറ്റ് ഷെഡ്യൂളുകളായിരുന്നു എൻ്റേത്. രാത്രി വൈകിയായാലും അന്ന് തന്നെ ഡൽഹിക്ക് പോവാനാണ് പദ്ധതി. ട്രെയിൻ വീണ്ടും ഉത്തർപ്രദേശിൻ്റെ ഉണങ്ങി വരണ പ്രാന്തപ്രദേശങ്ങളും കൃഷിയിടങ്ങളും താണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. എന്തെങ്കിലും ചോദിക്കാനും പറയാനും ആരുമില്ല. അങ്ങനെ സമയം തള്ളി നീക്കി നീക്കി അവസാനം സമയം ഉച്ചയായി ഒടുവിൽ 1:30 മണിക്ക് ശേഷം ട്രെയിൻ സ്റ്റേഷനിലെത്തുമ്പോളേക്കും മനസ്സ് വളരെ അസ്വസ്ഥമായിരുന്നു.പിന്നീവശേഷിക്കുന്ന ചെറിയ സമയത്തിനുള്ളിൽ എന്തെല്ലാം കാണാനാകുമെന്നതായിരുന്നു അതിന് കാരണം.

അക്ബറിൻ്റെചുവന്നകോട്ടയിലേക്ക്

ഉത്തർപ്രദേശിൽ യമുനാ തീരത്തെ ആഗ്ര പട്ടണം. അങ്ങോട്ടേക്കുള്ള യാത്രയുടെ പ്രധാന ഉദ്ദേശം, ഏതൊരു സഞ്ചാരിയെയും പോലെ പ്രണയ സ്മാരകമായ താജ് മഹൽ തന്നെയായിരുന്നു. പറ്റുമെങ്കിൽ യമുനയുടെ മറുകരയിലെ മെഹ്താബ് ബാഗിൽ നിന്ന് താജ് മഹൽ ഒന്നു കാണണം.
ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകളുടെ നടത്തുന്ന Sheroes hangout Cafe യിൽ പോകണം.
പിന്നെ ആഗ്രയുടെ ചില രുചി വിശേഷങ്ങൾ അറിയണം.

അതിനപ്പുറത്തേക്ക് ഒന്നും ഉദ്ദേശിച്ചിരുന്നില്ല. അതായത് ആഗ്ര ഫോർട്ട് എൻ്റെ ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നില്ല എന്നർത്ഥം.

ട്രെയിൻ ആഗ്ര കൺടോൺമെൻ്റ് സ്റ്റേഷനിലിൽ എത്തുമ്പോളേക്കും എൻ്റെ മനസ്സിലെ ചിത്രങ്ങൾ പലതും മാറ്റി വരയ്ക്കപ്പെട്ടിരിന്നു. അത്രയും വലിയൊരു സ്റ്റേഷൻ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം . ട്രെയിൻ ഇറങ്ങി എങ്ങോട്ട് നടക്കും എന്ന് പകച്ചു നിൽക്കുമ്പോൾ ഞാൻ മനസ്സിലാക്കിയ പലതും തെറ്റായിരിക്കുന്നു എന്ന ബോധ്യവും എനിക്ക് മുന്നിൽ അവശേഷിക്കുന്ന കുറച്ച് മണിക്കൂറുകളും എന്നെ നന്നേ ആശങ്കയിലാക്കി. ആളുകളെ അനുഗമിച്ച് ഫ്ലൈ ഓവറിലൂടെ നടക്കുമ്പോൾ താഴെ കെട്ടുപിണഞ്ഞു കിടക്കുന്ന റെയിൽ പാളങ്ങളും എണ്ണമില്ലാത്ത പ്ലാറ്റ്ഫോമുകളും കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു.

അവസാന സമയം ടിക്കറ്റെടുത്ത് ഡൽഹിക്കുള്ള ട്രെയിൻ പിടിക്കാൻ ഇതിൽ ഏത് പ്ലാറ്റ്ഫോമിലേക്കാണ് ഞാൻ ഓടാനിരിക്കുന്നത് എന്നതായിരുന്നു മറ്റൊരു ചിന്ത. ഉള്ളിലുള്ള ആകുലതകളോ ആശ്ചര്യങ്ങളോ ആരോടും പ്രകടിപ്പിക്കാനാവത്തതിൻ്റെ നിരാശ മറ്റൊരിടത്ത്. ഒരു കണക്കിന് ആളുകളുടെ ഇടയിലൂടെ തിക്കി തിരക്കി ഞാൻ വേഗത്തിൽ നടന്നു. അവശേഷിക്കുന്ന സമയം കൊണ്ട് സ്ഥലം കണ്ടു പിടിക്കണം. എന്തെങ്കിലുമൊന്ന് കഴിക്കണം .രാവിലെ മുതൽ ആകാംക്ഷ മൂത്ത് ഒന്നും കഴിക്കാതെ ഇരിക്കുവാണ്. നന്നായി വിശക്കുന്നുണ്ട്. ഒരു വിധം സ്റ്റേഷനുപുറത്തെത്തി.

പുറത്തേക്ക് ഇറങ്ങേണ്ട താമസം കുറെ പേർ വന്ന് പൊതിഞ്ഞു. ടാക്സി, റിക്ഷ ,റൂം, എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിൽ അവരെ ഒക്കെ ഒഴിവാക്കി മുന്നോട്ടു നടന്നു .എന്നിട്ടും ഇടയ്ക്കിടയ്ക്ക് ഓരോരുത്തരായി ഇങ്ങനെ വന്നു കൊണ്ടിരുന്നു. സ്വസ്ഥമായി നിന്ന് ആ പരിസരം ഒന്നു വീക്ഷിക്കാൻ കൂടി വയ്യ എന്നായി. റോഡിലേക്കിറങ്ങുമ്പോളുണ്ട് രണ്ടു മൂന്ന് സൈക്കിൾ റിക്ഷകൾ എൻ്റെ പിറകെ . ഏതോ ഒരു ട്രാവൽ സൈറ്റിൽ മുന്നേ ഇത് വായിച്ചിരുന്നെങ്കിലും ഇവരിങ്ങനെ ചക്കയിൽ ഈച്ച പോലെ കൂടുമെന്ന് കരുതിയില്ല.

സ്റ്റേഷന് പുറത്ത് ഇത്ര വലിയ ഒരു നഗരത്തിൻ്റെ പ്രൗഡിയൊന്നുമില്ല. റിക്ഷക്കാരും കച്ചവടക്കാരും കന്നുകാലികളുമെല്ലാം നിറഞ്ഞ റോഡും വലിയ വൃത്തികളൊന്നുമില്ലാത്ത വഴിയോരങ്ങളും ഒറ്റ നോട്ടത്തിൽ മനസ്സു മടുപ്പിക്കുന്നതാണ്. വലിയ ആഡംഭരങ്ങളൊന്നും ഞാനും പ്രതീക്ഷിച്ചതല്ല. എന്നാലും ഒരു പൗരാണിക നഗരത്തിൻ്റെ കാഴ്ച്ചകളാണ് മനസ്സിൽ ഉണ്ടായിരുന്നത് . അങ്ങനെയല്ല എന്നകാര്യം പിന്നീട് വ്യക്തമായി.

റിക്ഷക്കാരെ ഒഴിവാക്കി ഞാൻ നടക്കാൻ തുടങ്ങി അവർ വിടുന്ന ലക്ഷണമില്ല .ഒടുവിൽ തിരിഞ്ഞു നിന്ന് ” ഭായിമാരെ എനിക്ക് റിക്ഷ വേണ്ട. ഞാൻ നടക്കുവാണ് .” – എന്ന് സൗമ്യമായി പറഞ്ഞു. രണ്ടു പേർ ഭാഗ്യത്തിന് പോയി. ഞാൻ അടുത്തു കണ്ട ചായക്കടയിൽ കയറി ഒരു ചായ പറഞ്ഞു. അപ്പോളേക്കുമുണ്ട് പോകാതെ അവിടെ തന്നെ നിന്ന ഒരു റിക്ഷക്കാരൻ റിക്ഷ റോട്ടിലിട്ട് നടന്ന് എൻ്റെ അടുത്തു വന്നു നിൽക്കുന്നു .പിന്നെ എന്നെ പറഞ്ഞ് കൂടെ കൂട്ടാനായി പുള്ളിയുടെ ശ്രമം . ഞാൻ പല തവണ പറഞ്ഞു നോക്കി. ഞാൻ എങ്ങോട്ട് നടന്നാലും പുള്ളിക്കാരൻ കൂടെ വരുമെന്നായി. മാർക്കറ്റുകൾ കാണിച്ചു തരാം, നല്ല റൂം ശരിയാക്കി തരാം, ആഗ്ര ഫോർട്ടും താജ് മഹലും എല്ലാം കാണിച്ചു തരാം എന്നൊക്കെ പറഞ്ഞ് കൂടെ നടക്കുവാണ്. എനിക്ക് റൂം വേണ്ട, ഉടനെ തിരികെ പോകും എന്നൊക്കെ പല തവണ പറഞ്ഞു. നിരന്തരമായ ശ്രമത്തിന് ശേഷം അവസാനം അയാളെ പറഞ്ഞു വിട്ടു.. വീണ്ടും സ്റ്റേഷൻ പരിസരത്തേക്ക് കടന്ന് താജ് മഹലിലേക്ക് പോകേണ്ട വഴികളും മറ്റും ഏകദേശ ധാരണയാക്കി .ഏകദേശം 5 കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ട് താജ് മഹലിലേക്ക് . സമയം തീരെ കുറവാണ് .ഒരു ഓട്ടോറിക്ഷക്കാരനുമായി സംസാരിച്ച് 150 രൂപയ്ക്ക് താജ് മഹൽ പോകാനും അതിനിടയ്ക്ക് ഏതെങ്കിലും ഹോട്ടലിൽ നിർത്തി ഭക്ഷണം കഴിക്കാനും പറഞ്ഞുറപ്പിച്ചു. അവിടുത്തെ രീതികളിൽ 150 രൂപ അധികമാണ് എന്ന് അറിയാതിരുന്നിട്ടല്ല. സമയക്കുറവു കാരണം അങ്ങനെ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഓട്ടോയിൽ കയറാൻ തുടങ്ങുമ്പോളാണ് മറ്റൊരു പ്രശ്നം .ഓട്ടോക്കാരൻ ഭായി പറഞ്ഞു ബാഗും മറ്റുമായി താജിനകത്തേക്ക് പ്രവേശിക്കാൻ പറ്റില്ല. ബാഗ് എല്ലാം സ്‌റ്റേഷനിലെ ലോക്ക് റൂമിൽ വയ്ക്കണം അല്ലെങ്കിൽ റൂം എടുക്കാം. റൂമെടുക്കണ്ട എന്ന് പറഞ്ഞ് ക്ലോക്ക് റൂമിൽ ചെന്നു .അപ്പോളേക്കും മറ്റൊരു പ്രശ്നം ബാഗ് ലോക്ക് ചെയ്യണം . എന്നാലെ ബാഗ് അവർ സൂക്ഷിക്കൂ. എൻ്റെ കയ്യിൽ ലോക്കൊന്നുമില്ല. ബാഗ് ലോക്ക് ചെയ്ത് ഒരിടത്തേക്കും യാത്ര ചെയ്ത് ശീലിച്ചട്ടില്ല.വീണ്ടും സമയ നഷ്ടം .ലോക്ക് സംഘടിപ്പിച്ച് ഒരു വിധം എല്ലാം ശരിയാക്കി ബാഗ് അവിടെ ഏൽപ്പിച്ചു. പുറത്തിറങ്ങി. നമ്മുടെ ഓട്ടോക്കാരൻ ഭായി കാത്തു നിന്നിരുന്നു. ഓട്ടോയിൽ കയറി യാത്ര പുറപ്പെട്ടു. സംസാരത്തിനിടെ താജിൽ ഫോണും ക്യാമറയും അല്ലാതെ ഒന്നും അകത്ത് കയറ്റില്ല എന്ന് അയാൾ പറയുന്നതിനിടെയാണ് വീണ്ടും ഒരു പ്രശ്നമുദിക്കുന്നത് .എൻ്റെ കയ്യിൽ പവർ ബാങ്കുണ്ട്. അതും അനുവദനീയമല്ല. വീണ്ടും റെയിൽവേ സ്‌റ്റേഷനിലേക്ക് .ക്ലോക്ക് റൂമിൽ പോയി വീണ്ടും അവരോട് പറഞ്ഞ് ബാഗ് എടുത്ത് പവർ ബാങ്കും അതിൽ വച്ച് തിരിച്ച് ഏൽപ്പിച്ചു. സമയം വീണ്ടും നഷ്ടമാവുന്നതിൽ എനിക്ക് വല്ലാത്ത നിരാശയും ദേഷ്യവും തോന്നി. വീണ്ടും യാത്ര തുടരുന്നതിനിടയ്ക്ക് നേരത്തെ പറഞ്ഞ പ്രകാരം ഒരു ഹോട്ടലിൽ നിർത്തി. വിശദമായി മെനു നോക്കി ഭക്ഷണം കഴിക്കാൻ സമയമില്ലാത്ത കൊണ്ട് .പെട്ടെന്ന് ബിരിയാണി പറഞ്ഞു. മുഗൾ സ്റ്റൈലിൽ ഒരു ബിരിയാണി പ്രതീക്ഷിച്ച എനിക്ക് നിരാശയായിരുന്നു ലഭിച്ചത് എങ്ങനെയൊക്കെയോ ഭക്ഷണം കഴിച്ചിറങ്ങി .ബില്ല് കണ്ടപ്പോൾ മനസ്സിലായി നമ്മുടെ ഓട്ടോക്കാരൻ്റെ കമ്മീഷൻ കൂടി ഉൾപ്പെടുത്തിയാണ് ബില്ല് തന്നതെന്ന്. എന്തെങ്കിലുമാവട്ടെ എന്ന് കരുതി യാത്ര തുടർന്നു. ഇനിയുള്ള സമയം കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ ആ ദിവസം അവിടെ തന്നെ തങ്ങേണ്ടി വരും എന്ന് അറിയാമായിരുന്നത് കൊണ്ട് മറ്റൊന്നും ചിന്തിക്കാൻ മുതിർന്നില്ല.

വണ്ടിയോട്ടത്തിനിടയിൽ എതിരെ വന്ന ഓട്ടോക്കാരൻ എന്തോ പറഞ്ഞു. വീണ്ടും പ്രശ്നം . ഏതോ VIP സന്ദർശനം ഉള്ളതുകൊണ്ട് 4 മണി വരെ താജ്മഹലിൽ പബ്ലിക്കിന് പ്രവേശനമില്ലത്രേ. എന്തൊരു ഭാഗ്യക്കേടാണിത് എന്ന് ഞാൻ ചിന്തിച്ചു പോയി. ഇനിയെന്ത് ചെയ്യും . വേറെ എവിടെ പോകണം എന്ന് ഓട്ടോക്കാരൻ ഭായി ചോദിച്ചു. ഏതോ മാർക്കറ്റുകളെ പറ്റിയൊക്കെ പുള്ളി പറയുന്നുണ്ട്. ഏതായാലും അയാളുടെ ഇഷ്ട്ടത്തിന് പോയാൽ ഇനിയും കാശ് കുറെ കമ്മീഷൻ ഇനത്തിൽ ചിലവാകും എന്നറിയാവുന്ന ഞാൻ ഉടനെ ഒരു തീരുമാനത്തിലെത്തി. ആഗ്ര ഫോർട്ടിലേക്ക് പോകാമെന്നായിരുന്നു ആ തീരുമാനം.
എൻ്റെ യാത്രയിൽ ഞാൻ ഉൾപ്പെടുത്താത്ത ഒരിടമാണിത് എന്ന് നേരത്തെ പറഞ്ഞല്ലോ. എന്നിട്ടും ഞാനങ്ങനെ ഒരു തീരുമാനമെടുത്തത് എന്താണെന്നറിയില്ല. എൻ്റെ യാത്രകളെ പലപ്പോഴും ഇങ്ങനെ ചില വഴിതിരിച്ചു വിടലുകൾ ഉണ്ടാവാറുണ്ട്. എൻ്റെ പദ്ധതികൾക്ക് അപ്പുറത്തേക്ക് പലതും സംഭവിക്കാറുണ്ട്.. ഇങ്ങനെയുള്ള ചില തടസ്സങ്ങൾ പലപ്പോഴും വലിയ ഒരു സാധ്യതയും അനുഭവവുമായി മാറുകയും ചെയ്യാറുണ്ട്. അതിൻ്റെ കൃത്യമായ ഒരുദാഹരണമായിരുന്നു ഇതും.
മുഗൾ രാജവംശത്തിൻ്റെ പ്രധാന കേന്ദ്രമായ ആഗ്ര ഫോർട്ട് .മുഗൾ സമ്രജ്യത്തിൻ്റെ തലസ്ഥാനം ഡൽഹി ആക്കുന്നതുവരെ ആഗ്രയായിരുന്നു തലസ്ഥാന നഗരിയും മുഗൾ രാജ വംശത്തിൻ്റെ പ്രധാന വസതിയും എന്നൊക്കെ പണ്ടേ വായിക്കുകയും പഠിക്കുകയും ചെയ്തതാണ്.

അങ്ങനെ എൻ്റെ യാത്രാ പദ്ധതികൾക്ക് വിരുദ്ധമായി ആദ്യ സ്ഥലം തന്നെ എന്നെ വഴി നടത്തുന്ന അദൃശ്യകരങ്ങളാൽ മാറ്റി വരയ്ക്കപ്പെട്ട് ഞാൻ ആഗ്ര കോട്ടയ്ക്ക് മുന്നിലെത്തി. പ്രൗഢഗംഭീരമായ ചുവന്ന കല്ലിൽ തീർത്ത കൂറ്റൻ മതിൽ കെട്ട്. ഒരു കോട്ട എന്ന് മനസ്സിൽ കേൾക്കുന്ന മാത്രയിൽ മനസ്സിൽ തെളിയുന്ന ഒരു ചിത്രത്തോട് നൂറു ശതമാനം കൂറു പുലർത്തുന്ന രൂപ ഭംഗി. ആദ്യ കാഴ്ച്ചയിൽ എനിക്കതിനെ ക്രിസ്തുമസ് പുൽക്കൂട് പണിയുമ്പോൾ ഞാനുൾപ്പെടെ പലരും പണിതൊരുക്കാറുള്ള ജറുസലേം നഗരത്തിനെയും കൊട്ടാരത്തിനേയും പോലെയാണ് തോന്നിയത്.
പുറമെ നിന്ന് ഒന്ന് ചുറ്റുപാടും വീക്ഷിച്ച ശേഷം ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നടന്നു. അതിനടുത്തായി വലിയ ഒരു ബാനർ വേൾഡ് ഹെറിറ്റേജ് വീക്കിൻ്റെ ഭാഗമായി പ്രവേശനം ആ ആഴ്ചയിൽ സൗജന്യമാണ് എന്നായിരുന്നു അത് .സന്തോഷമായെങ്കിലും ഒരു ഉറപ്പു വരുത്താനായി ഞാൻ കൗണ്ടറിൽ ചെന്നു. അങ്ങനെ തന്നെയാണ് എന്ന് ഉറപ്പു വരുത്തി. സാധാരണ ഇന്ത്യക്കാർക്ക് 35 രൂപയും വിദേശികൾക്ക് 550 രൂപയുമാണ് പ്രവേശന ഫീസ്. 15 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യവുമാണെന്ന് അവിടെ നിന്ന് മനസ്സിലാക്കി.

പ്രവേശന കവാടത്തിനടുത്തു നിന്ന് ചിത്രങ്ങൾ പകർത്തി നിൽക്കവെയാണ് രണ്ട് തത്തകൾ പാറി നടക്കുന്നത് ശ്രദ്ധയിൽ പെട്ടത് . അവ ഒരുമിച്ച് പറന്ന് എൻ്റെ മുന്നിൽ എത്തുകയും പൊടുന്നനെ കോട്ടയുടെ മതിൽ കെട്ടിൽ എവിടെയോ ഒളിക്കുകയും ചെയ്തു. വീണ്ടും അവർ എൻ്റെ തലയ്ക്കു മുകളിൽ ചിറകടിച്ച് പറന്നു . പലയാവർത്തി ഇത് തുടർന്നു .എന്നെ ആകാർഷിക്കാനെന്നവണ്ണം അവ ഇത് തുടർന്നു കൊണ്ടിരുന്നു. ചുവന്ന തുടുത്ത ചുണ്ടുകളും ആകർഷണീയമായ പച്ച തൂവലുകളുമായി ആ ഇണക്കിളികൾ എന്തോ പറയാൻ ഒരുങ്ങുന്ന പോലെ എനിക്ക് തോന്നി….
(തുടരും)