കഥ-ചട്ടമ്പി

വനജ വാസുദേവ്
”ചിറ്റ ഇനി വരുമ്പോള്‍ സ്കൂളിലേക്ക് ഒന്ന് വരുവോ?”
പതിവില്ലാതെ അന്നയുടെ(ചേച്ചീടെ മകള്‍ ) വിളി എത്തി. എന്തോ മുട്ടന്‍ പണി വരുന്നുണ്ട്. കട്ടായം

‘ഞാനോ? എന്തിന് ?’
‘അടിച്ച് പിടലി കറക്കുമെന്ന് പറഞ്ഞു.”

ആഹ്..അടിപിടി കേസാണ്. അവളുടെ റേഞ്ച് വച്ച് ഇതൊക്കെ സ്വാഭാവികം. ഏതോ ഒരു ഹതഭാഗ്യന് കാര്യമായി എന്തോ കൊടുത്തിട്ടുള്ള നില്‍പ്പാണ്.
”ഏതാവനാണ് ആ ഡയലോഗ് അടിച്ചത് ?”
ഒട്ടും പാകമാകാത്ത രക്ഷകര്‍ത്താവിന്റെ കുപ്പായം ഞാന്‍ എടുത്തിട്ടു.

”പിടലി കറക്കുമെന്ന് പറഞ്ഞത് സാറാണ്..”
‘ങേ? ആരാണെന്ന്..’
”പിടലി കറക്കുമെന്ന് പറഞ്ഞത് ഡാന്‍സ് സാറാണെന്ന്..”

അങ്ങനെ വരാന്‍ വഴിയില്ലല്ലേൊ..ഈ ഡയലോഗ് ലിവള്‍ പലരോടും കീച്ചി കാണും. പക്ഷേ ആദ്യമായിട്ടാണ് ബൂമറാംങ് പോലെ തിരിച്ച് കിട്ടുന്നത്..
‘നിന്റെ കയ്യിലിരിപ്പ് ഇത് പറഞ്ഞില്ലേലേ അത്ഭുള്ളമുള്ളൂ. അല്ല ഞാനെന്തിനാ നിന്റെ സ്കൂളില്‍ വരുന്നത്?”
‘ചിറ്റ HM നെ കണ്ടൊന്ന് സംസാരിക്കണം.”
കര്‍ത്താവേ !!ഈ കുരുപ്പ് എന്നെ കൂട്ട് പ്രതി ആക്കാനുള്ള തയ്യാറെടുപ്പാണ്. ഒറ്റക്കാലില്‍ തുള്ളുന്ന കോമരം കണക്ക് അവള്‍ തുള്ളുന്നത് കണ്ടപ്പോള്‍ സംഗതി കൈവിട്ട കളിയാന്ന് മനസ്സിലായി. ചേച്ചിയാണ് മൊത്തം കഥയും പറഞ്ഞ് തന്നത്..

സ്കൂളില്‍ ഓട്ടം, ചാട്ടം, ഡാന്‍സ്, ശാസ്തമേള ഇവയിലൊക്കെ പുള്ളിക്കാരി ആക്ടീവാണ്. ഇവയിലെല്ലാം ചേരും. സമ്മാനം വാങ്ങുകയും ചെയ്യും. (സ്കൂളിന് മുന്നിലൂടെ വല്ല ജാഥയും പോയാല്‍ വേണേല്‍ അതിന്റെ കൂടെയും അവള്‍ പോയീ ചേരുമെന്ന് തമാശയായി ചേച്ചി പറയാറുണ്ട്.). കഴിഞ്ഞ കൊല്ലം ഡാന്‍സ് ടീച്ചര്‍ ആയിരുന്നു . അതൊരൂ പാവം ടീച്ചറായിരുന്നു. പക്ഷേ ഇക്കൊല്ലം വന്നത് ഒരു സാറായിരുന്നു. പിള്ളേരുടെ ഒരു ഹുഡായിപ്പും അവിടെ നടക്കില്ല. സ്റ്റെപ്പ് വല്ലോം തെറ്റിയാല്‍ വടി കൊണ്ട് തല്ലി കൊടുത്ത് ശരിയാക്കിച്ചിട്ടേ ആ ടെറിറ്ററിയില്‍ നിന്ന് പുറത്തേക്ക് മൂപ്പരിറക്കൂ. എന്റെ അനുഭവം വച്ച് ലോകത്തില്‍ അന്നയ്ക്ക് പേടി രണ്ട് പേരേയാണ്. ഒന്ന് ട്യൂഷന്‍ ക്ളാസ്സിലെ കണക്ക് സാറിനെ, രണ്ട് ഈ ഡാന്‍സ് സാറിനെ…

കഴിഞ്ഞ ആഴ്ച സ്കൂളില്‍ ഗ്രൂപ്പ് ഡാന്‍സിന് റിഹേഴ്സല്‍ എടുത്ത് കൊണ്ടിരുന്നപ്പോള്‍ H.M അത് വഴി വന്നു. ചുമ്മാതെ ഇവളെ ഒന്ന് ചൂട് കേറ്റാന്‍ പുള്ളിക്കാരി ‘ഓടിച്ചാടി ഡാന്‍സ് കളിക്ക് അന്നപൂര്‍ണ്ണേ…” എന്ന് ടീച്ചര്‍ പറഞ്ഞു. ഇത് കേള്‍ക്കേണ്ട താമസം ഡാന്‍സ് ടീച്ചര്‍ അവള്‍ക്ക് രണ്ട് കുഞ്ഞടി വച്ച് കൊടുത്തു..

അടി പൊട്ടി..
കൊച്ചിന്റെ ഈഗോ ലഡുക്കള്‍ ടണ്‍ കണക്കിന് പൊട്ടി..
H.M നോടുള്ള ദേഷ്യം അണ പൊട്ടി..
ആള്‍ക്കൂട്ടത്തില്‍ തല്ല് വാങ്ങിയതിനാല്‍ ഉള്ളില്‍ സങ്കടങ്ങളും പൊട്ടി.

സംഭവം ഇവള്‍ ക്ളാസ്സിലെ പഠിക്കുന്ന കുട്ടിയും, പിന്നെ എല്ലാം അലുകുലുത്തിനും നില്‍ക്കുന്നതും ഒക്കെ ആയോണ്ട് അന്നയെ വല്യ കാര്യമാണ് HM ന്. അവരാ സ്വാതന്ത്യം വച്ച് ചുമ്മാ പറഞ്ഞതാണ്. ആവേശം കേറി സാര്‍ രണ്ട് കുഞ്ഞടി കൊടുത്തു. ഇത്രയും ഉള്ളൂ കാര്യം..

പക്ഷേ കൊച്ചിന് മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് തന്നെ മാത്രം അടിച്ചതിന് ഭയങ്കരമായ ഫീല്‍ ആയി പോയി. ആ സങ്കടമാണ് എന്നോട് പറയുന്നത്. എനിക്കവളുടെ സംസാരം കേട്ട് ചിരി പൊട്ടി. ചിരിക്കാന്‍ പറ്റില്ലല്ലോ. അത് അവള്‍ക്ക് കൂടുതല്‍ വിഷമം ആവും.
”പോട്ടെ സാരമില്ല ..” ഞാനവളെ ആശ്വസിപ്പിച്ചു.
‘ആര്‍ക്ക് സാരമില്ല എന്ന്…ചിറ്റയ്ക്ക് സാരമില്ലായിരിക്കും. എനിക്ക് സാരമുണ്ട്.” കൊച്ച് പൊരുന്ന കോഴീടെ കൂട്ട് വിരിഞ്ഞ് നില്‍പ്പാണ്..
‘HM ന് അങ്ങോട്ട് വരണ്ട കാര്യം എന്താണ് ? ഞാന്‍ തെറ്റിച്ചൊന്നുമല്ല കളിച്ചത് പിന്നെന്തിനാണ് എന്നെ മാത്രം പറഞ്ഞത്? സ്റ്റെപ്പ് തെറ്റിക്കാത്ത എന്നെ എന്തിനാണ് അടിച്ചത്? അതും രണ്ടടി..എന്നെക്കാള്‍ മോശമായി കളിക്കുന്ന പിള്ളാരെ എന്താ സാര്‍ അടിക്കാത്തത് ? etc..etc…
ഈശ്വരാ….പ്രീഡിഗ്രിക്ക് ലാബില്‍ നിന്നല്ലാതെ പിന്നെ ഇത്രയും വൈവ ക്വസ്റ്റ്യന്‍സ് ഒന്നിച്ച് കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. എന്ത് പറയും. ആരുടെ സൈഡ് നില്‍ക്കും..
‘ഈ സാറാണെങ്കില്‍ അടുത്ത വര്‍ഷം ഞാന്‍ ഡാന്‍സ് ക്ളാസ്സില്‍ ഇരിക്കില്ല..”അടുത്ത പ്രഖ്യാപനവും വന്നു…

മുന്‍കാല അനുഭവം വച്ച് അവള്‍ അങ്ങനെ തന്നെ ചെയ്യും. നന്നായി വരയ്ക്കും അന്ന. അങ്ങനെ രണ്ട് കൊല്ലം മുന്‍പ് ഡ്രോയിംഗ് പഠിപ്പിക്കാന്‍ ഒരു മാഷിന്റെ വീട്ടില്‍ വിട്ടു. ആ ബാച്ചില്‍ ഇവളായിരുന്നു ഏറ്റവും ചെറുത്. മാമ്പഴവും, മുന്തിരി കുല ഇതൊക്കെയാ ആദ്യം വരപ്പിച്ചത്. അവള്‍ക്കതിലൊന്നും interest ഇല്ല. ചെന്ന് രണ്ടാമത്തെ ആഴ്ച തന്നെ പെന്‍സില്‍ വച്ചല്ല, എന്നെ ബ്രഷ് ഉപയോഗിച്ച് വരയ്ക്കാന്‍ പഠിപ്പിക്കണമെന്നായി അന്ന. അത് പറ്റില്ല, മുന്തിരി മാമ്പഴത്തില്‍ നിന്ന് തുടങ്ങാമെന്ന് സാര്‍..ഞാന്‍ പഠിച്ചിട്ട് മുന്തിരിയും, ആപ്പിളുമൊന്നുമല്ല വരയ്ക്കാന്‍ പോകുന്നത്. ബ്രഷ് വച്ച് വാട്ടര്‍ കളറില്‍ വരയ്ക്കാന്‍ പഠിപ്പിക്ക് മാഷേന്ന് അവള്‍. ഞാന്‍ പറയുന്നത് അനുസരിച്ചാലേ ക്ളാസ്സിലിരിക്കാന്‍ പാടുള്ളൂന്ന് മാഷ്..എന്നാ പിന്നെ അങ്ങനെ ആവട്ടേന്ന് ബുക്കും മടക്കി അന്നയിറങ്ങി. പിന്നാ മാഷിന്റെ അടുത്ത് പോയില്ല. രണ്ടാഴ്ച കൂടി പോയിരുന്നേല്‍ മാഷ് അവളെ ഗെറ്റൗട്ട് അടിച്ചേനേ. സ്വയം വിരമിക്കല്‍ ആയോണ് ആ നാണക്കേട് ഒഴിവായി. ഇതേപോലെ അടുത്തൊരു ചേച്ചീടെ അടുത്ത് ഡാന്‍സ് ക്ളാസ്സില്‍ വിട്ട്. തൊട്ടപ്പുറത്ത് നിന്ന കുട്ടി സ്റ്റെപ്പ് എടുത്ത് കളിച്ച് അറിയാതെ അവളുടെ കാലില്‍ ചവിട്ടി. അവളുടെ ഇരട്ടി സൈസ് ഉള്ള കുട്ടിയായിരുന്നു. അന്നയ്ക്ക് നല്ല ചവിട്ടാണ് കിട്ടിയത്. നൊന്തു. അന്ന് തന്നെ ഡാന്‍സ് ക്ളാസ്സില്‍ നിന്നും സ്വയം വിരമിച്ചു.

ഒരുവിധം അന്നയെ സമാധാനിപ്പിച്ച് വിട്ടിട്ടുണ്ട്. എങ്കിലും അടി കിട്ടിയത് അവളുടെ മനസ്സില്‍ തിണര്‍ത്ത് കിടപ്പുണ്ട്. കുട്ടികളാണെലും അവര്‍ക്കും അഭിമാനമുണ്ട്. മനസ്സ് നന്നായി വേദനിക്കും..കഴിഞ്ഞ ആഴ്ച പഴയ മുറം തപ്പി അമ്മയുടെ അടുത്ത് ചെന്നിരുന്നു. ആദിവാസി നിര്‍ത്തതിനാണത്രേ. കൈലി മുണ്ട്, തോര്‍ത്ത് എല്ലാം കൂടെ പൊതിഞ്ഞെടുത്തിട്ടുണ്ട്.

ഇന്നലെ ചേച്ചി വിളിച്ചപ്പോള്‍ പറഞ്ഞു ഡാന്‍സ് കൂടാതെ നാടകത്തിനും ഇപ്രാവശ്യം ചേര്‍ന്നിട്ടുണ്ട്. പൂരാ റിഹേഴ്സലും, ഡയലോഗ് പഠിത്തവും ഒക്കെയാണെന്ന്..

കര്‍ത്താവേ …ആ സ്റ്റേജിന്റെ തട്ടേല്‍ അന്നേ ദിവസം അവളിനി ആരെയൊക്കെ ബാക്കി വയ്ക്കുമെന്നാര്‍ക്കറിയാം..