കൊറോണക്കാലത്തെ വീട്

കനു ഗീത

ഞാനൊഴികെ ഭൂമിയിലെല്ലാവർക്കും നല്ല ജീവിതമാണെന്ന് ധരിച്ചു നിരാശയെ പലവഴിക്ക് വണ്ടികേറ്റി വിട്ട് ജീവിച്ചിരുന്ന കാലത്താണ് കൊറോണയെത്തിയത്. എന്തു കൊറോണ (കോവിഡ്- 19 )? ചൈനയിലെ വുഹാനിൽ എലിയെത്തിന്നുന്ന മനുഷ്യർക്ക് വന്ന എന്തോ ഒരു അസുഖം അങ്ങനെയാണ് ആദ്യമെല്ലാരും പറഞ്ഞത്. സചിത്രവിവരണങ്ങൾ (വിഡ്ഢിത്തങ്ങൾ) വാട്ട്സ്ആപ്പ്ലും വന്നു.

പതിയെ പതിയെ കൊറോണയുടെ സ്വഭാവം മാറി. മനുഷ്യരൊക്കെ പരക്കം പായാൻ തുടങ്ങി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അശ്രദ്ധയുടെ പ്രതിഫലം കിട്ടാൻ തുടങ്ങി. കേരളത്തിലും കൊറോണയെത്തി. നിപ്പയെ അടിച്ചൊതുക്കി പെട്ടിയിലാക്കിയ ശൈലജ ടീച്ചറും ആരോഗ്യ വകുപ്പും അരയും തലയും മുറുക്കി രംഗത്തിറങ്ങി. കൊറോണ പാവാടാ ഇത്രക്കൊക്കെ വേണോന്ന് തത്പരകക്ഷികൾക്ക് സംശയം തോന്നിത്തുടങ്ങി, പ്രഹസനമാണെന്ന് പരസ്യം ചെയ്തു. ശാരീരികഅകലം പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചപ്പോൾ ചിലരെങ്കിലും മാനസിക അകലവും കാണിക്കാൻ തുടങ്ങി. അപ്പോഴും ഇതൊന്നും എന്നെ ബാധിക്കാൻ പോകുന്നില്ലെന്ന തോന്നലിൽ ആയിരുന്നു ഞാനും.

ചൈന അതിർത്തികൾ അടച്ചു, വിമാന സർവ്വീസുകൾ നിർത്തി. പല രാജ്യങ്ങളും എന്നെപ്പോലെ ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന തോന്നലുമായി മയക്കത്തിലാണ്ടു. പതിയെപ്പതിയെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന എൻ്റെ ചെറിയ ലോകത്തെയോർത്ത് ഞാൻ കുറച്ചൊക്കെ ആശങ്കാകുലയായി.
അമ്മാവൻ കാൻസർ ബാധിതനാണ്. എന്തെങ്കിലും സംഭവിച്ചു പോയാലോയെന്ന് വ്യാകുലപ്പെട്ടു. മകൻ ഹരിയാനയിലാണ് പഠിക്കുന്നത്; അതിർത്തികൾ അടച്ചാൽ അവിടെപ്പെട്ടു പോകും. അമ്മക്ക് കൂട്ടിനാരുമില്ല. രണ്ടു സഹോദരങ്ങൾ സകുടുംബം രണ്ടു ദിക്കിലാണ്. മൂന്നാമത്തേത് ലോക്കൽ പ്രവാസി ( ഔദ്യോഗികം). പാതി പിരിക്കപ്പെട്ടതിനാൽ അത് ഒരാധിയായി അവശേഷിച്ചില്ല. അങ്ങനെ ഒരു വെള്ളിയാഴ്ച ( മാർച്ച് 13 ) മകൻ വിളിക്കുകയാണ് കോളേജൊക്കെ പൂട്ടി എല്ലാരും വീട്ടിൽ പോവുകയാണ്. ഒരു നിമിഷത്തേക്കെങ്കിലും തോന്നാതിരുന്നില്ല; അവനവിടെ നിക്കട്ടെ കൊറോണയൊക്കെ വേഗം പരിഹരിക്കപ്പെടും എന്ന്. മെസ്സും ഹോസ്റ്റലുമൊക്കെ പൂട്ടിയാൽ പിന്നെ എവിടെ നിക്കാനാണ്. അന്നേയ്ക്കന്ന് ഇരട്ടിയോ അതിലധികമോ കൊടുത്ത് ടിക്കറ്റെടുത്ത് നാട്ടിലേക്ക് പറഞ്ഞയച്ചു. 14 ദിവസം വീട്ടിലിരിക്കാനും നിർദ്ദേശിച്ചു. സുഖമില്ലാത്ത അമ്മാവനെ ഒന്നു കാണാൻ പോലും അവന് പോകാനായില്ല. അമ്മാമ്മയ്ക്കും 3 പേരക്കുട്ടികൾക്കും സന്തോഷകരമായ ഒരവധിക്കാലം ആരംഭിച്ചു.

ആൺകുട്ടികളും പാചക പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. മനുഷ്യരോടൊക്കെ സാമുഹിക അകലം പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു. ആരെങ്കിലും നിർദ്ദേശങ്ങൾ തെറ്റിക്കുന്നുണ്ടോയെന്നു നോക്കാൻ നിരത്തിലിറങ്ങിയവരെ കേരള പോലീസ് തലോടാൻ തുടങ്ങി. പതിവുപോലെ ട്രോളമാർക്ക് ചാകര. ദിവസങ്ങൾ കടന്നു പോയി, ഞങ്ങളുടെ എല്ലാം സ്നേഹ നിധിയായ അമ്മാവൻ (അമ്മയുടെ ഏറ്റവും ഇളയ സഹോദരൻ ) 24.03.20 ന് ഞങ്ങളെ വിട്ടു പോയി. അന്നാണ് ഇന്ത്യയിൽ സമ്പൂർണ്ണ ലോക് ഡൗൺ മോദി ജീ പ്രഖ്യാപിച്ചത്. സ്വന്തം കൂടപ്പിറപ്പിനെ അവസാനമായി ഒരു നോക്കു കാണാൻ പോലും പോകാതെ അമ്മ സ്വന്തം സാമൂഹിക ഉത്തരവാദിത്തം നിറവേറ്റി. യാത്ര ചെയ്തു വന്ന രണ്ടു കുട്ടികൾ വീട്ടിൽ ഉള്ളതല്ലേ , നാട് മുഴുവൻ കൊറോണയെ തുരത്താൻ പാട് പെടുമ്പോൾ നമ്മളും പ്രതിജ്ഞാബദ്ധരല്ലേ. എങ്കിലും ആ വിഷമം ഒന്നാശ്വസിപ്പിക്കാൻ പോലും കൂടെയില്ലാതെ ഇവിടെയിരുന്ന് കേട്ടതിൻ്റെ സങ്കടം ഇപ്പോഴുമുണ്ട്.
ഇനിയാണ് ട്വിസ്റ്റ് …

ആരോഗ്യ വകുപ്പിൽ നിന്നും ചേച്ചിക്ക് ഒരു കാൾ വന്നു. വീട്ടിൽ അമേരിക്കയിൽ നിന്നും ഒരാൾ മരണത്തിന് സംബന്ധിക്കാൻ വന്നിട്ട് റിപ്പോർട്ട് ചെയ്യാതെ കടന്നു കളഞ്ഞെന്ന്. അറിയിച്ചതാരാണെന്ന് അറിയില്ല. എങ്കിലും മനപൂർവ്വം ആയിരുന്നുവെന്ന് മനസിലാക്കാം. കാരണം മാർച്ച്24 ന് ശേഷം ഏത് ഗതാഗത മാർഗ്ഗത്തിലാണ് നാട്ടിൽ വരാനും പോകാനും കഴിയുന്നത്. അമ്മക്ക് പോലും പോകാൻ കഴിയാത്ത മരണത്തിനാണോ അമ്മയുടെ മകൻ വന്നിട്ട് കടന്നു കളയുന്നത്. ജാഗ്രതയും ഉത്തരവാദിത്തവുമൊക്കെ നന്ന് പക്ഷെ വെറും ആളുകളിക്കലും ആളെ ബുദ്ധിമുട്ടിക്കലും മാത്രമാവരുത്. പുറത്തിറങ്ങാതെ 4 മനുഷ്യർ ജീവിക്കുന്ന വീട്ടിൽ ആരെങ്കിലും എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോന്നറിയാൻ കാവൽ കിടക്കുന്ന മഹാന്മാർക്ക് ഫോൺ കോളിലൂടെ കൊറോണ പകരില്ലെന്ന് അറിയില്ലെന്ന് തോന്നുന്നു. എങ്കിലും അഭിമാനമേയുള്ളൂ എൻ്റെ കേരളത്തെയോർത്ത്. ബോധമുള്ള കുറേ മനുഷ്യരും അവിടെയുണ്ടല്ലോ .

ഇനി ഇവിടത്തെക്കഥ…..
ഇറ്റലിയിൽ നിന്നും യാത്ര കഴിഞ്ഞ് വന്ന മാതാപിതാക്കളുടെ മക്കൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.മാർച്ച് 5 മുതൽ സ്കൂളുകൾ താത്കാലികമായി പൂട്ടി. പരീക്ഷകൾ മാറ്റിവച്ചു.
23.03.20 വ്യാഴാഴ്ച യു എ ഇ യിലും ലോക് ഡൗൺ പ്രഖ്യാപിച്ചു. അത്യാവശ്യ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാൻ മനുഷ്യർ പരക്കം പാഞ്ഞു. അധികൃതർ ആശങ്ക വേണ്ട അവശ്യസാധനങ്ങൾ ലഭ്യമാകുമെന്ന് അറിയിച്ചുവെങ്കിലും ഞാനുൾപ്പെടെ മലയാളികളും മറ്റുള്ളവരും ഒക്കെ അത്യാവശ്യം സാധങ്ങൾ ഒക്കെ സ്റ്റോക്ക് ചെയ്തു സമാധാനിച്ചു. അരിയും പയറും ( അതു വിട്ടു നമുക്കൊരു കളിയില്ലല്ലോ ) ഗോതമ്പ് പൊടിയും എണ്ണയും ഉപ്പും മുളകുമൊക്കെ സ്റ്റോക്കാക്കി. ആശങ്കകളെ അച്ചാറിട്ട് ദിവസങ്ങൾക്കൊപ്പം കഴിച്ചു.

ഫേസ്ബുക്കും യൂടൂബുമൊക്കെ മനുഷ്യരെ ആശങ്കകൾ കുറക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു . പയറും കടുകും ഉലുവയും മുതിരയും കടലയുമൊക്കെ മൈക്രോ ഗ്രീൻസാക്കി പാചകപരീക്ഷണങ്ങൾ കൊടുമ്പിരിക്കൊണ്ടു. മുട്ടയും ഇതുപോലെ വിരിയിച്ച് കോഴിയുമുണ്ടാക്കാമെന്ന് മകൻ്റെ കമൻ്റ്. ഫ്‌ളാറ്റിൽ വളരുന്ന കോഴിക്കുഞ്ഞുങ്ങളെയോർത്ത് എനിക്ക് ചിരി പൊട്ടി. ഏറ്റവും സമാധാനം തോന്നിയത് സ്വയം പ്രതിസന്ധിയിലായിരിക്കുമ്പോഴും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുതെന്നു പറഞ്ഞ മനുഷ്യരെ കണ്ടപ്പോഴാണ്, നമുക്കു ചുറ്റും നല്ല മനുഷ്യർ ഇപ്പോഴുമുണ്ടെന്നു മനസ്സിലായി. ഇതിനിടക്ക് കൊറോണ വീണ്ടും ജനിതകമാറ്റം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചൈനയിൽ നിയന്ത്രണ വിധേയമാക്കിയ കോവിഡ്- 19 രണ്ടാമതും ആരംഭിച്ചു. അമേരിക്കയും ബ്രിട്ടനുമൊക്കെ വൈറസിനെ നേരിടാൻ ആയുധങ്ങൾ പോരെന്നു മനസ്സിലാക്കി. ഇറ്റലി മറ്റൊരു കുരുക്ഷേത്ര ഭൂമിയായി. മരണങ്ങൾ നിറഞ്ഞാടി. സ്ഥിതിഗതികൾ എപ്പോൾ നിയന്ത്രണ വിധേയമാകുമെന്നോ ഉറ്റവരെ എപ്പോ കാണാനാകുമെന്നോ ഒരുറപ്പുമില്ല.

എങ്കിലും ഇതും കടന്നു പോകും നമ്മിലാരൊക്കെയോ അവശേഷിക്കും ,അവശേഷിക്കുന്നവർ അതിജീവിക്കും. അങ്ങനെ ഞാൻ മാത്രം പ്രതിസന്ധിയിലായിരുന്ന കാലം (ലോകം ) മനുഷ്യരെല്ലാം പ്രതിസന്ധിയിലായ കാല (ലോക)മായി മാറി.