അമേരിക്കയിൽ മലയാളിയാണ് താരം;റസിഡന്റ് ഏരിയ മുഴുവൻ കോവിഡ് മുക്തമാക്കി തിരുവനന്തപുരം സ്വദേശി

തുര സേവന രംഗത്ത് മലയാളി നഴ്‌സുമാർ ചെയ്തുവരുന്ന സേവനം ലോകം മുഴുവൻ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് . മലയാളി നേഴ്സാണ് പരിചരിക്കുന്നതറിഞ്ഞാൽ തങ്ങളുടെ ജീവനും ജീവിതവും ഭദ്രമാണ് എന്ന ആശ്വാസം ഓരോ രോഗിയും അനുഭവിക്കുന്നുണ്ട്. സ്വജീവൻ ബലികഴിച്ചു മഹാമാരിക്കെതിരെ പോരാടിയ സിസ്റ്റർ ലിനിയെ പോലെയുള്ള ഒട്ടനവധി പേർ നമ്മുക്ക് മുന്പിലുണ്ട്.അമേരിക്കയിൽ കോവ്ഡ് 19 രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി ഒരു റസിഡന്റ് ഏരിയ മുഴുവൻ കോവിഡ് മുക്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം പേയാട് സ്വദേശി അഖിൽ വിജയ്. പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കോവിഡ് 19 പിടിപെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന അഖിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമാണ്.

അമേരിക്കയെ കോവിഡ് 19 ശവപ്പറമ്പായി മാറ്റികൊണ്ടിരുന്ന സമയത്താണ് അഖിലിന്റെ സ്ഥാപനവും മഹാമാരിയെ നേരിടാൻ സന്നദ്ധമാവുന്നത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അമേരിക്കയിലെ മിഷിഗനിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി.റിപ്പോർട് ചെയ്യപ്പെട്ട 35 കേസുകളിൽ 32 പേർ കോവിഡ് മുക്തരായി.ഹൃദ് രോഗം പോലെയുള്ള ഗുരുതര രോഗം പിടിപെട്ട മൂന്നുപേർ മരണത്തിനു കീഴടങ്ങി.അഖിലിന്റെ നേതൃത്വത്തിൽ ഉള്ള നൂറ്റി ഇരുപത്തിയഞ്ചോളം വരുന്ന വരുന്ന നഴ്‌സിംഗ് ടീമാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്തത്. കൈവിട്ടു പോകുമായിരുന്ന ഒരു സാഹചര്യം അഖിലും ടീമും സധൈര്യം നേരിടുകയായിരുന്നു.ആരോഗ്യപ്രവർത്തങ്ങളിൽ കാണിച്ച ശ്രദ്ധയാണ് ഇങ്ങനൊരു നേട്ടം കൈവരിച്ചതെന്ന് അഖിൽ പറയുന്നു. ഗവൺമെൻറ്റ് നൽകിയ നിർദേശങ്ങൾ പാലിച്ച് കർശനമായ നിയന്ത്രണങ്ങൾ ഏർപെടുത്തിയാണ് നഴ്സിംഗ് ഹോമിൽ ആരോഗ്യപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്, ഈ നേട്ടത്തിന് പിന്നിലെ ഏറ്റവും വലിയ ഘടകവും അത് തന്നെയാണെന്ന് അഖിൽ പറയുന്നു.

മിഷിഗനിൽ ഇപ്പോൾ പുതിയ രോഗികളില്ല.നിരവധി പേർ നിരീക്ഷണത്തിൽ ഉണ്ടായ സാഹചര്യത്തിൽ ഇന്ന് വളരെ കുറച്ചുപേർ മാത്രമേ ഹോം ക്വാറന്റൈനിൽ ഉള്ളു. ആരോഗ്യരംഗത്ത് പുതിയ കാൽവെപ്പുകൾ നടത്തുകയാണ് ഈ മലയാളി നഴ്സ്. ഗവൺമെന്റിന്റെ പുതിയ കേസുകൾ മിഷിഗനിനു പുറത്തുനിന്നും നഴ്സിംഗ് ഹോമിലേക്ക് സ്വീകരിക്കുകയാണ് അഖിലും ടീമും.

നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ ആവുന്ന അപൂർവം മലയാളികളിൽ ഒരാൾ

ചുരുങ്ങിയ നാളുകൾ കൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മിഷിഗനിലെ കൊച്ചു മാലാഖയാവുകയാണ് ഈ ചെറുപ്പക്കാരൻ. അൻപതോളം സംസ്ഥാനങ്ങൾ ഉള്ള അമേരിക്കയിൽ, ചിലയിടങ്ങളിൽ ഇന്ത്യക്കാർ നഴ്സിംഗ് അഡ്മിനിസ്ട്രേറ്ററായിട്ടുണ്ട്. പക്ഷെ ഒരു മലയാളി നഴ്‌സ്‌ അഡ്മിനിസ്ട്രേറ്ററായി മാറുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.അതും ചെറു പ്രായത്തിൽ.ഇരുപത്തിയൊമ്പതാം വയസ്സിൽ.

പ്രതിരോധ പ്രവർത്തനങ്ങളിൽ ചെയ്ത നടപടികൾ

നഴ്സിംഗ് ഹോമിൽ പ്രത്യേകം വാർഡ് ക്രമീകരിച്ചു. റഗുലർ പോപ്പുലേഷനിൽ നിന്നും ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കുക എന്നതായിരുന്നു പ്രധാന പ്രവർത്തനം.സർക്കാർ നിർദ്ദേശിച്ച ഇൻഫെക്ഷൻ കൺട്രോൾ മെഷേഴ്സ് നിർദ്ദേശങ്ങൾ, സി. ഡി. സി ഗൈഡ് ലൈൻസ്, (സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ) സ്റ്റേറ്റ് റൂൾസ് ആൻഡ് റെഗുലേഷൻസ് തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ഒരു മാസത്തോളം അഖിലിന്റെ താമസം നഴ്സിംഗ് ഹോമിലായിരുന്നു. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം. ഒരോ ദിവസവും നഴ്സിംഗ് ഹോമിലേക്ക് കടന്നുവരുന്ന മലയാളി നഴ്സുമാർ ഉൾപ്പടെ ഉള്ളവർ ചിരിച്ചുകൊണ്ടാണ് കടന്നു വന്നത്. അവരുടെ ആത്മാർത്ഥതയും കഠിനാധ്വാനവുമാണ് നേട്ടത്തിന് പിന്നിലെ ഏറ്റവും വലിയ ഘടകമെന്നും, മലയാളി എന്ന നിലയിൽ ദൈവാനുഗ്രഹമാണ് ഇവരെ മുന്നിൽ നിന്ന് നയിക്കാൻ കാരണമായതെന്ന് അഖിൽ പറയുന്നു.

പുതുതായി സർക്കാർ നിർദ്ദേശ പ്രകാരം വരുന്ന കേസുകൾ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി കെയർ ടേക്കർമാരുടെ പരിചരണം നൽകി സ്റ്റെപ്പ് ഡൗൺ വാർഡിലേക്ക് മാറ്റുന്നതാണ് പുതിയ രീതി. അമേരിക്കയിൽ ഒരു നഴ്സിംഗ് ഹോമിൽ കേസുകൾ റിപ്പോർട്ട് ചെയ്‌താൽ അതിവേഗം മറ്റുള്ള രോഗികളിലേക്ക് പടർന്നു പിടിക്കുന്നതായിരുന്നു സാഹചര്യം. സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഏറ്റവും വലിയ കരണങ്ങളിലൊന്നും ഇതു തന്നെ. ഈ സാഹചര്യത്തിലാണ് മറ്റുള്ളവരിലേക്ക് രോഗം പടരാതെ എങ്ങനെ പ്രതിരോധം തീർക്കാം എന്ന് അഖിൽ രാജ്യത്തിന് തന്നെ മാതൃക കാട്ടുന്നത്.

കോവിഡ് പോസ്റ്റിവായിട്ടും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവം

മാർച്ച് ഏഴിനാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കോവിഡ് 19 ലക്ഷണങ്ങളോടെ അഖിൽ വിജയ് ഹോം ഐസൊലേഷനിൽ പ്രവേശിക്കുന്നത്. നാട്ടിലുള്ള അച്ഛനോടും അമ്മയോടും വിവരം പറഞ്ഞില്ല. 7 ആം തീയതി കോവിഡ് പോസ്റ്റിവ് ആയി റിസൾട്ട് വന്നു. ധീരനായ ഈ ചെറുപ്പക്കാരൻ അവിടെയും പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ല. മരണത്തെ മുന്നിൽ കാണുമ്പോഴും വീഡിയോ കോൺഫെറെൻസിങ് വഴിയും മറ്റും കാര്യങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ കോവിഡ് 19 പ്രവർത്തനങ്ങളിൽ പകച്ചു നിൽക്കുമ്പോൾ ധീരമായി പോരാടുകയാണ് അഖിലിന്റെ നേതൃത്വത്തിലുള്ളവർ.ആരോഗ്യ പ്രവർത്തകരിൽ മിക്കവരും രോഗഭീതി കാരണം പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുമ്പോൾ അമേരിക്കയിൽ അഖിലും ടീമും സധൈര്യം മുൻപോട്ടാണ്.

കോവിഡ് മുക്തി നേടി തിരികെ ജീവിതത്തിലേക്ക് വന്നപ്പോൾ മാത്രമാണ് അഖിലിന്റെ കുടുംബം രോഗ വിവരം അറിഞ്ഞത്. എല്ലാ പ്രാർത്ഥനകളും നിന്റെയൊപ്പം ഉണ്ട് എന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി. 2017 ലാണ് അഖിൽ വിജയ് അമേരിക്കയിൽ എത്തുന്നത്. കുറഞ്ഞ നാളുകൾ കൊണ്ട് അഡ്മിനിസ്ട്രേറ്റർ പദവിയിലെത്തി. തലശ്ശേരി കോളേജ് ഓഫ് നഴ്സിങ്ങിലാണ് ബി എസ്‌ സി നഴ്സിംഗ് പൂർത്തിയാക്കിയത്. പിന്നീട് തമിഴ്നാട് അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും അസ്സോസിയേറ്റ് ഡി ഗ്രി ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പൂർത്തിയാക്കി.

അഖിൽ വിനായക്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ