സ്ത്രീകളാണ് കേരള മോഡൽ

ജെ.എസ്‌ .അടൂർ
കേരളത്തെ മാറ്റി മറിച്ചത് നഴ്‌സുമാരും ടീച്ചറുമാരും അടിസ്ഥാനതലത്തിൽ പഞ്ചായത്തിലും കുടുംബ ശ്രീയിലുമൊക്കെ പ്രവർത്തിക്കുന്ന സ്ത്രീകളാണ്. പെണ്ണുങ്ങളാണ്. ആണുങ്ങളിൽ ഒരുപാടുപേർ എത്ര വിശകലനം നടത്തിയാലും സ്ത്രീകൾ അതിൽ കാണാത്തതു യാദൃച്ഛികമല്ല.

രോഗങ്ങളും പകർച്ച വ്യാധികളുമൊക്കെ നമ്മളെ നിരന്തരം ജീവിതത്തെകുറിച്ചു ചിന്തിപ്പിക്കും. വളരെ സീരിയസ് രോഗാവസ്ഥ വരുമ്പോൾ ശരീരം നമ്മൾ വിചാരിക്കുന്നിടത്തു നിൽക്കില്ല. ശരീരം ഷീണിക്കുമ്പോൾ മനസ്സും ക്ഷീണിക്കും. ഒറ്റക്കാകുമ്പോൾ, ഷീണിതരാകുമ്പോൾ, അവസാനം അടുത്തുവെന്ന് തോന്നുമ്പോൾ എല്ലാ മനുഷ്യരും ഏകരാണ്.

ആ സമയത്തു ലോകത്തിൽ ഏറ്റവും വലിയ കരുതലും സ്നേഹവും തരുന്നത് നേഴ്സ്മാരാണ്. അവർ ചിരിച്ചു കൊണ്ടു പറയും ” ദേർ ഈസ്‌ നതിങ് ടു വറി. യു വിൽ ബി ഫൈൻ ‘. അല്ലെങ്കിൽ ‘ ഇന്ന് ക്ഷീണം എല്ലാം മാറി ആളു മിടുക്കൻ ആയല്ലോ “. എന്ത് വിഷമം ഉണ്ടെങ്കിലും ഞങ്ങൾ അടുത്തുണ്ട്.

ലോകത്തിൽ ഏറ്റവും എമ്പതെറ്റിക് ആയ പ്രൊഫെഷൻ നഴ്സിങ് ആണ്.

രോഗം വരുമ്പോൾ ഡോക്റ്ററുടെ വാക്കുകൾ വേദ വാക്യങ്ങളാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് മരുന്ന്പോലെ പ്രധാനമാണ് ഡോക്റ്ററുടെ വായിൽ നിന്ന് വരുന്ന അത്ഭുത മന്ത്രങ്ങൾ. കാരണം വാക്കുകൾക്ക് മരുന്ന്പോലെ ചിലപ്പോൾ ശക്തിയുണ്ട്. ഡോക്റ്റർ ഒരു രോഗിയിലേക്ക് സന്നിവേശിപ്പിക്കുന്ന പോസിറ്റീവ് എനർജി, ശുഭാപ്‌തി വിശ്വാസം പലരെയും ജീവിതത്തിലെക്കു കൂട്ടി കൊണ്ടുവരും.

പക്ഷേ നഴ്‌സ്മാരുടെ പരിചരണം അനുഭവിക്കുന്നത് അതുപോലെയുള്ള രോഗ അവസ്ഥയിൽ കൂടെ പോകണം. ജീവിതത്തിൽ മൂന്നു പ്രാവശ്യം സാമാന്യം നല്ല രോഗാവസ്തയിൽ പെട്ടിടുണ്ട്. രണ്ടു പ്രാവശ്യം പെടുത്തിയത് മലേറിയയാണ്.

മലേറിയ അടിച്ചു പൂന ഇൻലാക്സ് ഹോസ്പിറ്റലിൽ പോയി സ്വയം അഡ്മിറ്റ് ആയി. അധികം ആരോടും പറഞ്ഞില്ല. പക്ഷേ അവിടെകിടന്ന ഒരാഴ്ചയിൽ ശ്രീ ദേവി എന്ന കുളനടക്കാരി നഴ്‌സ് ശരിക്ക് ശ്രീ ദേവിയായാണ് പ്രത്യക്ഷപെട്ടത്. അതു കഴിഞ്ഞ് എറണാകുളത്തു നിന്നുള്ള റൂബി. അവരും റൂബി എന്ന പേര് അന്വർത്ഥമാക്കി.

” ഓ ഇത് മൂന്നു ദിവസത്തെ കാര്യമേയുള്ളൂ ‘ എന്ന് പറഞ്ഞു പൾസ് നോക്കി. ഇടക്കിടെ വന്നു സന്തോഷം പകർന്നവർ കേരളത്തിൽ നിന്നുള്ള നേഴ്സുമാരായിരുന്നു.

ഇന്ത്യയിൽ 20ലക്ഷം രജിസ്‌ട്രേഡ് നഴ്‌സ്മാരിൽ 18 ലക്ഷവും കേരളത്തിൽ നിന്നാണ്.

സത്യത്തിൽ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ മാറ്റി മറിച്ചത് നേഴുമാരാണ്. കേരളത്തിൽ നിന്ന് അഞ്ചു ലക്ഷത്തിൽ അധികം നഴ്‌സുമാർ അമേരിക്കയിലും യൂറോപ്പിലും അതു പോലെ ഓസ്‌ട്രേലിയയിലുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം രണ്ടു ലക്ഷത്തോളം കാണും. ഇന്ത്യയിൽ എല്ലായിടത്തും കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ഉണ്ട്.

ലോകത്തു പല ഭാഗത്തും കേരളത്തിന്റെ ഏറ്റവും നല്ല അംബസൈഡർമാർ ഹീലിംഗ് ടച്ചുമായി ഏറ്റവും ആത്മാർത്ഥമായി സന്തോഷത്തോടെ ജോലി ചെയ്യുന്ന നമ്മുടെ നഴ്‌സുമാരാണ്. ഇന്ന് ലോകത്തിലെ പല രാജ്യത്തും കോവിഡ് അടിയന്തര ഘട്ടത്തിൽ ജീവൻ പണയം വച്ചു രാപ്പകൽ
ജോലി ചെയ്യുന്നത് നമ്മുടെ നഴ്‌സ്മാരാണ്.

ഫിലിപ്പീൻസ് കഴിഞ്ഞാൽ അന്തരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ നഴ്‌സുമാരുള്ളത് കേരളത്തിൽ നിന്നാണ്. കേരളത്തെ യഥാർത്ഥത്തിൽ ആഗോള വൽക്കരിച്ചത് ഇവിടെ നിന്നും ലോകത്തിന്റെ അറ്റത്തോളം പോയ നഴ്‌സുമാരാണ്.

1934 ഇൽ മാത്രമാണ് കേരളത്തിൽ നഴ്‌സിംഗ് വിദ്യാഭ്യാസം തുടങ്ങിയത്. ആദ്യ മുപ്പതു കൊല്ലങ്ങളിൽ നഴ്സിങ്ങിന് പോകുന്നത് തന്നെ ” നാണക്കേടു ‘ എന്ന പുരുഷ സമൂഹ മുൻവിധികൾ ശക്തമായിരുന്നു.

പിന്നെ വിദേശ നാണയത്തിൽ ശമ്പളം കിട്ടാൻ സാധ്യത വന്നപ്പോൾ ഡിമാൻഡ് വർധിച്ചു. കേരളത്തിൽ കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിൽ നഴ്സിങ് വിദ്യാഭ്യാസം സ്ഥാപങ്ങൾ പതിന്മടങ്ങു വർധിച്ചു. കേരളത്തിനു വെളിയിലും കൂടുതൽ നഴ്സിങ് പഠിക്കുന്നത് ഇവിടെ നിന്നുള്ളവരാണ്. ഇന്നത് വളരെ പ്രധാന പ്രൊഫഷണൽ ചോയ്‌സ് ആയി മാറിയിരിക്കുന്നു. അതു കൊണ്ടു ഇന്ന് പുരുഷമാരും നഴ്സിങ്ങിന് പോകുന്നു.

പല നഴ്‌സുമാരുടെ കഥയും അതിജീവനത്തിന്റ കഥയാണ്. എല്ലാ പ്രയാസങ്ങളെയും പലപ്പോഴും ഒറ്റക്ക് തരണം ചെയ്തു ഒരു കുടുംബത്തെ മുഴുവൻ കൈപിടിച്ചുയർത്തിയ കഥകൾ

ഏറ്റവും അടുത്തു സുഹൃത്തുക്കളിൽ പലരും നഴ്‌സ്മാരാണ്. അവരിൽ പലരുടെയും കഥകൾ അതിജീവനത്തിന്റെയും ആത്മ ധൈര്യത്തിന്റയും ശുഭാപ്‌തി വിശ്വാസത്തിന്റെയും കഥകളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കാമ്പും കാര്യപരപ്രാപ്തിയും ആത്മാർത്ഥയും കൂടുതൽ കണ്ടിട്ടുള്ളത് നഴ്‌സ്മാരിലാണ്.

ഇപ്പോൾ ഒരു നഴ്സിന്റെ കൂടെയാണ് താമസം. അടുത്തു ചെന്നിരുന്നു എല്ലാ ദിവസവും വർത്താനം പറനില്ലെങ്കിൽ പരിഭവമാണ്. ജീവിതത്തിൽ ആദ്യം കണ്ട നഴ്സ് അമ്മയാണ്. 1954 നഴ്സിങ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി.ഇരുപത് വയസ്സുള്ള പെൺകുട്ടി ഒറ്റക്ക് ട്രെയിനിൽ ഭോപ്പാലിൽ പോയി അവിടുത്തെ പ്രശസ്തമായ ടി ബി ഹോസ്പിറ്റലിലാണ് ജോലി നോക്കിയത്.

അന്ന് നഴ്‌സുമാർക്ക് വിദേശത്ത് വളരെ എളുപ്പം ജോലി കിട്ടുമായിരുന്നു. അമേരിക്കയിലും കാനഡയിലും ജർമ്മനിയിലും ജോലിക്കു അവസരം കിട്ടിയിട്ടും അമ്മ കേരളത്തിൽ വന്നു ജോലി ചെയ്യാനാണ് തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പബ്ലിക് ഹെൽത്ത്‌ നഴ്സിങ് പഠിച്ചു.

ഇന്ന് ഇപ്പോൾ നമ്മൾ കാണുന്ന പബ്ലിക് ഹെൽത്ത്‌ സംവിധാനത്തിന്റ ആദ്യകാല പ്രവർത്തക ആയിരുന്നു. ഡിസ്ട്രിക്ട് നഴ്‌സിംഗ് ഓഫിസറും നഴ്സിങ് സ്കൂൾ പ്രിൻസിപ്പലും ഒക്കെയായി ഏതാണ്ട് 32 വർഷം സേവനം ചെയ്തത് കേരളത്തിലെ പൊതു ജനാരോഗ്യത്തിനാണ്.

ഇപ്പോൾ നമ്മൾ കാണുന്ന പൊതു ജനാരോഗ്യ സംവിധാനം എന്റെ അമ്മയെപ്പോലെ ഒരുപാടു അമ്മമാരുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമാണ്. അവരിൽ ഡോക്റ്റര്മാരും നഴ്‌സ്മാരും ഹെൽത് ഇൻസ്‌പെക്ടർമാരും. എ എൻ എം മാരും, ആശ പ്രവർത്തകരുമുണ്ട്.

ചുരുക്കിപറഞ്ഞാൽ ഇന്ന് കേരള മോഡൽ എന്ന് ലോകം ഒട്ടുക്കു പ്രസ്തമായ പൊതു ജന ആരോഗ്യം സംവിധാനമുണ്ടാക്കിയതിൽ വലിയൊരു പങ്ക് സ്ത്രീകൾക്കാണ്. എന്റെ അമ്മയെപോലുള്ള അമ്മമാരാണ് കേരള പൊതു ജനാരോഗ്യ മോഡലിന്റെ ശില്പികൾ. അതുപോലെ ഒരമ്മയാണ് കേരളത്തിലെ ആരോഗ്യമന്ത്രി.

കേരളത്തിൽ രണ്ടു സ്ത്രീകൾ മാത്രമാണ് ആരോഗ്യ മന്ത്രിമാരായത് എന്നാണ് എന്റെ ഓർമ്മ. രണ്ടു പേരും ടീച്ചർമാരായിരുന്നു. നഴ്സിങ് പോലെ മഹത്വം ഉള്ള ജോലിയാണ് ടീച്ചർമാരുടെത്. ശ്രീമതി ടീച്ചറും ഇപ്പോഴത്തെ ഷൈലജ ടീച്ചറും. സത്യത്തിൽ കേരളത്തിലെ ഏറ്റവും നല്ല ആരോഗ്യ മന്ത്രിമാരുടെ പട്ടികയിലാണ് രണ്ടു പേരും.

ഈ കോവിഡ് സമയത്തു നമ്മുടെ ആരോഗ്യ മന്ത്രിയെ വെത്യസ്ഥമാക്കുന്നത് അവരുടെ നൂറു ശതമാനം ആത്മാർത്ഥയാണ്.

ഷൈലജ ടീച്ചറെ ടി വി ചർച്ചകളിൽ പങ്കെടുത്തപ്പോഴാണ് കൂടുതൽ ശ്രദ്ധയോടെ കേട്ടത്. ഇത്രമാത്രം ഹോം വർക്ക് ചെയ്തു വളരെ ആത്മാർത്ഥമായി, പക്വതയോടെ, സ്പഷ്ട്ടമായി സംസാരിക്കുന്ന മന്ത്രിമാരെ അധികം കണ്ടിട്ടില്ല.

നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന മന്ത്രി . സത്യത്തിൽ ശൈലജ ടീച്ചർ ഒരു മുഖ്യ മന്ത്രി മെറ്റേറിയലാണ്. നേത്രത്വ ശേഷിയും ആത്മാർത്ഥയും അഴിമതിഇല്ലാതെ, രാപ്പകൽ അധ്വനിക്കുന്ന മന്ത്രി.ഷൈലജ ടീച്ചർക്ക് ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്.

കേരള മോഡൽ കേരളത്തിലെ സ്ത്രീകളുടെ മോഡലാണ്. കേരളത്തിലെ പൊതു ജനാരോഗ്യം കെട്ടിപ്പടുത്തതിന് സ്ത്രീകളുടെ പങ്ക് പരമ പ്രധാനമാണ്. അതു പോലെ വിദ്യാഭ്യാസ രംഗത്തും. എപ്പോഴും സ്നേഹത്തോടെ എല്ലാവരും ഓർക്കുന്ന ടീച്ചർ അമ്മമാർ നമുക്ക് എല്ലാമുണ്ട്.

കേരളത്തിൽ ഇന്ന് കാണുന്ന സാമ്പത്തിക സാമൂഹിക വളര്ച്ചയില് സ്ത്രീകളുടെ പങ്ക് വളരെ ഗഹനമായി ഗവേഷണം ചെയ്യേണ്ട വിഷയമാണ്.

കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ലോകമെങ്ങും പോയി ഹീലിംഗ് ടച്ചോടു കൂടി ജാതി മത വർണ്ണ ഭേദമില്ലാതെ ലോകത്തെങ്ങും കോവിഡ് ഭയത്തിന് അപ്പുറം രാപ്പകൽ പണി ചെയ്തു കേരളത്തിന്റെ സ്നേഹ നാളങ്ങളുടെ പ്രകാശം പരത്തുകയാണ്.

അവരെയാണ് കേരളം ഏറ്റവും കൂടുതൽ ബഹുമാനിക്കണ്ടത്.

യഥാർത്ഥത്തിൽ കേരളത്തിന്റെ നവോത്‌ഥാന നായകർ സ്ത്രീകളാണ്. ലോകമെങ്ങും കേരളത്തിന്റെ വിളക്കുമായി പുഞ്ചിരിയോടെ രാപ്പകൽ ജോലി ചെയ്യുന്നവർ.

ഇന്ന് കേരളത്തിൽ ഒരുപാടു വീടുകളെ പട്ടിണിയിൽ നിന്നും സാമ്പത്തിക പരാധീനതയിൽ നിന്നും കരകയറ്റിയത് നഴ്‌സുമാരാണ് . മധ്യ തിരുവിതാംകൂറിൽ നിന്ന് വിദേശ രാജ്യങ്ങളിൽപോയി സാമ്പത്തിക ഉന്നതിയിലെത്തിയത്തിന്റ പിന്നിൽ ഒരു നഴ്‌സുണ്ട്.

എന്റെ അമ്മ നഴ്‌സിംഗിന് പോയപ്പോൾ പലര്ക്കും പുച്ഛമായിരുന്നു. എന്നാൽ ഇന്ന് കുടുംബത്തിൽ നാലു തലമുറ നഴ്‌സ്മാരുണ്ട്. പലരും എം എസ് സി നഴ്സിngu പി എച് ഡിയും കഴിഞ്ഞവർ.

അതു പോലെ കേരളത്തിൽ വിവരവും വായനയും കൂടുതൽ ഉള്ള വിഭാഗമാണ് നഴ്‌സ്മാർ. എന്റെ കസിൻ എം എസ് സി നഴ്സിങ്‌ങ്ങും പി എച് ഡി യൊക്കെ കഴിഞ്ഞ് ഹൂസ്റ്റണിൽ നഴ്‌സ് പ്രാക്ടീഷനറാണ്. ചേച്ചിയുമായി ഫിലോസഫിയും പൊളിറ്റിക്‌സും ഹിസ്റ്ററിയും അനായേസേന സംവദിക്കാം. അതുപോലെ ഒരുപാടു നഴ്‌സ് സുഹൃത്തുക്കളുണ്ട്.

കേരളത്തെ മാറ്റിയത് ഇവിടുത്തെ സ്ത്രീകളാണ്. ഇവിടുത്തെ അമ്മമാരാണ്. സത്യത്തിൽ കേരളത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല പഞ്ചായത്ത്‌ പ്രസിഡന്റ് പഞ്ചായത്ത്‌ മെമ്പർമാർ സ്ത്രീകളാണ്. പ്രളയം സമയത്തു നേരിൽ കണ്ടതാണ്.

എല്ലാ പാർട്ടിയിലും ഉള്ള സ്ത്രീകൾ പാർട്ടി നോക്കിയല്ല ജനങ്ങളിൽ സഹായം എത്തിച്ചത്.

കേരളത്തിൽ അടിസ്ഥാന തലത്തിൽ ഒരുപാടു കാര്യങ്ങൾ മാറിയത് കുടുംബശ്രീ കൊണ്ടാണ് എന്ന് നേരിട്ട് അറിയാം. അതു പോലെ ബോധിഗ്രാം പ്രവര്ത്തനം കേരളത്തിൽ തുടങ്ങിയപ്പോൾ മുതൽ കൂടെ നിന്ന് പ്രകാശം പരത്തുന്നത് സ്ത്രീകളാണ്..

സ്ത്രീകളാണ് കേരള മോഡൽ.

പക്ഷേ ഇന്നും പുരുഷ മേധാവിത്തം ഏറ്റവും കൂടുതലുള്ള രാഷ്ട്രീയ പാർട്ടി നേത്രത്വത്തിൽ സ്ത്രീകൾ ഇല്ല.
കമ്മറ്റികളിൽ പേരിന് മാത്രം.

അതു എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥിതിയാണ്. അതിൽ തന്നെ ഏറ്റവും പുറകിൽ യു ഡി എഫ് കാരാണ്. കഴിവും പ്രാപ്തിയുമുള്ള സ്ത്രീകൾ ഉണ്ടെങ്കിലും അവർക്കു സീറ്റ് കൊടുക്കില്ല. പാർട്ടി സ്ഥാനങ്ങളും.

മുസ്ലിം ലീഗും കേരള കോൺഗ്രസ് എല്ലാം അടിമുടി ആണുങ്ങളുടെ പാർട്ടിയാണ്. അവർക്കു സ്ത്രീകളുടെ വോട്ട് മാത്രം മതി. പക്ഷേ നേതാക്കൾ ആണുങ്ങൾ ആയിരിക്കണം

കേരളത്തിൽ ഭൂ പരിഷ്കരണ നിയമം അവതരിപ്പിച്ച സഖാവ് ഗൗരിയമ്മ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ എല്ലാ കഴിവുമുള്ള നേതാവായിരുന്നു. അനുഭവ പരിചയവും വിദ്യാഭ്യാസവും മറ്റു ആണ്കോയ്മ നേതാക്കളെക്കാൾ വിദ്യാഭ്യാസമുള്ള ഗൗരിയമ്മ മുഖ്യമന്ത്രിയാകാഞ്ഞത് കേരളത്തിലെ ആൺകോയ്‌മ വരേണ്യ കക്ഷി രാഷ്ട്രീയ സ്വഭാവം കൊണ്ടാണ്.

ഇന്നും കേരളത്തിൽ സ്ത്രീനേതാക്കളെയാണ് പാർട്ടി വ്യത്യസമെന്യെ ” ‘ആണത്തത്തോടെ ” ആക്രമിക്കുന്നത്.

കേരളത്തിലും ലോകത്തും പ്രകാശം പരത്തുന്ന പെണ്ണുങ്ങളെയാണ് വണങ്ങേടത്.

പ്രകാശം പരത്തുന്ന പെൺ കേരളമാണ് ഇന്ന് ഇന്ത്യയിലും ലോകത്തും ഈ കൊച്ചു നാടിനെ അറിയിച്ചത്.

കേരളത്തിൽ സ്ത്രീകൾ എല്ലാ തലത്തിലും നേത്രത്വ സ്ഥാനങ്ങളിൽ വരണം. എന്നാലേ കേരളം മാറുള്ളൂ.