ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ്; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്‌

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി. നടന്‍ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വാര്‍ത്ത അറിയിച്ചത്.

ചിത്രീകരണത്തിനായി പൃഥ്വിയും ബ്ലെസിയും ഉള്‍പ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം ജോര്‍ദാനിലെത്തിയതും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ അവിടെ കുടുങ്ങിയതും വാര്‍ത്തയായിരുന്നു.ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്. കര്‍ഫ്യൂ നിയമങ്ങളില്‍ ഇളവ് വന്നതോടെ പിന്നീട് ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു

ഫെബ്രുവരി 29 നാണ് പൃഥ്വിയുള്‍പ്പെടുന്ന സംഘം ജോര്‍ദാനിലേക്ക് തിരിച്ചത്. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള പൃഥ്വിയുടെ തയ്യാറെടുപ്പുകള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ നജീബിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ നായികയായെത്തുന്നത്
അമല പോളാണ്.