രാജ്യത്ത് കോവിഡ് ബാധിതർ 90,000 കടന്നു; 24 മണിക്കൂറിൽ 4,987 പുതിയ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,987 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 90,927 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലാണ്.

2,872 പേരാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിതരായി മരണമടഞ്ഞത്. ഇന്നലെ മാത്രം 118 പേരാണ് മരണപ്പെട്ടത്. പുതിയ മരണങ്ങളുടെ കണക്ക് നോക്കുമ്പോൾ ശനിയാഴ്ച ലോകത്ത് എട്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ശനിയാഴ്ച രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുമ്പോഴാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഈ വൻവർദ്ധന എന്നത് വലിയ ആശങ്ക തന്നെയാണ് സൃഷ്ടിക്കുന്നത്.ഈ സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം തന്നെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കുമെന്നാണ് സൂചന.

മഹാരാഷ്ട്ര, ഡൽഹി തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ കേസുകളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 30,706 രോഗബാധിതരാണ് ഇവിടെയുള്ളത്. ഇതിൽ പകുതിയിലധികം, അതായത് 18,500 രോഗികളും മുംബൈയിലാണ്. തമിഴ്‌നാട്ടിലും, ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു.