കടമെടുപ്പ് പരിധി കൂട്ടി; കേരളത്തിന് 18,000 കോടി കൂടി കടമെടുക്കാം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തി. വായ്പ പരിധി ഉയര്‍ത്തണമെന്ന
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് കേന്ദ്ര സര്‍ക്കാറിപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

നിബന്ധനകളോടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. അരശതമാനം വരെ പരിധി ഉയര്‍ത്താന്‍ നിബന്ധനകളില്ല. മൂന്നരയില്‍നിന്ന് നാലരയിലേക്ക് ഉയര്‍ത്തണമെങ്കില്‍ കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള പരിഷ്‌കരണങ്ങള്‍ വിവിധ മേഖലയില്‍ നടപ്പാക്കേണ്ടതാണ്.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണം, പൊതുവിതരണ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കണം, നിക്ഷേപത്തിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കണം, വൈദ്യുതി മേഖലയില്‍ പരിഷ്‌കരണത്തിലൂടെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണം, നഗരവികസനവും ആരോഗ്യരംഗത്തെ വികസനവും ശുചീകരണവും ഉറപ്പാക്കണം, എന്നീ നിബന്ധനകളില്‍ മൂന്നെണ്ണം പാലിച്ചാല്‍ മാത്രമേ ശേഷിക്കുന്ന അരശതമാനം കടംകൂടി എടുക്കാന്‍ അനുവദിക്കുകയുള്ളൂ.

കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട നീക്കമാണ് കേന്ദ്രത്തില്‍നിന്നുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള വീഡിയോ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ധനമന്ത്രി തോമസ് ഐസക്കും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനം വരെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. കടമെടുപ്പ് പരിധി കൂട്ടിയതോടെ സംസ്ഥാനങ്ങള്‍ക്ക് അധികമായി ലഭിക്കുക 4.28 ലക്ഷം കോടി രൂപയാണ്.കേരളത്തിന് തന്നെ 18,000 കോടി കൂടി കടമെടുക്കാന്‍ ഇതുവഴി അവസരമുണ്ടാകും.