കൊവിഡ് നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു

ആലപ്പുഴ: വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. ചങ്ങന്നൂര്‍ ആല സ്വദേശി എം.പി.സുരേഷ് (53) ആണ് മരിച്ചത്.ഹൃദയസ്തംഭനം മൂലമാകാം മരണം എന്നാണ് പ്രാഥമിക നിഗമനം.

ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നും എത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചിരിക്കുന്നത്. മരണപ്പെട്ടുമ്പോള്‍ ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

നേരത്തേയും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നവര്‍ കേരളത്തില്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ കേരളത്തില്‍ കോവിഡിന്റെ സമൂഹവ്യാപന സാധ്യതയറിയാന്‍ ഐസിഎംആര്‍ പ്രത്യേക സംഘം പഠനം തുടങ്ങി. ഇതിന്റെ ഭാഗമായി പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നും 1200 പേരുടെ സാമ്പിളെടുത്ത് റാന്‍ഡം പരിശോധന നടത്തും.20 അംഗസംഘമാണ് കേരളത്തില്‍ പരിശോധന നടത്തുന്നത്.രാജ്യവ്യാപകമായി ഐസിഎംആര്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും പരിശോധന നടത്തുന്നത്.

ഓരോ ജില്ലകളില്‍ നിന്നും പത്ത് പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഓരോ പഞ്ചായത്തിലെയും 40 പേരെ വീതമാണ് പരിശോധിക്കുക. രക്തത്തിലെ ആന്റിബോഡി സാന്നിധ്യമാണ് പരിശോധിക്കുക. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാംപിള്‍ ശേഖരണം നടത്തുന്നത്.

നിലവില്‍ ലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവരെയാണ് പരിശോധനയ്ക്കായി തെരഞ്ഞെടുക്കുക.രോഗമുണ്ടോയെന്നതിനൊപ്പം, സമൂഹവ്യാപനം ഉണ്ടായോ എന്നും ആന്റി ബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെ തന്നെ പ്രതിരോധ ശേഷി കൈവരിച്ചോയെന്നും പരിശോധിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ