പ്രവാസികളെ കൊണ്ടുവരുന്നതിൽ വീണ്ടും കേന്ദ്രത്തിന് ഗുരുതര വീഴ്ച

കോവിഡ് ബാധ ഉണ്ടെന്ന് വ്യക്തമായിട്ടും ,അബുദാബിയില്‍ നിന്നും എങ്ങനെ അവര്‍, കേരളത്തിലെത്തി ?ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാറാണ്.മോദി മാത്രമല്ല, കേന്ദ്രമന്ത്രി മുരളീധരനും മറുപടി പറയണം.

വിദേശത്ത് നിന്നും വരുന്നവരെ, ശരിക്കും സ്‌ക്രീന്‍ ചെയ്ത് മാത്രമേ കയറ്റി വിടുകയൊള്ളൂ എന്ന് പറഞ്ഞത്, ഈ മന്ത്രിയാണ്.വൈറസ് ബാധയേറ്റവര്‍ പരിശോധനയില്ലാതെ വിമാനത്തില്‍ കയറിയാല്‍ ഉണ്ടാവുന്ന അവസ്ഥയെ കുറിച്ച്, കേരള മുഖ്യമന്ത്രി തന്നെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് കോവിഡ് ബാധിതര്‍ കൂട്ടത്തോടെ, കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.സ്വര്‍ണ്ണക്കടത്ത് തടയാന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്ന ജാഗ്രത പോലും, ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ല.

പ്രവാസികള്‍ പുറപ്പെടുന്ന എയര്‍പോര്‍ട്ടില്‍ തന്നെ, ശക്തമായ പരിശോധന നടത്തണമായിരുന്നു.എന്നാല്‍ അതുണ്ടായിട്ടില്ലന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

വിദേശത്തേക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ അയച്ച്, അവരുടെ സ്‌ക്രീനിങ്ങില്‍ രോഗമില്ലാത്തവരെയാണ് കൊണ്ടുവരേണ്ടിയിരുന്നത്. എന്നാല്‍ അത് ഉണ്ടായിട്ടില്ല.

ഇവിടെ പൊളിഞ്ഞിരിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങളാണ്. ആയിരക്കണക്കിന് പേരാണ് വിദേശത്ത് നിന്നും രാജ്യത്തേക്ക് എത്തി കൊണ്ടിരിക്കുന്നത്. കൊലയാളി വൈറസ് താണ്ഡവമാടുന്ന രാജ്യങ്ങളില്‍ നിന്നാണ് ഇവരെല്ലാം വരുന്നത്. വൈറസ് ബാധയേല്‍ക്കാത്തവര്‍ക്ക്, വിമാനത്തില്‍ വച്ച് വൈറസ് ബാധയേല്‍ക്കുന്ന സാഹചര്യവും, ഭീതിജനകമാണ്.

ഇത് കേരളത്തിനെ മാത്രമല്ല, രാജ്യത്തെ തന്നെ ആകെ ബാധിക്കുന്ന, വലിയ ഭീഷണിയാണ്.കോവിഡ് ഉണ്ടെന്ന് വ്യക്തമായിട്ടും അബുദാബിയില്‍ നിന്നും കേരളത്തിലെത്തിയത് 3 പേരാണ്. ഇവര്‍ക്കെതിരെ പൊലീസ് നിലവില്‍ കേസെടുത്തിട്ടുണ്ട്.

ഇവര്‍ എങ്ങനെ വിമാനത്തില്‍ കയറി എന്നത് തന്നെ ഞെട്ടിക്കുന്ന കാര്യമാണ്. തിരിച്ചറിഞ്ഞത് 3 പേരെയാണെങ്കില്‍, തിരിച്ചറിയാതെ കടന്ന് വന്നവര്‍ എത്ര പേരുണ്ടാകുമെന്നതും ഊഹിക്കാവുന്നതേയൊള്ളൂ.

പ്രവാസികള്‍ വരുന്നത് അവര്‍ പിറന്ന മണ്ണിലേക്കാണ്. ഇവരെ കൊണ്ടുവരാന്‍ ആദ്യം മുന്‍കൈ എടുത്തതും കേരളമാണ്. ആ കൈക്ക് തന്നെ ഒരിക്കലും കടിക്കരുത്.

വൈറസ് ബാധയേറ്റവര്‍, അത് മറച്ച് വച്ച് സൂത്രത്തില്‍ കടന്ന് വന്നത് രാജ്യദ്രോഹമാണ്. മറ്റുള്ളവരെ കൂടി കുഴപ്പത്തിലാക്കുന്ന നടപടിയാണിത്. തനിക്ക് വൈറസ് ബാധയേറ്റാല്‍, മറ്റുള്ളവര്‍ക്ക് കൂടി പകരട്ടെ എന്ന മാനസികാവസ്ഥയാണിത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണിത്.

അബുദാബിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍, തിരുവനന്തപുരത്ത് എത്തിയിട്ട് പോലും, രോഗവിവരം തുറന്ന് പറഞ്ഞിരുന്നില്ല.

തിരുവനന്തപുരം മുതല്‍ കൊല്ലം വരെ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ബസിലും ഇവര്‍ യാത്ര ചെയ്യുകയുണ്ടായി. യാത്രാമധ്യേ, ഇവരുടെ സംസാരം ശ്രദ്ധയില്‍പ്പെട്ട, മറ്റൊരു യാത്രക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചിരുന്നത്.തുടര്‍ന്നായിരുന്നു കേസെടുത്ത്, മൂന്നു പേരെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നത്. ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ വന്ന മറ്റ് അഞ്ച് പേര്‍ക്കു കൂടി നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗലക്ഷണമില്ലാതിരുന്ന ഈ പ്രവാസികള്‍ക്കും, രോഗം പകര്‍ന്നത് ഈ വൈറസ് ബാധിതരില്‍ നിന്നാണെന്നാണ് സംശയിക്കുന്നത്.12 കുട്ടികളടക്കം 170 യാത്രക്കാരാണ് അബുദാബിയില്‍ നിന്നും വന്ന ആ വിമാനത്തിലുണ്ടായിരുന്നത്. വിവരമറിഞ്ഞ യാത്രക്കാരെല്ലാം ആകെ ഭയന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ തല തിരിഞ്ഞ നിലപാടാണ് ഇതിനെല്ലാം കാരണം. വൈറസിനെ കൊലയാളിയായാണ് ആദ്യം കാണേണ്ടത്.അതിന് അനുസരിച്ചുള്ള മുന്‍കരുതലാണ് ഭരണകൂടം സ്വീകരിക്കേണ്ടിയിരുന്നത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ ലിസ്റ്റ് ഗള്‍ഫിലെ എയര്‍പോര്‍ട്ടുകളില്‍ ഉണ്ടാവണം.ചെക്ക് കേസില്‍ പെട്ടവര്‍ നാട് വിടാന്‍ ശ്രമിച്ചാല്‍ പിടികൂടുന്ന സംവിധാനം പോലും, വൈറസ് ബാധിതരുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അതാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പിഴവാണ് ഉണ്ടായിരിക്കുന്നത്.

അബുദാബി വിമാനത്താവളത്തില്‍ തങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് 2 തവണ റാപ്പിഡ് ടെസ്റ്റ് നടത്തിയെന്നാണ്, രോഗബാധിതര്‍ പറയുന്നത്. പിന്നെ ഇവരെങ്ങനെ വിമാനത്തില്‍ കയറി എന്നതിന് കേന്ദ്ര സര്‍ക്കാറും മറുപടി പറയേണ്ടതുണ്ട്്. പ്രവാസികളെ കൊണ്ടുവരാന്‍ വിമാനം അയച്ചവര്‍ക്ക്, വിമാനത്തില്‍ കയറുന്നവര്‍ രോഗബാധിതരല്ലെന്ന് ഉറപ്പ് വരുത്താനും, ബാധ്യതയുണ്ട്.

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മറുനാടന്‍ മലയാളികളുടെ വരവോടെയാണ് ഈ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

എല്ലാവരെയും സ്‌നേഹത്തോടെ കേരളം കാണുമ്പോള്‍, തിരിച്ചും ആ സ്‌നേഹം വരുന്നവരും കാണിക്കണം. രോഗവിവരവും ലക്ഷണവും തുറന്ന് പറഞ്ഞാണ് അവര്‍ തിരിച്ച് സ്‌നേഹം കാണിക്കേണ്ടത്. ക്വാറന്റൈന്‍ നിയമം അനുസരിക്കാനും തയ്യാറായേ പറ്റൂ. ദൗര്‍ഭാഗ്യവശാല്‍ പലയിടത്തും അത് കാണുന്നില്ല. ഏറെ ആശങ്കപ്പെടുത്തുന്ന നിലപാടാണിത്.

ഈ അവസ്ഥ രാജ്യത്ത് ഉണ്ടാക്കിയതിന്റെ പ്രധാന കാരണക്കാര്‍ കേന്ദ്ര സര്‍ക്കാറാണ്. കേരളത്തില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കണമായിരുന്നു. കേരളം കാണിച്ച വഴിയിലൂടെ പോയിരുന്നെങ്കില്‍, ഇന്ന് മഹാരാഷ്ട്രയും തമിഴ് നാടും ഗുജറാത്തും ഉള്‍പ്പെടെ രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളും ദുരന്തഭൂമിയാവില്ലായിരുന്നു. ലോകത്തിന് തന്നെ പിന്തുടരാവുന്ന മാതൃകയാണ് കേരളത്തിന്റേത്.

ഈ യാഥാര്‍ത്ഥ്യം അറിയുന്നത് കൊണ്ടാണ് ബി.ബി.സി ഉള്‍പ്പെടെ, ലോക മാധ്യമങ്ങള്‍ കേരളത്തെ പുകഴ്ത്തുന്നത്. ശൈലജ ടീച്ചര്‍ക്ക് കിട്ടുന്ന അനുമോദനം മോദിക്ക് പോലും കിട്ടാത്തതും, പിഴവുകള്‍ വ്യക്തമായത് കൊണ്ടുതന്നെയാണ്

ഡോണള്‍ഡ് ട്രംപിന്റെ അമേരിക്കയുടെ പോരായ്മകള്‍ അക്കമിട്ട് നിരത്തിയ,ബിബിസി തന്നെയാണ് കേരളത്തിന്റെ പോരാട്ടത്തെയും പ്രകീര്‍ത്തിച്ചിരിക്കുന്നത്.

‘ദ ഗാര്‍ഡിയന്‍’ എന്ന ബ്രിട്ടിഷ് മാദ്ധ്യമം, ശൈലജ ടീച്ചറെ ‘റോക്ക്സ്റ്റാര്‍’ എന്ന് വിശേഷിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ്, ഈ പ്രശംസയും വന്നിരിക്കുന്നത്.

ബ്രിട്ടനില്‍ നാല്‍പ്പതിനായിരത്തോളം ആളുകളാണ് കൊറോണ ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് നാല് പേര്‍ക്ക് മാത്രമാണ്. ശൈലജ ടീച്ചറിനെയും കേരള മോഡലിനെയും അഭിനന്ദിച്ചുകൊണ്ട് ഗാര്‍ഡിയന്‍ ലേഖനമെഴുതിയതും, ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ്.

ഇംഗ്ലണ്ട്,അമേരിക്ക,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ നല്ലതുപോലെ വിമര്‍ശിച്ച ചാനലാണ് ബി.ബി.സി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍, ബ്രിട്ടിഷ് ഗവണ്‍മെന്റ് പരാജയപ്പെട്ടുവെന്ന് ബി.ബി.സിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരുന്നു.ഡോണള്‍ഡ് ട്രംപിന്റെ അമേരിക്കയുടെ പോരായ്മകള്‍ ബി.ബി.സി അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. ബ്രസീലില്‍ ശരിയായ രീതിയില്‍ രോഗനിര്‍ണ്ണയം നടക്കുന്നില്ലെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അങ്ങനെയുള്ള ബി.ബി.സിയാണ് കേരളത്തെ പ്രശംസിച്ചിരിക്കുന്നത്.അവരാണ് ശൈലജ ടീച്ചറെ അതിഥിയായി ക്ഷണിച്ചത്.കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സംപ്രേഷണം ചെയ്യാനും ബിബിസി തയ്യാറായിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ കേരളത്തിന്റെ റേഞ്ച് ഊഹിക്കാവുന്നതാണ്.

ഇപ്പേള്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ കുതിച്ചുയരുന്ന ഈ വൈറസ് ബാധ, ഒരു പരിധി വരെ പിടിച്ച് നിര്‍ത്താന്‍ മുമ്പ് തന്നെ സാധിക്കുമായിരുന്നു. അതിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വിമാനതാവളത്തില്‍ പരിശോധന കര്‍ശനമാക്കണമായിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന വരെയും നിര്‍ബന്ധപൂര്‍വ്വം ക്വാറന്റൈന്‍ ചെയ്യിക്കണമായിരുന്നു.അങ്ങനെ ആയിരുന്നെങ്കില്‍, ഇന്ത്യയും സുരക്ഷിതമാകുമായിരുന്നു. വൈറസിന് അതിര്‍ത്തികള്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യമാണ് രാജ്യത്തെ ഭരണകൂടം ഓര്‍ക്കാതെ പോയത്. വൈകി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പോലും വലിയ ദുരന്തമാണുണ്ടാക്കിയിരിക്കുന്നത്.

മറുനാടന്‍ തൊഴിലാളികളെ, സുരക്ഷിതമായി അവരുടെ നാടുകളില്‍ എത്തിച്ചതിനു ശേഷം ആവണമായിരുന്നു, ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഈ പിഴവിന് ഇപ്പോള്‍, അനവധി ജീവനുകളാണ് ബലി കൊടുക്കേണ്ടി വന്നിരിക്കുന്നത്. വാഹനമിടിച്ചും ട്രയിന്‍ കയറിയും നിരവധി പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. മറുനാടന്‍ തൊഴിലാളികളുടെ കൂട്ട പലായനം വിഭജനകാലത്തെയാണ് ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. വൈറസ് ബാധ പടരുമെന്ന ആശങ്കക്കും ഇത് കാരണമായിട്ടുണ്ട്.

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍, ട്രെയിനുകള്‍ അനുവദിച്ചത് പോലും, കേരളത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.

ദീര്‍ഘവീക്ഷണവും പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാനുള്ള കഴിവില്ലാത്തതുമാണ്, കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചക്ക് പ്രധാന കാരണം.ഇവിടെയാണ് കേരളം വ്യത്യസ്തമാകുന്നത്. എല്ലാ ഇടപെടലുകളും കൃത്യമായി നടത്താന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. 40 ഓളം വരുന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചതും, ഈ ചുവപ്പ് മാതൃകയെ, തന്നെയാണ്.