അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് അടിയന്തിര വിമാന സർവീസ് ആരംഭിക്കണമെന്ന് കേരള ലോകസഭയുടെ പ്രഥമ യോഗം

ന്യൂജേഴ്‌സി: കോവിഡ് 19 മൂലം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരും കേന്ദ്ര വ്യോമയാനമന്ത്രാലയും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നോർത്ത് അമേരിക്കയിലെ കേരള ലോക സഭ അംഗങ്ങളുടെ പ്രഥമ യോഗം ആവശ്യപ്പെട്ടു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലും കാനഡയിലുമുള്ള  ലോക സഭാംഗംങ്ങളെ സൂം(Zoom) മീറ്റിംഗ് വഴി ബന്ധിപ്പിച്ച പ്രഥമയോഗത്തിൽ  നോർക്ക റൂട്ട്സ് ഡയറക്ടറും കേരള ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ അധ്യക്ഷത വഹിച്ചു.
അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിരവധി മലയാളികളാണ് കോവിഡ് 19 മൂലമുണ്ടായ യാത്രാവിലക്കുമൂലം നാട്ടിലേക്കു മടങ്ങിപ്പോകാൻ കഴിയാത്തതിനെ തുടർന്ന് ബുദ്ധിമുട്ടിലായിരിക്കുന്നത്. അതുപോലെ തന്നെ കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ് നാട്ടിൽ പോയിട്ടുള്ള നിരവധി അമേരിക്കൻ മലയാളികൾ തിരികെ വരാൻ കഴിയാതെ കുടുങ്ങിപ്പോയിട്ടുണ്ട്. H1- B വിസ, B1, B2 വിസ കാറ്റഗറിയിലും സ്റ്റുഡന്റ് വിസയിലുമുള്ള നിരവധി പേർ വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഗർഭിണികളും പ്രായമേറിയവരുമായ നിരവധിപേർ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അതുപോലെ തന്നെ മലയാളികളായ  മുതിർന്ന അമേരിക്കൻ പൗരന്മാരും നാട്ടിൽ കുടുങ്ങികിടക്കുന്നുണ്ട്.
എയർ ഇന്ത്യയുടെ സർവീസുകളുള്ള അമേരിക്കയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ടോ മുംബൈ ഡൽഹി വഴിയോ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ കേന്ദ്രവ്യോമയാന മന്ത്രാലയം തയാറാകണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. എം. അനിരുദ്ധൻ ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിലേക്കും എയർ ഇന്ത്യ അടിയന്തിര വിമാന സർവീസ് തുടങ്ങിയെങ്കിലും കേരളത്തെ തഴഞ്ഞതുമൂലം നാട്ടിലേക്കുള്ള യാത്രക്കായി കാത്തിരുന്ന ആയിരങ്ങളെയാണ് നിരാശയിലാക്കിയത്.
കേരളത്തിലോ മറ്റേതെങ്കിലും അയൽ സംസ്ഥാനങ്ങളിലോ ഉള്ള വിമാനത്താവളങ്ങളിൽ എത്തുന്ന അമേരിക്കൻ മലയാളികൾ ഉൾപ്പെടുന്ന എല്ലാ പ്രവാസി മലയാളികളുടെയും ആഭ്യന്തര യാത്രാ ക്രമീകരണങ്ങൾ സംസ്ഥാന സര്ക്കാർ  തന്നെ നിർവഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  H1- B വിസയിൽ അമേരിക്കയിൽ കഴിയുന്നവർക്ക് അമേരിക്കൻ പൗരന്മാരായ കുട്ടികളുള്ളവർക്ക് താൽക്കാലികമായുള്ള യാത്രാവിലക്ക് പിൻവലിക്കണമെന്നും വിസ കാലാവധി തീരുന്ന അവരുടെ വിസകൾ പുതുക്കാൻ അവരുടെ യാത്ര വിലക്ക് തടസമാകുമെന്നും യോഗം വിലയിരുത്തി. കുഞ്ഞുങ്ങൾ അമേരിക്കൻ പൗരൻമാർ ആയതുകൊണ്ട് അവർക്ക് തൽക്കാലം യാത്ര അനുമതി നൽകാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി. മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇത്തരക്കാരെ ഇന്ത്യയിൽ എത്തിക്കാൻ നടപടികൾ സ്വീകരിക്കേണ്ടത് അമേരിക്കയിലെ ഫെഡറൽ ഗവർമെന്റാണെന്നു ചൂണ്ടിക്കാട്ടി  കേന്ദമന്തി കൈ മലർത്തിയിരുന്നു. ഇത്  തികച്ചും പക്ഷപാതപരവും നീതിക്കു നിരക്കാത്തതുമാണെന്നും യോഗം വിലയിരുത്തി.
പ്രവാസികൾ കലാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന  ഇന്ത്യയിലെ പ്രവാസികളുടെ വസ്തുവഹകൾ സംരക്ഷിക്കുന്നതിനുള്ള പ്രവാസി പ്രൊട്ടക്ഷൻ ആക്ട് അടുത്ത പാർല്യമെൻറ് യോഗത്തിൽ പാസാക്കണമെന്നും അതുവരെ പ്രോപ്പർട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ അതാതു സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം ചർച്ച ചെയ്‌ത പ്രവാസികളുടെ യാത്ര പ്രശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അടുത്ത ശനിയാഴ്ചത്തെ അമേരിക്കൻ മലയാളികളുമായുള്ള സൂം (Zoom) മീറ്റിംഗിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും യോഗം തീരുമാനിച്ചു. എല്ലാ കേരള ലോക സഭ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും നോർത്ത് അമേരിക്കൻ മലയാളികളോടുള്ള മുഖ്യമന്ത്രിയുടെ ആദ്യത്തെ സൂം മീറ്റിംഗിൽ പങ്കെടുക്കാനും ഡോ എം. അനിരുദ്ധൻ ആഹ്വാനം ചെയ്തു.
അമേരിക്കയിലും കാനഡയിൽനിന്നുമായി 18   അംഗങ്ങൾ  പങ്കെടുത്ത മീറ്റിംഗിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ നന്ദി പറഞ്ഞു. കേരള ലോകസഭാ അംഗങ്ങളായ മാധവൻ ബി.നായർ (ഫൊക്കാന പ്രസിഡണ്ട്), ബേബി ഊരാളിൽ(ഫോമ മുൻ പ്രസിഡണ്ട്), ബെന്നി വാച്ചാച്ചിറ(ഫോമാ മുൻ പ്രസിഡണ്ട്) ,ജോസ് കാടാപുറം( ന്യൂസ് ഡയറക്ടർ കൈരളി ന്യൂസ്, യു.എസ്), കുര്യൻ പ്രക്കാനം(കാനഡ), ജോസ് മണക്കാട്,ഷിബു പിള്ള, വർക്കി ഏബ്രഹാം,ഡോ.ജേക്കബ് തോമസ്(ഫോമ), അനുപമ വെങ്കിടേശ്വരൻ ,റോയ് മുളങ്കുന്നം,അനിയൻ ജോർജ് (ഫോമാ മുൻ സെക്രട്ടറി),ലിഷാർ ടി.പി., ഇ.എം.സ്റ്റീഫൻ,,അരുൺ നെല്ലാമറ്റം, സുനിൽ തൈമറ്റം (ഐ.പി.സി.എൻ.എ മുൻ സെക്രട്ടറി) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.