24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലുണ്ടായത് 2940 കൊവിഡ് ബാധിതര്‍

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2940 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 44,582 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ന് 63 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 1517 ആയി. ഇതുവരെ 12,583 പേര്‍ക്കാണ് രോഗം ഭേദമായതെന്നാണ് കണക്കുകള്‍. ധാരാവിയില്‍ ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1478 ആയി. ഇവിടെ 57 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ശ്രമിക് ട്രെയിന്‍ ഇന്ന് സര്‍വീസ് നടത്തും.

കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യത്തെ ശ്രമിക് ട്രെയിന്‍ രാത്രി 8 മണിക്ക് ശേഷം കുര്‍ലയില്‍ നിന്നും യാത്ര തിരിക്കും. അതിനിടെ രോഗവ്യാപനം കൂടിയ മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണ്. കരാര്‍ പുതുക്കാത്തവരും രാജിവച്ചവരും ഇക്കൂട്ടത്തിലുണ്ട്.

മലയാളികളടക്കം നഴ്‌സുമാര്‍ക്കിടയില്‍ കൊവിഡ് വ്യാപകമായി പടര്‍ന്നിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് ചെന്നൈയില്‍ രോഗബാധിതര്‍ കൂടുകയാണ്. സംസ്ഥാനത്ത് ഇന്ന് 786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 569 പേരും ചെന്നൈയില്‍ നിന്നാണ്. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 9000 കടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ