ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷക്ക് 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് മോദി

ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായ ഒഡിഷക്ക് 500 കോടിയുടെ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷ സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിന് ആയിരം കോടിയുടെ സഹായം പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം ഒഡിഷ സന്ദര്‍ശനത്തിന് പോയത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വ്യക്തതയില്ലെന്ന വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി.

ഉംപുണ്‍ ചുഴലിക്കാറ്റില്‍ 80 പേരാണ് മരിച്ചത്. ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയം നോക്കാതെ സഹായിക്കണമെന്ന മമതയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം. കൊല്‍ക്കത്ത, നോര്‍ത്ത്, സൗത്ത് പര്‍ഗനാസ് ജില്ലകളില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രിയോട് ഒരു ലക്ഷം കോടിയുടെ നാശനഷ്ടമുണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.

ഭക്ഷ്യ സബ്സിഡി അടക്കം സംസ്ഥാനത്തിന് അവകാശപ്പെട്ട 5900 കോടി രൂപ കേന്ദ്രത്തിന്റെ പക്കലുണ്ട്. ഉദാരമായി സഹായിക്കണമെന്നും മമത ആവശ്യപ്പെട്ടു. അടിയന്തര ധനസഹായമായി ആയിരം കോടി അനുവദിച്ചതിന് പുറമെ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധമടക്കമുള്ള വിഷയങ്ങളില്‍ ബംഗാളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഉംപുണ്‍ നാശം വിതച്ചത്. ബംഗാളിന് കൈത്താങ്ങ് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി കേരളവും രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ