മഴ ഇന്നെന്നോടു പറഞ്ഞത് (കവിത- പ്രീണാ ജി.പി)

നത്ത ഒരുച്ചച്ചൂടിൻ്റെയുൾത്താപങ്ങളിൽ,
ഞാനങ്ങനെ യെരിഞ്ഞും പുകഞ്ഞുമുരുകിയും
തീരുമ്പോഴാണ് മഴ,
എന്നോടിങ്ങനെ പറയാൻ തുടങ്ങിയത്..
കാലങ്ങൾക്ക് മുമ്പേ നാമിരുവരും
പരിചിതർ,ചെങ്ങാതിമാർ..
ഓട്ടിൻ പുറത്ത് ഞാൻ തകിട തരികിട
പഞ്ചാരികൊട്ടിയണയുമ്പോഴേക്കും നീ,
ഇടുങ്ങിയ ജനലഴിയിൽ മുഖം ചേർത്തെന്നെ
കാത്തു നിൽപുണ്ടാകും.
ഇറയിറമ്പിലൂടൊരു
സംഗീതമായൊഴുകിയിറങ്ങുമ്പോൾ
പൂമുഖത്തിണ്ണയിൽ കാലിട്ടാട്ടിയും
കൈയെത്തിപ്പിടിച്ചും ,
വിടർന്ന കൺകളിലേക്ക്
വിരൽത്തുമ്പിലൂടിറ്റിത്തെറിപ്പിച്ചും നീ..
മുറ്റത്തും, തെങ്ങിൻ ചുവട്ടിലും,
കുണ്ടനിടവഴിയിലും,
നാട്ടുപാതയിലും ഞാൻ
പഞ്ചാരികൊട്ടിത്തിമർക്കുമ്പോൾ
നനഞ്ഞൊട്ടിയ പാവാടത്തുമ്പിലെന്നെ
കോരിയെടുക്കാമെന്ന് വൃഥാ മോഹിച്ച് നീ..
കാലത്തിന്റെ കയ്പും മധുരവും നിന്നിൽ പെയ്തിറങ്ങാൻ തുടങ്ങുമ്പോഴും,
മന്ത്ര മധുരമായൊരു വേണുഗാനം പോലെന്നെ
നെഞ്ചോടു ചേർത്ത് നീ..
ഒറ്റപ്പെടലിലും, പ്രണയത്തിലും.
മാംഗല്യവേളയിൽ സാക്ഷി യായ്,
കൈപിടിച്ചിറക്കുമ്പോൾ അകമ്പടിയായ്
കുടിവയ്പിന് കൂട്ടുകാരിയായ് കൂടെ ഞാനും..
പിന്നെ ഇരുവട്ടം നിന്നോമനക്കുഞ്ഞുങ്ങൾ തൻ പിറവിയിൽ,
വേദന തൻ പുളകത്തിലും
ജനാലക്ക് പുറത്ത് ഞാൻ നിനക്കായി പെയ്തുകൊണ്ടേ ഇരുന്നു..
അവർക്ക് കളിവഞ്ചിമെനഞ്ഞു കൊടുത്തും,മഴച്ചാറ്റലിലേക്ക് കൈപിടിച്ചിറക്കിയും
ജനലഴിയിൽ പിടിച്ച് മഴപ്പാട്ടുകൾ പാടിക്കൊടുത്തും നീ
അവരേയും എന്നിലേക്കടുപ്പിച്ചു..
പിന്നെ എപ്പോഴാണ് നീ എനിക്കമ്മയായത്?
കാലം അത്രമേൽ നിന്നെയെരിച്ച്
നീറ്റിയുരുക്കാൻ തുടങ്ങിയപ്പോഴോ?
അത്രയേറെ വാത്സല്യത്തോടെ
നീയെന്നെ വാരിപ്പുണർന്നത്..
നിന്നിലേക്ക്‌ പെയ്തിറങ്ങിയോരെന്നിൽ
കുഞ്ഞിളം കൈകളുടെ തലോടലറിഞ്ഞുവോ
ഓരോ തവണ ഞാൻ നിന്നെത്തൊടുമ്പോഴും
ആ തളിരിളം ചുണ്ടുകൾ മുത്തമിട്ടുണർത്തിയോ?
വരൂ അമ്മേ,കാറ്റിൻ്റെ കൈ പിടിച്ച്
കുഞ്ഞു കാൽത്തുള്ളിവച്ച്
നമുക്കങ്ങനെ പൊട്ടിച്ചിതറാം..
ആർത്തുപെയ്യാം, പരന്നൊഴുകാം…
കൈ പിടിച്ചങ്ങനെ കാട്ടിലും മേട്ടിലും കടലിലും,…
ഒരുമിച്ചങ്ങനെ വരൂ..