ഇല്ല …പ്രായമാകുന്നില്ല( അനന്ത പദ്മനാഭൻ )

തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ഒരു രംഗം ഓർമയിൽ വരുന്നു .
ഒരു സപ്തതിക്ക് ക്ഷണിക്കാൻ വരുന്ന രണ്ടു യുവതികളോട് കഥാനായകൻ , മണ്ണാറത്തൊടി ജയകൃഷ്ണൻ ,”സപ്തതി ന്നു വെച്ചാ എഴുപത് ? കണ്ടിട്ട് അത്രക്കങ്ങട് ആയെന്ന് പറയില്യല്ലോ രണ്ടാൾക്കും “എന്ന കുസൃതിയുടെ മുനയിട്ട ചോദ്യം ചോദിക്കുന്നു.
അച്ഛൻ ഉണ്ടായിരുന്നെങ്കിൽ “അത്രക്കങ്ങട് ആയെന്ന്” പറയുമായിരുന്നോ?
എഴുപത്തിയഞ്ച് വയസ്സ് ? അച്ഛന്റെ കുടുംബപാരമ്പര്യം വെച്ച് നര വളരെ കുറവാകും. മുടി ഒരു പാട് കുറയാനും സാധ്യത ഇല്ല .അല്ലെങ്കിലും ഒരു ഇരുപത്തിയഞ്ചു വയസ്സ് തൊട്ട് , താടി സ്ഥിരമാകുന്നത് തൊട്ട് , മരിക്കുന്ന നാൽപ്പത്തിയഞ്ച് വയസ്സ് വരെയും പ്രായത്തിന്റെ പകർച്ചകൾ അച്ഛനെ ബാധിച്ചിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.
പലരും പറയുന്ന ഒരു കാര്യമുണ്ട് , ‘പപ്പേട്ടൻ മരിക്കുമ്പോ നാൽപ്പത്തിയഞ്ച് വയസ്സേ ഉണ്ടായിരുന്നുള്ളു!? കണ്ടാൽ ഒരു അന്പത്തിയഞ്ചിന്റെ മതിപ്പ് തോന്നിച്ചിരുന്നു .”
പ്രായത്തിന്റെ അതിരുകൾ അപ്രസക്തമാക്കുന്ന ഒരു ബിന്ദുവിൽ, ഒട്ടുമേ മങ്ങാതെ , കാലം അച്ഛനെ തളച്ചു നിർത്തിയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷെ വിട്ടു കളയാത്ത ആ വലിയ താടി തന്നെയാവും അതിനൊരു കാരണം . താടി സ്ഥിരമായതിന് ശേഷം ആദ്യ വട്ടം ക്ഷൗരം ചെയ്തപ്പോൾ അച്ഛന് തന്റെ ഒരു ജ്യേഷ്ഠനെ നഷ്ടമായി. രണ്ടാമത്തെ വട്ടം താടി എടുത്തപ്പോൾ മറ്റൊരു ജ്യേഷ്ഠനേയും. അതൊരു അന്ധവിശ്വാസം ആയി ‘ഇനി എനിക്കൊരു ജ്യേഷ്ഠനെ ഉള്ളൂ , എടുക്കുന്നില്ല’ എന്നുറപ്പിച്ചു. അവസാനം വരെയും.
1945 മെയ് 23 നു മുതുകുളത്തു തറവാട്ട് വീട്ടിൽ ആണ് ജനനം . രണ്ടാം ലോക മഹായുദ്ധകാലം. ജനിച്ച കുഞ്ഞു കരഞ്ഞില്ല . അനക്കമില്ല . പേറെടുക്കാൻ വന്ന നാട്ടിലെ പതിച്ചി കാളിയമ്മ പേറ്റുമുറിയിൽ വെച്ച ചെമ്പിലെ വെള്ളത്തിൽ ഇട്ട് കുഞ്ഞിനെ ആലോലം ഒന്ന് വലിച്ചു . കുഞ്ഞു കരഞ്ഞു. ആ നിമിഷം 12 വിമാനങ്ങൾ ആകാശത്തു കൂടി മൂളി പറന്നു. ഇതാണ് അമ്മുമ്മ പറഞ്ഞ കഥ. വിമാനങ്ങളുടെ ഈണങ്ങളുടെ കണക്കൊക്കെ അമ്മുമ്മയുടെ ഭാവനയുടെ സൃഷ്ടിയാവാം . ഏതായാലും എന്തോ ഒന്ന് പറന്നു !
ഒരു പാട് കുട്ടികൾക്കിടയിൽ ബാല്യത്തിൽ വീട്ടിൽ എന്നും ആരുടെയെങ്കിലുമൊക്കെ പിറന്നാളുകൾ ഓടി കളിച്ചിരുന്നു . അത് കൊണ്ട് തന്നെ സ്വന്തം പിറന്നാളുകൾക്ക് ഒരു മുട്ടുശാന്തി സദ്യ (?) അല്ലാതെ മറ്റൊന്നും സംഭവിച്ചിരുന്നില്ല എന്ന് അച്ഛൻ അമ്മയോട് പറയുമായിരുന്നു. വിവാഹശേഷമാണ് അതിനൊക്കെ ഒരു പ്രാധാന്യം കൈ വന്നത് എന്നും. സ്വന്തം പിറന്നാളുകൾ ഒരു പൊതു പരിപാടി ആക്കിയിരുന്നില്ല.
വീട്ടിൽ വളരെ വേണ്ടപ്പെട്ട ഞങ്ങൾ കുറച്ചു പേര് മാത്രമുള്ള ചടങ്ങ്. ഒരു വിശേഷ നാളിന്റെ വിശുദ്ധി നില നിർത്താൻ ശ്രദ്ധിച്ചു. പിറന്നാൾ ദിവസങ്ങളിൽ രാവിലെ അമ്പലത്തിൽ പോയി.
ജന്മനക്ഷത്രം പ്രകാരമുള്ള നാളിനെ മാത്രമേ അച്ഛൻ പിറന്നാൾ ആയി ഗണിച്ചുള്ളൂ . ആ ദിവസങ്ങൾ പരിശുദ്ധിയോടെ അനുഷ്ടിച്ചു .
അച്ഛന്റെ അവസാന പിറന്നാൾ . നാല്പത്തിയഞ്ചാമത്തേത് , 1990 ജൂൺ നാലിന് ആയിരുന്നു. അന്ന് . “ഇന്നലെ’ എന്ന ചിത്രം കഴിഞ്ഞു ‘ഗന്ധർവ്വൻ ‘തുടങ്ങുന്നതിന് മുൻപുള്ള ഇടവേള .പ്രതിമയും രാജകുമാരിയും’എന്ന നോവലിന്റെ ആലോചനക്കാലം ആയിരുന്നു എന്നോർമ്മ. അതിനിടയിൽ തന്നെ ‘മഞ്ഞു കാലം നോട്ട കുതിര’എന്ന നോവലിന്റെ പദ്ധതിയും മനസ്സിലുണ്ട്. . അന്നുച്ചക്ക് അച്ഛൻ തന്റെ പ്രിയ സഹപ്രവർത്തകൻ വേണു ( കാമറ മാൻ) വിനേയും കുടുംബത്തെയും വീട്ടിൽ പിറന്നാളിന് ക്ഷണിച്ചു. വേണു ചേട്ടനും ബീന ചേച്ചിയും കുഞ്ഞു മാളുവും അന്നിവിടെ വന്നു സദ്യ കഴിച്ചു പോയി. പൊതുവെ ഡയറി എഴുതുന്ന ശീലം ഇല്ലാതിരുന്ന അച്ഛൻ ആ ദിവസം ഇങ്ങനെ അടയാളപ്പെടുത്തി വെച്ചു:
“ ഇന്ന് ജന്മദിനം . ശരിക്കുള്ള പിറന്നാൾ. രാവിലെ പപ്പനും അന്നന്നയും ( അച്ഛന്റെ അനുജത്തിയുടെ മകൻ അനന്തകൃഷ്ണൻ ) , കൂടി ഡ്രൈവിംഗ് പഠിക്കാൻ പോയി കാറിടിച്ച വാർത്തയാണ് വന്നത്. എല്ലാവരെയും ചീത്ത പറഞ്ഞു. തങ്കവും( ‘അമ്മ ) അന്നന്നയും കൂടി അമ്പലങ്ങളിൽ പോയി. പിന്നെ തണുത്തു…
വേണുവും ഫാമിലിയും ഉണ്ണാനുണ്ടായിരുന്നു. ഊണിനിടയിൽ ബാലന്റെ ( ഗാന്ധിമതി ബാലൻ ) ഫോൺ വന്നു . ആർ. കെ നായർക്ക് ഹാർട് അറ്റാക്ക് എന്ന്. രാവിലെ തോന്നിയ ദുസ്സൂചന മനസ്സിലെവിടെയോ അടിച്ചു. വൈകിട്ട് പപ്പനുമൊത്
എം.ടി യെ കാണാൻ പോയി . പപ്പനും എം.ടി യും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ അത്ഭുതപ്പെടുത്തി…
എട്ടിന് തിരികെ വീട്ടിൽ വന്നു ചീട്ടു കളിയ്ക്കാൻ ഇരുന്നു. തങ്കവും, അന്നന്നയും മാതുവും (അനിയത്തിമാധവികുട്ടി )ഒപ്പമുണ്ടായിരുന്നു . പത്തു പത്തര വരെ കളിച്ചു. തുടക്കം ഡിസ്റ്റബ്ഡ് ആയിരുന്നെങ്കിലും ഒതുക്കത്തിൽ നന്നായി കലാശിച്ച ദിവസം ”
ഇതാണ് അവസാനമായി ഡയറിയിൽ എഴുതിയ ദീർഘമായ കുറിപ്പ് . “പ്രതിമയും രാജകുമാരിയും ‘മാതൃഭൂമിയിൽ എഴുതാനുണ്ടായ സാഹചര്യവും അന്ന് എം. ടി. വാസുദേവൻ നായരുമായി ഉണ്ടായ കൂടിക്കാഴ്ച ആയിരുന്നു എന്നോർമ്മ.
ഇപ്പോൾ മുപ്പതു വർഷങ്ങൾ ആകുന്നു…
അച്ഛൻ ഉണ്ടായിരുന്നെങ്കിൽ മാറുമായിരുന്ന ഞങ്ങളുടെ ജീവിതപ്പാതയെ പറ്റി ഓർത്തു പോകാറുണ്ട്. ഓരോ സന്ധികളിലും ഉണ്ടാകുമായിരുന്ന ആ വിലപ്പെട്ട നിർദേശങ്ങളെ പറ്റിയും.മരിക്കുന്നതിന് ദിവസങ്ങൾക്കു മാത്രം മുൻപ് ‘ഒരിക്കലും നീ സിനിമ ഉപജീവനം ആക്കരുത് “എന്നെനിക്കു കിട്ടിയ ഒരേയൊരു കരിയർ ഗൈഡൻസിനെ പറ്റിയും .
അച്ഛന്റെ പ്രായത്തെ പറ്റി പറഞ്ഞത് പോലെ തന്നെ ആണ് അച്ഛന്റെ കഥകളും , സിനിമകളും എന്ന് തോന്നാറുണ്ട്. അവക്ക് പ്രായമാകുന്നേ ഇല്ല. നിറയൗവനത്തിന്റെ ഒരു ബിന്ദുവിൽ തറഞ്ഞു നിൽക്കുന്നു അവ .

അനന്ത പദ്മനാഭൻ