വിവാഹമോചനം ഭയന്നു, ഒടുവില്‍ കൊന്നു; സൂരജിന്റെ കുറ്റസമ്മത മൊഴി

കൊല്ലം: ഉത്ര കൊലക്കേസില്‍ നിര്‍ണായകമായി സൂരജിന്റെ കുറ്റസമ്മതമൊഴി. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മത മൊഴി.വിവാഹ ശേഷം താന്‍ ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും സൂരജ് പോലീസിനോട് സമ്മതിച്ചു.

2018 മാര്‍ച്ച് 26-നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. 2020 ജനുവരിയിലാണ് ഉത്രയുടെ കുടുംബം വിവാഹമോചനമെന്ന ആവശ്യത്തിലേക്ക് കടന്നത്. ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ജനുവരിയില്‍ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന്, ഉത്രയുടെ വീട്ടില്‍ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛന്‍ പറഞ്ഞു.എന്നാല്‍ അന്ന് സൂരജ് ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ് ഇവരെ അനുനയിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയത്.

വിവാഹമോചനം നേടിയാല്‍ ഉത്രയുടെ കുടുംബം നല്‍കിയ പണവും സ്വര്‍ണവും തിരികെനല്‍കേണ്ടിവരുമെന്ന് സൂരജ് ഭയന്നിരുന്നു. ഇതോടെയാണ് ഉത്രയെ കൊലപ്പെടുത്തി കുഞ്ഞിലൂടെ കൂടുതല്‍ പണം സ്വന്തമാക്കാന്‍ തീരുമാനിച്ചത്.

ഉത്രയ്ക്ക് രണ്ടാമത് പാമ്പ് കടിയേറ്റ ദിവസം രാത്രി സൂരജ് വീട്ടിലെ എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കിയിരുന്നു. ഉത്രയ്ക്കും മാതാപിതാക്കള്‍ക്കും സഹോദരനും ജ്യൂസ് നല്‍കിയെങ്കിലും സൂരജ് ഇത് കുടിച്ചിരുന്നില്ല. അതിനാല്‍ ഉത്രയ്ക്ക് നല്‍കിയ ജ്യൂസില്‍ എന്തെങ്കിലും മയക്കുഗുളികയോ മറ്റോ ചേര്‍ത്തിരിക്കാമെന്നാണ് സംശയം. ഇതിനാലാണ് പാമ്പ് കടിയേറ്റിട്ടും ഉത്ര ഉറക്കമുണരാതിരിക്കാന്‍ കാരണമെന്നും കരുതുന്നു. ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

മേയ് 7ന് പുലര്‍ച്ചെയാണ് ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടര്‍ച്ചയായുള്ള പാമ്പ് കടിയില്‍ സംശയം തോന്നി മാതാപിതാക്കള്‍ നല്‍കിയ പരാതിയോടെയാണ് കൊലപാതകമെന്നു തെളിഞ്ഞത്.