രണ്ട് മിനിറ്റില്‍ ബെവ് ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20,000 പേര്‍

തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ വിജയകരമെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്പനി. ഏതാനും നിമിഷങ്ങള്‍ മാത്രം പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയ ബെവ്ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ആയിരങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തത്.

രണ്ട് മിനിറ്റില്‍ ഇരുപതിനായിരത്തോളം പേരാണ് ബെവ് ക്യൂ ആപ്പിന്റെ ബീറ്റാവേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെന്നാണ് ഫെയര്‍കോഡ് കമ്പനി അറിയിച്ചത്.നിലവില്‍ ബീറ്റാ ആപ്പ് പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ മദ്യം വാങ്ങാനുള്ള ടോക്കണ്‍ എടുത്തെങ്കിലും അതെല്ലാം ഇന്നത്തെ തീയതിക്കുള്ള ടോക്കണുകളാണെന്നും അവയൊന്നും തന്നെ വാലിഡ് അല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വൈകിട്ട് 3.30-ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ മൊബൈല്‍ ആപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗരേഖ മന്ത്രി വ്യക്തമാക്കും എന്നാണ് അറിയുന്നത്.

ഒരു മണിക്കൂറില്‍ ഒരു കൗണ്ടറില്‍നിന്ന് 50 പേര്‍ക്കു മദ്യം വിതരണം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ഒരു ദിവസം 4.8ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്.

പ്ലേ സ്റ്റോറില്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപില്‍നിന്നു ടോക്കണ്‍ എടുക്കാം. ബാറുകളില്‍നിന്നാണോ ഔട്ട്‌ലെറ്റുകളില്‍ നിന്നാണോ വാങ്ങേണ്ടതെന്നു ഉപഭോക്താവിനു തിരഞ്ഞെടുക്കാം. ടോക്കണ്‍ കിട്ടുന്നവര്‍ക്ക് നാളെ രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവര്‍ക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളൂ.

കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന സ്ഥാപനമാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 303 ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും സ്വകാര്യ ബാറുകളും വൈന്‍ പാര്‍ലറുകളും വഴി ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്ത് അടുത്തുള്ള മദ്യവില്‍പനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.