ജോര്‍ജ് ലോയിഡിന്റെ മരണം: വംശീയ അതിക്രമത്തിന്റെ ക്രൂരദൃശ്യങ്ങള്‍,ജനക്കൂട്ടം തെരുവിലിറങ്ങുന്നു

ജോര്‍ജ് ലോയിഡിന്റെ മരണത്തില്‍ പ്രതിഷേധത്തില്‍ ജനക്കൂട്ടം തെരുവിലിറങ്ങുന്നു. മിനോപൊലീസ് പോലീസ് സ്‌റ്റേഷന്‍ പ്രതിഷേധക്കാര്‍ തീയിട്ടു. കൈക്കുപ്പിയിരുന്നു, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നു പറയുന്ന ജോര്‍ജ് ലോയിഡിന്റെ വീഡിയോ ലോകമെങ്ങും പ്രചരിക്കുകയാണ്. വംശീയ അക്രമത്തിന്റെ ഏറ്റവും പുതിയ പ്രതിഷേധമായി ഇത് അമേരിക്കയിലെങ്ങും ആഞ്ഞടിക്കുകയാണ്. കോവിഡ് കാലത്ത്, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിലൊരു കൊലപാതകത്തിന്റെ ഫൂട്ടേജ് കാണാം. 46 വയസുള്ള ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ജോര്‍ജ് ലോയിഡ് പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും കൈകൂപ്പിയിരുന്നതായും ഇയാളെ ഫുട്പാത്തിലേക്ക് വലിച്ചിഴക്കുന്നതുമാണ് ഫൂട്ടേജില്‍ കാണുന്നത്.എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം ഇയാളെ പോലീസ് കാറിലേക്ക് കൊണ്ടുപോയെങ്കിലും വെള്ളക്കാരനായ പോലീസ് ഉദേ്യാഗസ്ഥര്‍ ഇയാളുടെ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. ‘ദയവായി എനിക്ക് ശ്വസിക്കാന്‍ കഴിയില്ല’ എന്ന് ജോര്‍ജ്ജ് വിലപിക്കുന്നതു വീഡിയോയില്‍ കേള്‍ക്കാം. ‘നിങ്ങള്‍ അവന്റെ കഴുത്തില്‍ നിന്നും ഇറങ്ങൂ, അയാള്‍ ശ്വസിക്കുകയെങ്കിലു ചെയ്യട്ടെ’, എന്നു മറ്റൊരാള്‍ പോലീസുകാരോട് അപേക്ഷിക്കുന്നതു കേള്‍ക്കാം. എന്നാല്‍ ജോര്‍ജിന് ബോധം നഷ്ടപ്പെടുകയോ മരിക്കുകയോ ചെയ്യുന്നതുവരെ പോലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്‌ട്രെച്ചറില്‍ ഇട്ട് മിനിയാപൊളിസിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ‘മരിച്ചതായി’ പ്രഖ്യാപിച്ചു.

സോഷ്യല്‍ മീഡിയയിലെ ഈ വീഡിയോ ഫൂട്ടേജ് വ്യാപകമായ പ്രതിഷേധത്തിനും പോലീസ് വാഹനങ്ങള്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ക്കും നാശനഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള കലാപത്തിനും കാരണമായി. മരിച്ച മനുഷ്യനു നീതി ആവശ്യപ്പെട്ട് ‘ഞാന്‍ ശ്വസിക്കട്ടെ’, ‘എനിക്ക് ശ്വസിക്കാന്‍ കഴിയില്ല’ എന്നീ പ്ലക്കാര്‍ഡുകളുമായി ജനം തെരുവിലിറങ്ങി. ചേഞ്ച് ഓര്‍ഗിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യാഴാഴ്ച രാവിലെ വരെ 230,000 പേരാണ് പിന്തുണ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരണത്തെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്തു.മെയ് 25 ന് വൈകുന്നേരമാണ് സംഭവം. നാല് മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥര്‍ ഈ കറുത്തവര്‍ഗ്ഗക്കാരനെ നിഷ്‌കരുണം പരസ്യമായി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചയാളുടെ കഴുത്തില്‍ മുട്ടുകുത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് തിരിച്ചറിഞ്ഞു. ഡെറക് ചൗവിന്‍ എന്നാണ് ഇയാളുടെ പേര്. നാല് പോലീസ് ഓഫീസര്‍മാരെയും പുറത്താക്കിയെങ്കിലും കൊലപാതകത്തിന് പ്രോസിക്യൂഷന്‍ ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
പോലീസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

അതേസമയം സ്ഥിരീകരിച്ച കാര്യം, 20 ഡോളറിന്റെ വ്യാജ കറന്‍സി നോട്ട് ഉപയോഗിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരാളെ പിടികൂടാനാണ് പോലീസ് എത്തിയതെന്നാണ്. പോലീസ് എത്തിയപ്പോള്‍, ജോര്‍ജ് ഒരു കാറില്‍ ഡ്രൈവറുടെ സീറ്റില്‍ ഇരിക്കുകയായിരുന്നുവത്രേ. ഇയാളോട് കാറില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന്, നടപ്പാതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ പോലീസുമായി സഹകരിക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ വെള്ളക്കാരായ പോലീസുകാരാല്‍ കൊല്ലപ്പെടുന്നത് ഇതാദ്യമല്ല. അടുത്ത കാലത്തായി വംശീയ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നതിന്റെ തെളിവു കൂടിയാണിത്. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്.