പച്ചമണ്ണ് കത്തുമ്പോൾ (കവിത -നവീന പുതിയോട്ടിൽ)

കൂട്ടുകാരാ,

പച്ചമണ്ണ് കത്തുന്നത് നീ കണ്ടിട്ടുണ്ടോ?

മുളപൊന്തിയ പുൽനാമ്പുകൾ അപ്രത്യക്ഷമാകുന്നത് കണ്ടിട്ടുണ്ടോ?

എല്ലാം നിശബ്ദതയിൽ മാത്രം നടക്കുന്നതാണ്…

മുളങ്കാടുകൾ കത്തുമ്പോൾ ഇല്ലികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടിട്ടില്ലെ?

ശ്വാസമണഞ്ഞ പച്ചയുടൽ കത്തിക്കുമ്പോൾ അസ്ഥികൾ പൊട്ടിത്തെറിക്കുന്ന അതേ ശബ്ദം തന്നെ അല്ലെ…
ഒന്നോർത്തു നോക്കൂ…

പുല്ലാങ്കുഴൽ ഊതിത്തളർന്നവനാണോ തീപ്പെട്ടതെന്നറിയാൻ
പുകച്ചുരുളുകൾക്കിടയിലൂടെ ഒരു വഴിയും കാണാതെ കാട്ട് തീപോലെ മൺപുറ്റുകളിൽ പടർന്ന് കേറിക്കൊണ്ടേയിരിക്കുന്ന ചുടുവെട്ടം…

ഉള്ള് പൊള്ളി ഉയിര് വെടിഞ്ഞ് മണ്ണിനടിയിൽ ഓടിയൊളിച്ച പെണ്ണ് കിതച്ച് കിതച്ച് ചില നേരങ്ങളിൽ പാതാളം വിട്ടിറങ്ങും,,,,

കരഞ്ഞ് കലങ്ങിയ കണ്ണുകളിൽ വേനലിൽ ചുട്ടെടുത്ത കാഴ്ചകൾ പേറി പുറത്തിറങ്ങുമ്പോഴെല്ലാം
നനഞ്ഞ് നനഞ്ഞ് പൊതിർന്ന് പോയ മണ്ണ് ആളിയാളിക്കത്തുന്നു…

എന്തിനാണീ പിറകെ നടത്തം?

ഒരിക്കൽ മരിച്ച് അസ്ഥികൾ പൊട്ടിത്തെറിച്ച് കാട്ടുതീയിൽ പൊരിഞ്ഞു പോയ ഒരുടലുണ്ടെനിക്ക്…

മണത്ത് മണത്ത് അടുക്കുമ്പോഴൊക്കെ കത്തുന്ന ഉടൽ ചൂടിൽ മറഞ്ഞിരിക്കുന്ന തീക്കുണ്ഠങ്ങൾ നീ കാണുന്നതേയില്ല…

മരണം മണക്കുന്ന പച്ചമണ്ണിൽ എത്രവട്ടം തെഴുത്ത് പൊന്തിയെന്നോർമ്മയുണ്ടോ?
എന്നിട്ടും!