സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 10 പേര്‍ക്കും പാലക്കാട് 9 പേര്‍ക്കും കണ്ണൂര്‍ 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

17 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-6, യു.എ.ഇ.-6, ഒമാന്‍-2, സൗദി അറേബ്യ-1, ഖത്തര്‍-1, ഇറ്റലി-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്നാട്-9, തെലുങ്കാന-1, ഡല്‍ഹി-1, കര്‍ണാടക-1) നിന്നും വന്നവരുമാണ്.
പാലക്കാട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.

ഇന്ന് 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത്. 575 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,28,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1204 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 243 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 3206 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 65,002 വ്യക്തികളുടെ (ഓഗ്മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 62,543 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 12,255 സാംപിളുകള്‍ ശേഖരിച്ചതില്‍ 11,232 സാംപിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 5 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്‌സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുനിസിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്‌സ്പോട്ടുകളാണ് ഉള്ളത്.