കൊറോണക്കെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,264 പേര്‍ക്കാണ് രോഗം ഭേദമായത്. ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തി രോഗമുക്തി നിരക്കിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 47.40 ആണ് ഇന്ത്യയിലെ രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒറ്റ ദിവസം രോഗം ഭേദമായവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് രോഗമുക്തി നിരക്കില്‍ 4.51 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഇത് 42.89 ആയിരുന്നു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. ഇപ്പോള്‍ 86,422 പേരാണ് ചികിത്സയിലുള്ളത്.

രോഗം ഇരട്ടിക്കുന്നതിലും വലിയ വ്യത്യാസങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 15.4 ദിവസത്തിലാണ് ഇന്ത്യയില്‍ രോഗം ഇരട്ടിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയായി 13.3 എന്ന നിലയിലായിരുന്നു രോഗം ഇരട്ടിച്ചിരുന്നത്. 2.86 ആണ് ഇന്ത്യയിലെ മരണ നിരക്ക്. അതേസമയം, ചികിത്സയിലുള്ളവരില്‍ 2.55 ശതമാനം ആളുകള്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. 0.48 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയും 1.96 ശതമാനം പേര്‍ ഓക്‌സിജന്റെ സഹായത്തോടെയും ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.