തമിഴ്‌നാടിന്റെ പുതിയ തലൈവി ആകാന്‍ ജയലളിതയുടെ അനന്തരവള്‍, സ്വത്തിന് അവകാശിയായതിന് പിന്നാലെ പുതിയ നീക്കവുമായി ദീപ

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ തലൈവി ആകാന്‍ ജയലളിതയുടെ അനന്തരവള്‍ ദീപ ശ്രമം തുടങ്ങി. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് ദീപ വ്യക്തമാക്കി. കോടതി വിധിയിലൂടെ ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ അവകാശം സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കവുമായി ദീപ എത്തുന്നത്.

സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ദീപയുടെ പുറപ്പാട്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുകയാണെന്നും ജയലളിതയുടെ പേരില്‍ എഐഎഡിഎംകെ സര്‍ക്കാര്‍ നടത്തുന്നത് അഴിമതിയാണെന്നും പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകുമെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ സ്വത്തുകള്‍ അന്യായമായി കൈവശപ്പെടുത്തിയവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

ജയലളിത മരിച്ചപ്പോള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും വേണ്ടത്ര ക്ളച്ച്‌ പിടിച്ചില്ല. തുടര്‍ന്ന് ദീപ സ്വത്തുക്കളുടെ അവകാശത്തിനായി നിയമയുദ്ധത്തിനിറങ്ങുകയായിരുന്നു. നിയമപോരാട്ടത്തിലെ വിജയം പോലെ രാഷ്ട്രീയ വിജയവും തനിക്കൊപ്പം നില്‍ക്കുമെന്നാണ് ദീപ പ്രതീക്ഷയര്‍പ്പിക്കുന്നത്.