ഫ്‌ളോയിഡിന്റെ ഘാതകന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് ക്രൂരതയ്ക്കിരയായി മരിച്ച സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. കഴിഞ്ഞ ദിവസം ഫ്‌ളോയിഡിന്റെ സഹോദരന്‍ അടക്കം കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രധാന കുറ്റക്കാരനായ പോലീസുകാരന്‍ ഡെറിക് ഷോവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്ത ശേഷം കാലുകൊണ്ട് കഴുത്തില്‍ അഞ്ച് മിനുട്ടോളം അമര്‍ത്തിയിരുന്നു. ഷോവിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മിനിയോപോലീസ് ഭരണകൂടം കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

മിനസോട്ടയിലും മിനിയോപോലീസിലും ഫ്‌ളോയിഡിനെതിരെ മരണത്തില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റേഡ് എന്ന പേരിലാണ് പ്രതിഷേധം അരങ്ങേറുന്നത്. ഡെറിക് ഷോവിന്‍ ഫ്‌ളോയിഡിനെ കാലുകൊണ്ട് ചവിട്ടി നില്‍ക്കുന്നത് ദൃക്‌സാക്ഷികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. മൂന്നാം മുറ ഉപയോഗിച്ചു, നരഹത്യ എന്നീ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഷോവിന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പോലീസുകാരെയും നേരത്തെ തന്നെ പുറത്താക്കിയിരുന്നു. ഷോവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഹെന്നെപ്പിന്‍ കൗണ്ടി അറ്റോര്‍ണി മൈക്ക് ഫ്രീമാന്‍ പറഞ്ഞു.

കേസില്‍ ക്യാമറാ ദൃശ്യങ്ങള്‍ വളരെ വലിയ തെളിവാണ്. വളരെ ഭീകരമായ കാര്യങ്ങളാണ് സംഭവിച്ചത്. അത് നമ്മള്‍ വീണ്ടും കണ്ട് കൊണ്ടിരിക്കുകയാണ്. ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളുണ്ട്. പോലീസുകാരുടെ ദേഹത്തുണ്ടായിരുന്ന ക്യാമറകളും വലിയ തെളിവാണെന്ന് ഫ്രീമാന്‍ വ്യക്തമാക്കി. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോയില്‍ ഫ്‌ളോയിഡ് കരയുന്നതും തന്നെ വിട്ടയക്കാന്‍ പറയുന്നതുമുണ്ട്. കഴുത്തില്‍ കാല്‍ അമര്‍ത്തിയത് കൊണ്ട് തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഫ്‌ളോയിഡ് പറയുന്നുണ്ട്. എന്നാല്‍ ഇയാള്‍ കാലെടുത്തില്ല. അഞ്ച് മിനുട്ടുകള്‍ക്ക് ശേഷമാണ് കാലെടുത്തത്. അപ്പോഴേക്കും ഫ്‌ളോയിഡ് കൊല്ലപ്പെട്ടിരുന്നു.

അതേസമയം സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും മിനിയോപോലീസ് ഭരണകൂടത്തില്‍ നിന്ന് കടുത്ത നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇവര്‍ അറസ്റ്റോ മറ്റ് വകുപ്പുകളോ ചുമത്താനും തയ്യാറായിരുന്നില്ല. ഇതോടെയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പലരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പോലീസുകാരെ കൂടി അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തണമെന്ന് ആവശ്യമുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ വലിയ കെട്ടിടത്തിന് തീയിട്ടിരുന്നു. ഇതിനെതിരെ നടപടിയുണ്ടാവുമെന്നും ട്രംപ് പറഞ്ഞിരുന്നു.