ഒടുവിൽ ആയിരുന്നില്ല ഉണ്ണിയേട്ടൻ! (വിജയ് സി.എച്ച് )

“ഉണ്ണിയേട്ടനെ അറിയില്ല്യേ?” ജയറാം എന്നോടു ചോദിച്ചു.

‘മേലേപറമ്പിൽ ആൺവീടി’ൻറെ ഷൂട്ട് നടക്കുന്നിടത്തേക്ക് ചേർത്തലയിലെ കാർത്ത്യായനി ഹോട്ടലിൽനിന്നും ഞങ്ങൾ പോകുകയായിരുന്നു. ഒടുവിൽ ഉണ്ണികൃഷ്ണൻറെ അപ്പുറവും ഇപ്പുറവുമായി ജയറാമും ഞാനും കാറിൻറെ പിൻസീറ്റിൽ ഇരിക്കുന്നുണ്ട്!

“ഉണ്ണിയേട്ടൻ വിജയുടെ നാട്ടുകാരനാണ്…,” അൽപം മുന്നോട്ടു കുനിഞ്ഞ് മേലേപറമ്പിലെ നായകൻ, ഹരികൃഷ്ണൻ പറഞ്ഞു.

“ഉണ്ണിയേട്ടൻറെ വീട് എവിടെയാണ്?” ഞാൻ ഉണ്ണിയേട്ടനോടു ചോദിച്ചു.

“വടക്കാഞ്ചേരിയിലെ എങ്കക്കാട്,” ഉണ്ണിയേട്ടൻറെ മറുപടി.

“ഭരതേട്ടൻറെ ആ പ്രദേശത്താണോ?” ഞാൻ ഉണ്ണിയേട്ടനോട്.

“ഭരതൻറെ വീടിനടുത്തുതന്നെ,” ഉണ്ണിയേട്ടൻ.

സംവിധായകൻ ഭരതൻറെ ഭവനത്തിൽ ഒന്നുരണ്ടു പ്രാവശ്യം പോയിട്ടുള്ള എനിക്ക് അടുത്തുതന്നെയുള്ള ഉണ്ണിയേട്ടൻറെ വീട് അറിയാതെ പോയതിൽ അൽപം സങ്കോചം തോന്നി.

“എങ്കക്കാടിൽ, എവിടെയാണ്?” ഞാൻ ചോദിച്ചു.

“റെയിവേ ക്രോസ്സു കഴിഞ്ഞയുടനെ ഇടത്ത്,” ഉണ്ണിയേട്ടൻ.

“അൽപംകൂടി മുന്നോട്ടുപോയി റൈറ്റുതിരിഞ്ഞാലല്ലേ ഭരതേട്ടൻറെ വീട്?” ഞാൻ ചോദിച്ചു.

“അതെ,” ഉണ്ണിയേട്ടൻ തലയാട്ടി അനുകൂലിച്ചു.

പലപ്പോഴും അദ്ദേഹം പാലക്കാടുള്ള (കേരളശ്ശേരി) ഭാര്യാഗൃഹത്തിലായിരുന്നു താമസം എന്നതുകൊണ്ടായിരിക്കാം എങ്കക്കാടുമായി ഉണ്ണിയേട്ടനെ ബന്ധപ്പെടുത്താൻ എനിക്കു കഴിയാതിരുന്നത്.

ഏതായാലും ‘ഉണ്ണിയേട്ടൻ’ എന്ന അടുപ്പം തോന്നുന്ന സംബോധന എനിക്കേറെ ഇഷ്ടമായി.

അത്രയുംകാലം സംവാദങ്ങളിലെല്ലാം ഒടുവിൽ ഉണ്ണികൃഷ്ണനെ പരാമർശിച്ചിരുന്നത് ‘ഒടുവിലൻ’ എന്ന നാമധേയത്തിൽ ആയിരുന്നുവെങ്കിലും, എനിക്ക് ‘ഉണ്ണിയേട്ടൻ’ എന്ന ആദരവോടുകൂടിയ ചുരുക്കപ്പേര് ഏറെ സ്വീകാര്യമായതിനു കാരണം, ജയറാം ഇങ്ങിനെയാണ് അദ്ദേഹത്തെ വിളിച്ചത് എന്നതുകൊണ്ടുമാത്രമല്ല, എന്നെയും സ്‌നേഹമുള്ള പലരും ഈ പേരിലാണ് വിളിക്കുന്നത് എന്നതുകൊണ്ടുമാണ്!

ഉണ്ണികൃഷ്ണനെ ഉണ്ണിയെന്നു വിളിക്കുന്നത് പതിവ്. പക്ഷെ, എൻറെ ഔപചാരികമകായ പേരിൽ ഉണ്ണിയെന്നില്ല. എന്നാൽ ഞാൻ അമ്മയുടെ ഉണ്ണിയായിരുന്നതിനാൽ, അനിയത്തിമാർക്കും അനിയന്മാർക്കും ഞാൻ ഉണ്ണിയേട്ടനായി.

പത്രം വായിക്കുകയും ഇടക്ക് ഞങ്ങളുടെ വർത്തമാനം ശ്രദ്ധിച്ചുകൊണ്ടുമിരുന്ന ജയറാം കുസൃതി കലർത്തി പറഞ്ഞു: “അപ്പോൾ നിങ്ങൾ നാട്ടുകാരും, ഉണ്ണിയേട്ടന്മാരും, സുഹൃത്തുക്കളുമൊക്കെയായി. പാവം ഞാൻ ഔട്ട്!”
മൂന്നുപേരും ചിരിച്ചു.

അൽപ സമയത്തിനകം കാർ കായൽ തീരത്തെ പുതിയ ഷൂട്ടിങ് ലോക്കേഷനിലെത്തി. കാറിറങ്ങി മേലേപറമ്പിലെ ഹരികൃഷ്ണനും, കുട്ടൻ നായരും ഛായാഗ്രാഹകൻ‍ ആനന്ദക്കുട്ടൻ നിൽക്കുന്ന ഭാഗത്തേക്കു നീങ്ങി. എനിക്ക് അപ്പോയൻറ്മെൻറ് ഉണ്ടായിരുന്ന മേലേപറമ്പിലെ സംവിധായകൻ രാജസേനനെ തിരക്കി ഞാൻ മുന്നോട്ടു നടന്നു.

രാജസേനനോടു സംസാരിച്ചതിനുശേഷം ഞാൻ ലൊക്കേഷനിൽ ഉണ്ണിയേട്ടനെ അന്വേഷിച്ചു കണ്ടുപിടിച്ചു. ചേർത്തലയിൽനിന്ന് ഒരുമിച്ചു യാത്രചെയ്തപ്പോൾ കണ്ട കോലത്തിലായിരുന്നില്ല അപ്പോൾ അദ്ദേഹം. ആളാകെ മാറി, ശരിക്കുമൊരു ‘കുട്ടൻ നായർ’ ആയിരിക്കുന്നു!

“പരമു നായരും, പാച്ചു നായരും, പങ്കുണ്ണി മേനോനും, നിഷ്ക്കളങ്കൻ പിള്ളയും, X പൊതുവാളും, Y പണിക്കരും… പട്ടണ പ്രവേശത്തിലെ അഭ്യന്തര മന്ത്രിക്കും, ഒരു വടക്കൻ വീരഗാഥയിലെ നാടുവാഴിക്കും, പാഥേയത്തിലെ നമ്പൂതിരിക്കുമാണെങ്കിൽ ഉശിരും പോരാ… എന്താ ഉണ്ണിയേട്ടാ, തിരക്കഥ എഴുതുന്നവർ ചില പ്രത്യേക തരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവയല്ലാം ഉണ്ണിയേട്ടനെക്കൊണ്ടു ചെയ്യിപ്പിക്കുന്നതുപോലെ തോന്നുന്നു,” ഞാൻ മേലേപറമ്പിലെ കുട്ടൻ നായരോട് അഭിപ്രായപ്പെട്ടു.

“സമൂഹത്തിൽ നാനാതരത്തിലുള്ളവരുമുണ്ട്. സഹൃദയരും, സൗമ്യസ്വഭാവക്കാരും, ക്ഷമിക്കുന്നവരും, പൊറുക്കുന്നവരുമെല്ലാം. ഉദാഹരണം പറയാം. കിരീടത്തിൽ ഞാനും തിലകനും പോലീസ് കോൺസ്റ്റബിൾമാരാണ്. സ്വഭാവത്തിൽ ഞങ്ങൾ വിഭിന്നരാണ്. പ്രശ്നങ്ങൾ വേണ്ടെന്നു കരുതി, ഞാൻ ക്ഷമിക്കാൻ തയ്യാറാവുന്നു. എന്നാൽ, തിലകൻ അഭിനയിക്കുന്ന കോൺസ്റ്റബിൾ അച്യുതൻ നായർ, സാഹസത്തിന് ഒരുമ്പെടേണ്ടിവന്നാലും ക്രിമിനലുകളെ നിലക്കു നിർത്തണമെന്നു കരുതുന്ന ഉദ്യോഗസ്ഥനാണ്,” ഉണ്ണിയേട്ടൻ വിവരിച്ചു.

“കിരീടത്തിലെ സീനുകളെല്ലാം ഓർമ്മയിലെത്തുന്നു, ഉണ്ണിയേട്ടാ,” ഞാൻ പറഞ്ഞു.

ഒന്നാലോചിച്ചതിനു ശേഷം ഞാൻ കൂട്ടിച്ചേർത്തു: “കൊഴപ്പക്കാരെ നേരിടുന്നതിൽ ആ പോലീസുകാരൻ കുറച്ചുകൂടി ടോളറൻസ് കാണിച്ചിരുന്നുവെങ്കിൽ, മകൻ സേതുമാധവന് ഒരു ക്രിമിനലേ ആകേണ്ടിവരുമായിരുന്നില്ല. അദ്ദേഹം മോഹിച്ചതുപോലെ, മോഹൻലാലിനെ ഒരു പോലീസ് സബ് ഇൻസ്പെക്ടറായി മാറ്റുവാൻ കഴിയുമായിരുന്നു.”

“വിജയുടെ നിരീക്ഷണം വളരെ ശരി,” ഉണ്ണിയേട്ടൻ ഉറപ്പിച്ചു പറഞ്ഞു.

അത് തിലകൻറെ കുഴപ്പമല്ലെന്നും, മറിച്ച്, തിലകനു നൽകിയ കഥാപാത്രത്തിൻറെ പ്രകൃതമാണെന്നും ഉണ്ണിയേട്ടൻ വ്യക്തമാക്കി. തിലകൻറെ സ്വഭാവം തനിക്കും, തൻറെ സ്വഭാവം തിലകനും വേണമെന്ന് നമുക്ക് നിർബ്ബന്ധം പിടിക്കാൻ കഴിയുമോ, അദ്ദേഹം ചോദിച്ചു.

“പിന്നെ, ഒരു അഭിനേതാവിൻറെ രൂപത്തിനും ഭാവത്തിനുമൊക്കെ ഇണങ്ങുന്ന റോളാണ് അയാൾക്ക് സംവിധായകൻ നൽകുന്നത്. ലഭിച്ച റോൾ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്നത് ആ കലാകാരൻറെ കഴിവുമാണ്,” ഉണ്ണിയേട്ടൻ ഊന്നിപ്പറഞ്ഞു.

അങ്ങിനെയെങ്കിൽ, കിരീടത്തിലെ തിലകൻറെ റോൾ ഉണ്ണിയേട്ടനും, ഉണ്ണിയേട്ടൻറെ റോൾ തിലകനും ചെയ്തിരുന്നുവെങ്കിലോ, ഞാൻ ചോദിച്ചു.

“ഞാനും തിലകനും മുൻ സിനിമകളിൽ ചെയ്തുവന്ന റോളുകൾ നിമിത്തം, പ്രേക്ഷകർ കരുതുന്ന ഞങ്ങളുടെ ഇമേജുകൾ വിപരീത റോളുകൾക്ക് വിലങ്ങുതടിയായി നിലകൊള്ളും. എന്നാൽ, ഇതുപോലെയുള്ള കുറച്ചു റോളുകൾ തുടർച്ചയായി ചെയ്താൽ പുതിയ ഇമേജ് ലഭിക്കുകയും ചെയ്യുന്നു,” ഉണ്ണിയേട്ടൻ വാചാലനായി.

“പക്ഷെ, ഇതിൽ റിസ്കുണ്ട്. മമ്മുട്ടിയുടെ കോമഡി ജനം സ്വീകരിക്കാത്തത് നല്ലൊരു ഉദാഹരണമാണ്,” ഉണ്ണിയേട്ടൻ തുടർന്നു.

ലഞ്ചിനു ശേഷം ഉണ്ണിയേട്ടൻ ഫ്രീയായിരുന്നു. കേരക്ടർ അനാലിസിസ് എന്ന നിരൂപണ ശാഖയിലേക്ക് ഞങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെന്ന് ചർച്ച ചെയ്തു.

നർമ്മരസം തുളുമ്പുന്ന കവിതകളെഴുതിയിരുന്ന മാതൃസഹോദരൻ ഒടുവിൽ കുഞ്ഞികൃഷ്ണ മേനോനോടൊപ്പം കുട്ടിക്കാലം ചിലവിട്ട ഉണ്ണിയേട്ടന് തിലകനെപ്പോലെയാവാൻ കഴിയുമായിരുന്നോ?

താൻ പോലീസുകാരനാണെങ്കിലും നല്ലവനായ ഒരു കള്ളനേയും സ്നേഹിക്കാൻ കഴിയുമെന്നു ഉണ്ണിയേട്ടൻ പിന്നീട് തെളിയിച്ചു. സബ് ഇൻസ്പെക്ടറായിരുന്ന ഈപ്പൻ പാപ്പച്ചിയേക്കാൾ എത്രയോ നല്ലവരായിരുന്നില്ലേ ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരിയും, മീശ മാധവനും?

അഭിനയ മികവിന് മൂന്നു തവണ സംസ്ഥാന പുരസ്കാരം നേടിയ ഉണ്ണിയേട്ടൻ, ഒത്തിരി ഗാനങ്ങൾ ആലപിക്കുകയും, അതിലേറെ ഗാനങ്ങൾക്ക് സംഗീതം നൽകുകയുംചെയ്തിട്ടുണ്ട്.

ആദ്യംതന്നെ പറയേണ്ടിയിരുന്ന ഒരു കാര്യം, ഉണ്ണിയേട്ടൻ ഒന്നിലും ഒടുവിൽ ആയിരുന്നില്ലയെന്നതാണ്! ചരമദിനമെത്ര (മെയ് 27) കടന്നുപോയാലും, അദ്ദേഹത്തിനു മരണവുമില്ല!

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ