കോവിഡിനുമുന്നിൽ പരാജയപ്പെട്ട ഒരു ദൈവം (ഷിബു ഗോപാലകൃഷ്ണൻ )

ഫെബ്രുവരി പതിനെട്ടിന് 61 വയസുള്ള ഒരു സ്ത്രീയിൽ കോവിഡ് സ്ഥിരീകരിക്കുമ്പോൾ സൗത്ത് കൊറിയയിൽ ആകെ കേസുകൾ 31. പത്തുദിവസം കഴിഞ്ഞപ്പോൾ കേസുകളുടെ എണ്ണം 2,297. പിന്നെയും പത്തുദിവസം കഴിഞ്ഞപ്പോൾ 7,097. ഇതെല്ലാം സംഭവിച്ചത് ഒരൊറ്റ പേഷ്യന്റിൽ നിന്നായിരുന്നു- “പേഷ്യന്റ് 31”. അവരിൽ നിന്നും ആയിരക്കണക്കിനു മനുഷ്യരിലേക്കു വൈറസ് പടർന്നുപിടിച്ചതിനു കാരണം അവർ പങ്കെടുത്ത രണ്ടു പള്ളി പ്രാർത്ഥനകളായിരുന്നു. രണ്ടായിരത്തിലധികം മനുഷ്യരുമായിട്ടാണ് അവർ കോൺടാക്റ്റിലായത്. ഫലത്തിൽ സൗത്ത് കൊറിയ മുഴുവൻ ഒരാളുടെ പ്രാർത്ഥനകാരണം കോവിഡിന്റെ പിടിയിലായി.

ക്രിസ്തുവിന്റെ പിൻഗാമിയായി സ്വയം കരുതുന്ന ലീ മാൻ-ഹീ സ്ഥാപിച്ചതായിരുന്നു പള്ളി. ഏകദേശം രണ്ടുലക്ഷം അനുയായികളാണ് അദ്ദേഹത്തിനുള്ളത്. രാജ്യത്താകമാനം പന്ത്രണ്ടോളം ബ്രാഞ്ചുകൾ. രോഗം വരുന്നത് പാപമായി കരുതുന്നതാണ് അവരുടെ വിശ്വാസം, ഒരു പ്രത്യേകതരം വിശ്വാസമാണ്. പേഷ്യന്റ് 31 ആക്സിഡന്റിൽ പെട്ട് ആശുപത്രിയിലായപ്പോൾ ഉയർന്ന ടെമ്പറേച്ചർ ശ്രദ്ധിച്ച ഡോക്ടർ കൊറോണ ടെസ്റ്റിന് നിർദേശിച്ചെങ്കിലും അവർ പാപം ചെയ്യാൻ തയ്യാറായില്ല. അതിനുശേഷം പങ്കെടുത്ത രണ്ടുപ്രാർത്ഥനകൾ കോവിഡിന്റെ രാജ്യവ്യാപക വിസ്ഫോടനങ്ങളായി മാറി.

കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. പള്ളിക്കും ലീ മാൻ-ഹീക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമുയർന്നു. കൊറോണ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട പള്ളിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്നു പത്രസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട സ്വയംപ്രഖ്യാപിത ക്രിസ്തു രണ്ടുതവണ തല തറയിൽമുട്ടിച്ചു മനുഷ്യനെപ്പോലെ ജനങ്ങളോട് മാപ്പപേക്ഷിച്ചു. ഇത്തരത്തിൽ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നു ഏറ്റുപറഞ്ഞു.

പറഞ്ഞു വന്നത്, കോവിഡിന് ദൈവമെന്നോ, പള്ളിയെന്നോ അമ്പലമെന്നോ ഒന്നുമില്ല, ആളുകൾ കൂടുന്നിടത്തെല്ലാം പുള്ളി പെരുന്നാളു നടത്തും. ഇപ്പോൾ തുറക്കണം എന്നൊക്കെ പറഞ്ഞു വാളെടുക്കുന്നവർ പറയുന്നതുകേട്ട് കൂട്ടംകൂടാൻ പോയാൽ, അവറാച്ചാ പണി വരും.

ന്യായവിധിയുടെ ദിവസം 1,44,000 മനുഷ്യരെ തന്റെയൊപ്പം സ്വർഗത്തിലേക്ക് കൂട്ടുമെന്ന് പറയുന്ന, ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത് രഹസ്യ സൂചനകളാൽ ആണെന്നും അതിനെ വായിച്ചു മനസിലാക്കാൻ തനിക്കു മാത്രമാണ് കഴിയുന്നതെന്നും അവകാശപ്പെടുന്ന ഒരു ദൈവം, കോവിഡിനുമുന്നിൽ പരാജയപ്പെട്ട് മുട്ടുകുത്തി കുമ്പസാരിക്കുന്ന ചിത്രമാണ് ഈ കാണുന്നത്.