ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം: നാലുപേര്‍ അറസ്റ്റില്‍

തലശ്ശേരി: ക്വാറന്റൈന്‍ ലംഘിച്ചെന്ന് വ്യാജ പ്രചാരണവും മാനസിക പീഡനവും നടത്തിയതില്‍ മനംനൊന്ത് ന്യൂ മാഹി പി.എച്ച്‌.സിയിലെ കമ്മ്യൂണിറ്റി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാലു പേരെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു.
മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍.വി.അജയകുമാര്‍, ന്യൂമാഹി വില്ലേജ് ഓഫീസര്‍ മുരളി , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.ടി.കെ. മനോജ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മനോജ് കുമാര്‍ ഒരു വര്‍ഷത്തോളമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. യുവതിയുടെ രഹസ്യമൊഴി ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് രക്തസമ്മര്‍ദ്ദം കുറയാനുള്ള നാല്‍പ്പത് ഗുളികകള്‍ ഒന്നിച്ച്‌ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്നെത്തിയ സഹോദരിയുമായി സമ്ബര്‍ക്കമുണ്ടായെന്നും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സമരം നടത്തിയിന് പിന്നാലെയായിരിരുന്നു ഇത്.

പരിയാരം മെഡി. കോളേജില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.