ആദ്യ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് കുറ്റവും ശിക്ഷയും വിധിച്ചിരുന്നത് സെല്‍ കോടതികള്‍:ജോസഫൈന്‍ പറഞ്ഞത് സത്യം

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ പ്രത്യേകിച്ച് സിപിഎമ്മിനു സ്വന്തമായി കോടതിയും പോലീസ് സ്‌റ്റേഷനുമുണ്ടെന്ന സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്റെ പ്രസ്ഥാവനയില്‍ പുതുമ കാണേണ്ടതില്ല 1957 ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി അണികള്‍ കേരളത്തിലുടനീളം സെല്‍കോടതികള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്ന സംബ്രദായം ഉണ്ടായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ വ്യാപക പ്രചരണം നടത്തിയിരുന്നു.

കേരളത്തില്‍ ഒരു സമാന്തര ജനകീയ ജുഡീഷ്യറിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ കോടതികള്‍. രാജ്യത്ത് നിലനിന്നിരുന്ന ക്രിമിനല്‍ ശിക്ഷാ നിയമത്തില്‍ നിന്നു വ്യത്യസ്ഥമായി കമ്യൂണിസ്റ്റുകാര്‍ എല്ലാ മണ്ഡലങ്ങളിലും പ്രയോഗത്തില്‍ വരുത്തിയ ഒരു പദ്ധതിയായിരുന്നു പാര്‍ട്ടിയുടെ സെല്‍ കോടതികള്‍. അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് അനുയായികള്‍ നാട്ടില്‍ അഴിച്ചുവിട്ട അരാജകത്വത്തിന്റെ ഒരു ഉല്‍പ്പന്നമായിരുന്നു സെല്‍ കോടതി. ഇവരുടെ തിട്ടൂരങ്ങള്‍ ലംഘിക്കുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നത് പതിവായിരുന്നു.

ഈ കോടതികളുടെ ഉത്തരവുകള്‍ക്ക് അപ്പീലുണ്ടായിരുന്നില്ല. പാര്‍ട്ടി പ്രാദേശിക നേതാക്കന്മാര്‍ കൊടുക്കുന്ന നോട്ടീസനുസരിച്ച് കോടതി എന്നുപറയുന്ന പാര്‍ട്ടി ആപ്പീസില്‍ ചെന്നില്ലെങ്കില്‍ കേസ് അവര്‍ എക്‌സ്പാര്‍ട്ടിയായി വിധിക്കും. ആ വിധി അനുസരിച്ചുകൊള്ളണം. ഇല്ലെങ്കില്‍ അവരെ പാര്‍ട്ടിയുടെ ഗുണ്ടകള്‍ ക്രൂരമായി ശിക്ഷിക്കും. ചിലപ്പോള്‍ കൊല്ലുകയും ചെയ്യും. ആദ്യഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് രീതിയനുസരിച്ച് സെല്‍ കോടതികളില്ലെന്നും പാര്‍ട്ടി ശത്രുക്കള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതാണെന്നും ഇഎംഎസ് അടക്കമുള്ള നേതാക്കളുടെ പ്രതികരണം. സെല്‍ കോടതികള്‍ നല്‍കിയ നോട്ടീസുകള്‍ അക്കാലത്ത് പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന പി.ടി. ചാക്കോ അത്തരമൊരു സെല്‍കോടതി നോട്ടീസ് നിയമസഭയില്‍ ഹാജരാക്കി. അക്കാലത്ത് പൊതുജനശ്രദ്ധയാകര്‍ഷിച്ച രണ്ടു നോട്ടീസുകള്‍ ഇങ്ങനെയായിരുന്നു.

‘ ചാത്തന്‍തറ, ജൂണ്‍ 24, ഉലഹന്നാന്‍ മാണി, ഉലഹന്നാന്‍ ജോണ്‍ എന്നിവര്‍ക്ക് ചാത്തന്‍ തറ കമ്യൂണിസ്റ്റ് സെല്‍ സെക്രട്ടറി സ. ഒ.എം. കുഞ്ഞുചെറുക്കന്‍ അയച്ച നോട്ടീസ് —

പത്തനംതിട്ട താലൂക്കില്‍ റാന്നി പകുതിയില്‍ കുന്നംമുറി ഇടത്തിക്കാവില്‍ എക്‌സ്‌ചേഞ്ചായി അനുവദിച്ചു തന്നിട്ടുള്ള സ്ഥലത്ത് പുതിയതായി കൃഷിക്കുവന്നിട്ടുള്ള കുഞ്ഞുലോനപ്പന്‍ എന്നുവിളിച്ചുവരുന്ന ആളിന്റെ മക്കള്‍ ഉലഹന്നാന്‍ മാണി, ഉലഹന്നാന്‍ ജോണ്‍ എന്നിവരെ തെരിയപ്പെടുത്തുന്ന നോട്ടീസ്–

നിങ്ങളെ പ്രതിയാക്കി ടി- സ്ഥലത്ത് താമസം വെച്ചുകുന്നന്‍ മര്‍ക്കോസ് വര്‍ക്കി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചാത്തന്‍തറ സെല്ലിലേക്ക് ഇന്നേദിവസം 8-7-57 തിങ്കളാഴ്ച നാലുമണിക്ക് തീര്‍ക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാല്‍ കൃത്യസമയം ചാത്തന്‍തറ കവലയിലുള്ള ഇലക്ഷന്‍ ആഫീസില്‍ വന്നുചേരണമെന്നു ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
എന്ന്
സെല്‍ സെക്രട്ടറി
സ. ഒ. എം. കുഞ്ഞുചെറുക്കന്‍
(ഒപ്പ്)

പട്ടണക്കാട് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഫീസില്‍ നിന്നും അയച്ച ഒരു സമന്‍സിന്റെ പകര്‍പ്പ്മുന്‍ നിശ്ചയപ്രകാരം മണക്കാരന്‍ ചാത്തുവിന് സിദ്ധിച്ച കുഴിക്കാളതീറാധാരപ്രകാരമുള്ള രണ്ട് ഏക്കര്‍ 21 സെന്റ് സ്ഥലം അളവുചെയ്ത് നിങ്ങളും കുഞ്ഞുരാമനുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ തീര്‍പ്പാന്‍ 14-7-57 ന് നിശ്ചയിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ വിസ്തീര്‍ണത്തെ പറ്റി വല്ല ആക്ഷേപവുമുണ്ടെങ്കില്‍ ശരിയായ രേഖകളോടു കൂടി അളവു ചെയ്യാന്‍ നിങ്ങള്‍ സഹകരിക്കേണ്ടതാണ്. അളവു ചെയ്യുന്ന ഗവ. ഉദ്യോഗസ്ഥന് ആ ദിവസം അളവു ചെയ്യാന്‍ സാധിക്കാതെ വരുന്നപക്ഷം വിവരം നിങ്ങളെ ധരിപ്പിക്കുന്നതാണ്.
എന്ന്
ഒ.വി. ചാത്തന്‍
കമ്യൂണിസ്റ്റ് പാര്‍ട്ടി ആഫീസ്
പട്ടണക്കാട്

ഇത്തരത്തില്‍ പൊതു ജനങ്ങളെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനെതിരായി നോട്ടീസ് അയച്ചു വരുത്തുകയും ശിക്ഷിക്കുകയും ചെയ്യ്തിരുന്ന പ്രാകൃത സെല്‍ കോടതികള്‍ അക്കാലത്തു മാത്രമല്ല ഇപ്പോഴും സിപിഎമ്മിനു സ്വാധീനമുള്ള പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നുണ്ട.അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടി കോടതി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. പി.കെ. ശശി എംഎല്‍എക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായപ്പോള്‍ ഇരയെക്കൊണ്ടു പോലീസ് സ്‌റ്റേഷനിലോ കോടതിയിലോ പരാതി കൊടുക്കാതെ പാര്‍ട്ടിക്ക് പരാതി കൊടുത്ത് ഒതുക്കി തീര്‍ത്തത്.

57 ലെ കമ്യൂണിസ്റ്റ് ഭരണകാലത്ത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍പ്പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെല്ലുകള്‍ ഇടപെട്ടതായാണ് ചരിത്രരേഖകള്‍ പറയുന്നത്. ആലപ്പുഴ ജില്ലയിലെ വയലാറില്‍ മാതാപിതാക്കളുടെ ഇഷ്ടത്തിനു വിരുദ്ധമായി പാര്‍ട്ടി സെല്‍ കോടതിയുടെ തീരുമാനപ്രകാരം ഒരു കമ്യൂണിസ്റ്റുകാരനെകൊണ്ട് വിവാഹം കഴിപ്പിക്കല്‍ വലിയ വിവാദമായിരുന്നു.

ഇതിനെക്കാള്‍ ക്രൂരമായ മറ്റൊരു സംഭവം അക്കാലത്ത് കോട്ടയത്ത് നടന്നിരുന്നു. തങ്കമണി എന്നൊരു 14 വയസുകാരിയെ പെരുമാറ്റ ദൂഷ്യം ആരോപിച്ച് നാടുകടത്താന്‍ സെല്‍ കോടതി വിധിച്ചിരുന്നു. ഗതികെട്ട് ആ പെണ്‍കുട്ടിയുടെ കുടുംബം നാടുവിട്ടു പോകേണ്ടിവന്നു. ഇത്തരത്തില്‍ കമ്യൂണിസ്റ്റു നേതാക്കളുടെ ധാര്‍ഷ്ട്യവും നിയമ വിരുദ്ധമായ നടപടികളും നടപ്പാക്കുന്ന സെല്‍ കോടതികള്‍ അന്നും ഇന്നും കേരളത്തില്‍ നിലവിലുണ്ടെന്നെത് പരമ സത്യമാണ്. ഇക്കാര്യമാണ് ജോസഫൈന്റെ വെളിപ്പെടുത്തലിലൂടെ പുറത്തു ചാടിയത്.

സെല്‍ സെക്രട്ടറിമാര്‍ക്ക് നിഗ്രഹ ശക്തികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇക്കാലത്തും പലയിടത്തും നടപ്പിലാക്കുന്നുണ്ട്. ടി.പി. ചന്ദ്രശേഖരന്‍, ഷുഹൈബ്, അരിയില്‍ ഷുക്കൂര്‍, ശരത് ലാല്‍, കൃപേഷ് തുടങ്ങിയവരൊക്കെ ഇത്തരം സെല്‍ കോടതികളുടെ വിധി നടപ്പാക്കിയതിന്റെ ഇരകളാണ്. നിഷ്ഠൂരമായി പാര്‍ട്ടി തീരുമാനം നടപ്പിലാക്കിയതു മൂലം ജീവന്‍ നഷ്ടപ്പെട്ട രക്തസാക്ഷികളാണ്.

കള്ളച്ചാരായം പിടിക്കാന്‍ ചെന്നവരെ തടഞ്ഞകേസില്‍ കമ്യൂണിസ്റ്റ് എംഎല്‍എ എം സദാശിവനെ നെയ്യാറ്റിന്‍കര അഡീഷണല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് 300 രൂപ ശിക്ഷിച്ചത് അക്കാലത്ത് സഖാക്കള്‍ക്ക് ഏറ്റ വലിയ തിരിച്ചടിയായിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി അക്രമിസംഘ തലവനായി പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് 1959 ജനുവരി രണ്ടിന് പുറപ്പെടുവിച്ച വിധിയില്‍ കോടതി പറഞ്ഞത്. സെല്‍കോടതി തീരുമാനപ്രകാരമായിരുന്നു കള്ളവാറ്റുകാരെ രക്ഷിക്കാന്‍ എംഎല്‍എ സ്ഥലത്തെത്തിയത്.