ലൈംഗീക പീഡന ശ്രമം: സിപിഎം ഏര്യാ കമ്മിറ്റി അംഗത്തെ പുറത്താക്കി, പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും പാര്‍ട്ടി ഇരയെ പിന്തിരിപ്പിച്ചു

കണ്ണൂര്‍: ലൈംഗീക പീഡന പരാതിയുടെ പേരില്‍ സിപിഎം നേതാവിനെ പുറത്താക്കി
കുത്തുപറമ്പ് ഏര്യാ കമ്മിറ്റി അംഗവും പാട്യം മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ വി. രാജനെ ലൈംഗീക പീഡന പരാതിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും ഇരയെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചതായും ആക്ഷേപമുണ്ട്.

പാര്‍ട്ടി ഗ്രാമമായ പാട്യത്തെ ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. പോലീസില്‍ പരാതി നല്‍കാതെ പാര്‍ട്ടി ഇടപെട്ട് കേസ് ഒതുക്കുകയായിരുന്നു. പാര്‍ട്ടിയുടെ ഈ നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ സ്ത്രീയെ രാജന്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് അവര്‍ ഏര്യാ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇയാള്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ ചെറുത്തതുകൊണ്ട് ശാരീരിക പീഡനത്തില്‍ നിന്നും അവര്‍ രക്ഷപെട്ടുവെന്നാണ് അവര്‍ പരാതിയില്‍ പറയുന്നത്.

ബന്ധുക്കള്‍ക്കൊപ്പം പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും പാര്‍ട്ടിയിലെ ഉന്നതര്‍ ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. കൂത്തുപറമ്പിലെ സഹകരണ സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാരനാണ് അധ്യാപകന്‍കൂടിയായ രാജന്‍.

തന്റെ പാര്‍ട്ടിക്ക് സ്വന്തമായി കോടതിയും പോലീസും ഉണ്ടെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്റെ പ്രസ്ഥാവന ശരിവയ്ക്കുന്ന തരത്തിലാണ് കൂത്തുപറമ്പിലെ സംഭവങ്ങള്‍. പാര്‍ട്ടി ഒരേ സമയം കോടതിയും പോലീസ് സ്‌റ്റേഷനുമാണെന്ന ജോസഫൈന്റെ പ്രസ്ഥാവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂത്തുപറമ്പ് സംഭവത്തിലും പരാതിക്കാരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പരാതി നല്‍കിയപ്പോഴും സമാനമായ സംഭവമാണ് ഉണ്ടായത്. പരാതിക്കാര്‍ പാര്‍ട്ടി അന്വേഷിക്കട്ടെ എന്നു പറഞ്ഞാല്‍ പിന്നെ വനിതാ കമ്മിഷന്‍ അന്വേഷിക്കേണ്ട കാര്യം ഇല്ല എന്നാണ് ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്.