വിമാനത്തില്‍ കേറാന്‍ ആളില്ല; ചൈനയിലേക്ക് പന്നികളെ കയറ്റി അയച്ച് ഒരു വിമാന കമ്പനി

മോസ്‌കോ: കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ചതോടെ ചൈനയിലേക്ക് പന്നികളെ കയറ്റി അയച്ച് ലാഭം കൊയ്ത് റഷ്യന്‍ വ്യോമയാന കമ്പനിയായ വോള്‍ഗ ഡെനപര്‍. അലക്‌സി ഇസയ്കിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വോള്‍ഗ ഡെനപര്‍ ഈവര്‍ഷം ഇതുവരെ ഫ്രാന്‍സില്‍നിന്ന് ചൈനയിലേക്ക് 3000 പന്നികളെയാണ് കയറ്റി അയച്ചത്.

ബോയിങ് 747 വിമാനത്തില്‍ തടികൊണ്ടുള്ള കൂടുകളില്‍ അടച്ചാണ് 10,400 കിലോമീറ്റര്‍ (650 മൈല്‍) ദൂരത്തേയ്ക്ക് ഇവയെ കടത്തിയത്. ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ മൂലം നശിച്ച ലോകത്തിലെ ഏറ്റവും വലിയ പന്നി ചന്തയുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു ഇത്. ഈവര്‍ഷം ആദ്യനാലു മാസത്തിനുള്ളില്‍ 2,54,533 ടണ്‍ പന്നിയിറച്ചി യുഎസില്‍നിന്ന് ചൈനയില്‍ എത്തിച്ചിരുന്നു. 2019ല്‍ ചൈന ഇറക്കുമതി ചെയ്തത് 2,45,000 ടണ്‍ ഇറച്ചിയേക്കാള്‍ അധികമാണ് ഇത്.

സാറ്റലൈറ്റില്‍നിന്നുള്ളവ മുതല്‍ അടിയന്തര പാലംവരെ എത്തിച്ചുനല്‍കുമെന്ന് അവകാശപ്പെടുന്ന അലക്‌സി ഇസയ്കിന്റെ കാര്‍ഗോ കമ്പനി, മാസ്‌ക്, ഹസ്മാറ്റ് സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി തെരുവുകളില്‍ അണുനശീകരണം നടത്തുന്ന വാഹനങ്ങള്‍ വരെ റഷ്യ, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് അയയ്ക്കാറുണ്ട്. എങ്കിലും 2019 ഏപ്രിലിലേക്കാളും 32 ശതമാനമാണ് വോള്‍ഗ ഡെനപറിന്റെ ഈ വര്‍ഷത്തെ ലാഭം.രാജ്യാന്തര വ്യോമയാന മേഖല ഏറ്റവും തകര്‍ച്ച നേരിടുന്ന സമയമാണിത്. എന്നാല്‍ കാര്‍ഗോ കമ്പനികള്‍ക്ക് ഏറെ നേട്ടമുണ്ടാകുന്ന സമയവും.

മുന്‍പ് യാത്രവിമാനങ്ങളിലാണ് ഭൂരിഭാഗം കാര്‍ഗോയും അയച്ചിരുന്നത്. ഈ സംവിധാനം ഇല്ലാതായതോടെ എല്ലാവരും കാര്‍ഗോ വിമാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ഇതോടെ വിമാനസര്‍വീസ് റേറ്റിലും ഇരട്ടിയുടെ വ്യത്യാസമാണുള്ളതെന്ന് അലക്‌സി പറയുന്നു.