ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍

കോഴിക്കോട്: കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ഇന്ന് വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് ചുമതലയേറ്റത്. കൊവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമാണെന്ന് ശ്രീധന്യ പ്രതികരിച്ചു.

ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാര്‍ഥയോടെ അതൊക്കെ ചെയ്യുമെന്നും ശ്രീധന്യ പറഞ്ഞു.ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്മായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ 2016ല്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കലക്ടറായിരുന്ന, നിലവില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. അദേഹത്തിന്റെ കീഴില്‍ ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും ശ്രീധന്യ പറഞ്ഞു.