കൊവിഡ് 19 വൈറസിന്റെ ആഗോളവ്യാപനം ഗുരുതരമാകുന്നു; അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുന്നു

കൊവിഡ് 19 വൈറസിന്റെ ആഗോള വ്യാപനം കൂടുതല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതേസമയം അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അമേരിക്ക ഉല്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വര്‍ണവെറിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കന്‍ ഭുഖണ്ഡങ്ങളിലാണ് ഇപ്പോല്‍ രോഗവ്യാപനം കൂടുതല്‍. ലോകത്ത് കഴിഞ്ഞ ഒമ്പത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 1,36,000 പുതിയ കൊവിഡ് രോഗികളുണ്ടായി. 72 ലക്ഷത്തോളം ആളുകള്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചത്. രോഗവ്യാപനം തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. എന്നിരുന്നാലും ഒരുരാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോക്കം പോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളിലും രോഗവ്യാപനം കൂടുകയാണ്. ബ്രസീലാണ് രോഗത്തിന്റെ നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്.

അതേസമയം ലോകത്തിന്റെ പലഭാഗത്തും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗ്ധയായ മരിയ വാന്‍ കോര്‍കോവ് വ്യക്തമാക്കിയത്. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്താകമാനം രോഗബാധിതരുടെ എണ്ണം ഇതിനോടകം 71.93 ലക്ഷമായി ഉയര്‍ന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. അമേരിക്കയാണ് കൊറോണ രോഗികളില്‍ മുന്നില്‍. അമേരിക്കയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 20.26 ലക്ഷമായി. 1.13 ലക്ഷത്തോളം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്.

ബ്രസീലിലും റഷ്യയിലും കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ബ്രസീലില്‍ 7.10 ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മരണം 37,312 കടന്നു. റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5971 പേര്‍ മരിച്ചു. ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 2.65 ലക്ഷമായി. 7473 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.