മുൻ മാനേജർ ദിശയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുശാന്ത് സിങിന്റെയും മരണം; ഞെട്ടലിൽ ബോളിവുഡ്

സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടലിലാണ് ബോളിവുഡ് ഒന്നാകെ. താരം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയൻ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതു ബോളിവുഡിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.

മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു അഞ്ച് ദിവസം മുമ്പ് ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിലും കണ്ടെത്തിയത്.

മലാഡിലെ കെട്ടിടത്തിലെ 14ാം നിലയിൽനിന്ന് ദിശ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംഭവം ആത്മഹത്യയാണെന്ന സൂചന പോലീസ് നൽകിയിരുന്നു.

സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുൺ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയവരോടൊപ്പവും ദിശ സാലിയൻ പ്രവർത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.