ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്ന മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്ന പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. ഇവര്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. അവരുമായി ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്‍ക്കെതിരെയാകും കേസെടുക്കുക.

ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് നേരത്തെ ക്വാറന്റീനില്‍ ഇളവ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവില്‍ പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരും ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാന്‍ പാടില്ല. പരീക്ഷ എഴുതുന്നവര്‍ മറ്റൊരു സ്ഥലത്തേക്കും പോവുകയും ചെയ്യരുത്. പരീക്ഷാത്തീയതിയുടെ മൂന്ന് ദിവസം മുമ്പ് ഇവര്‍ക്ക് കേരളത്തിലേക്ക് വരാമെന്നും പരീക്ഷാത്തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കാനും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.