ഷൈന ത്രിവേദിക്ക് പ്രസിഡന്‍റ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്

റൊസെല്ലി: ഇല്ലിനോയ് റൊസെല്ലി ലേക്ക് പാർക്ക് ഹൈസ്കൂളിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി ഷൈന ത്രിവേദി ഈ വർഷത്തെ പ്രസിഡന്‍റ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡിന് അർഹയായി.

1983 ൽ സ്ഥാപിതമായ ഈ അവാർഡ് എലിമെന്‍ററി, മിഡിൽ, ഹൈസ്കൂളൂകളിൽ നിന്നും ഉയർന്ന നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾക്കാണ് ലഭിക്കുക. 2020-21 വർഷത്തെ ഇല്ലിനോയ് സ്റ്റേറ്റ് സ്കോളറായി ഷൈന ത്രിവേദി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 5.0 ജിപി എയോറാ ഹൈസ്കൂൾ ഗ്രാജുവേറ്റ് ചെയ്ത മകൾക്ക് നിരവധി അവാർഡുകളും ബഹുമതികളും ലഭിച്ചിട്ടുണെന്ന് ഷൈനയുടെ മാതാവ് ഹൈന ത്രിവേദി അഭിമാനത്തോടെ ഓർക്കുന്നു. ഓൺലൈനിലൂടെയാണ് ഇത്തവണ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതെങ്കിലും ഉയർന്ന വിജയം ലഭിച്ചത് ഈശ്വരാനുഗ്രഹമായിട്ടാണ് കാണുന്നതെന്നും മാതാവ് കൂട്ടിച്ചേർത്തു. സാമൂഹ്യ പ്രവർത്തനങ്ങളിലും ലോക്കൽ ലയൺസ് ക്ലബ് പ്രവർ‌ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഷൈന. കുക്ക് കൗണ്ടിയും ഷൈനയുടെ നിരവധി നേട്ടങ്ങളെ മാനിച്ചു പ്രത്യേക അവാർഡ് നേരത്തെ നൽകിയിരുന്നു.