പൊട്ടിക്കരച്ചിലും ശബ്ദമിടറിയും നഞ്ചമ്മ

കൊച്ചി: സച്ചിയുടെ മൃതദേഹം തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വൈകാരിക രംഗങ്ങള്‍. ‘സാറോ….’ എന്ന് വിളിച്ച് ഓടിയെത്തുകയായിരുന്നു നഞ്ചമ്മ. ‘എന്നെ നാട് മക്കള് തെരിയമാതിരി വെച്ച് സാറ്’ എന്ന് ഉറക്കെ വിളിച്ച് കരയുകയായിരുന്നു. മൗനത്തില്‍ നില്‍ക്കുന്ന നടന്‍ പൃഥ്വി രാജിന്റെ മുഖവും വേദന സൃഷ്ടിക്കുന്നതാണ്. സച്ചിയെക്കുറിച്ചു പറയുമ്പോള്‍ നക്കുപ്പതി പിരിവ് ഊരിലെ നഞ്ചമ്മയ്ക്ക് വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.

പൃഥ്വിരാജ്, രഞ്ജിത്ത്, ബിജു മേനോന്‍, സുരാജ്, സുരേഷ് കൃഷ്ണ, ?ഗൗരി നന്ദ എന്നിവരെല്ലാം സച്ചിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സച്ചിയുമായി ദീര്‍ഘകാലങ്ങളായി അടുപ്പമുള്ള സുരേഷ് കൃഷ്ണ രവിപുരത്തെ ശ്മാശാനത്തിലെത്തി അന്ത്യചുംബനം നല്‍കി. സുഹൃത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം.

അയ്യപ്പനും കോശിക്കും വേണ്ടി നഞ്ചമ്മ പാടിയ നാടന്‍ പാട്ടുകള്‍ വലിയ ഹിറ്റായിരുന്നു. കാലിമേയ്ക്കല്‍ തൊഴിലാക്കിയ ആദിവാസി ഇരുള വിഭാഗത്തില്‍പ്പെട്ട നഞ്ചമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് സിനിമയ്ക്കായി പാടിയത്. ഇതില്‍ ‘കളക്കാത്തെ… എന്നുതുടങ്ങുന്ന പാട്ട് സിനിമയുടെ ടൈറ്റില്‍സോങ്ങായി റിലീസ് ചെയ്തതോടെ നഞ്ചയമ്മയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ