കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു: സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ അവധി റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ അവധി റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍.
കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കി.

അവധി എടുത്തിട്ടുള്ള ജീവനക്കാരോട് എത്രയും പെട്ടെന്ന് അത് റദ്ദ് ചെയ്ത് ജോലിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ വരുന്ന എല്ലാ ആശുപത്രികളിലെയും മെഡിക്കല്‍ സ്ഥാപനങ്ങളിലെയും എംഡിമാര്‍ക്കും ഡീനുമാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം, ഏറ്റവും അടിയന്തിരമായ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാനും ഉത്തരവില്‍ അനുമതി നല്‍കുന്നുണ്ട്.

മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും അധകം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്. സംസ്ഥാനത്തെ കോവിഡ് 19 രോഗികളെ വീട്ടില്‍ ക്വാറന്റീനില്‍ ഇരിക്കാന്‍ അനുവദിക്കുന്നതിനും മുമ്പ് സര്‍ക്കാര്‍ നിയന്ത്രിത സൗകര്യങ്ങളില്‍ അഞ്ചുദിവസം ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയിലാജ് പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു.

എന്നാല്‍, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവും വലിയ ക്വാറന്റീന്‍ സൗകര്യം ഒരുക്കാനുള്ള സ്ഥലസൗകര്യം ഇല്ലായ്മയും ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനത്തെ ഡല്‍ഹി സര്‍ക്കാര്‍ വിമര്‍ശിച്ചത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷിക്ക് ഈ ആഴ്ച കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.