വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം; 5 കോടിയുടെ സഹായത്തിന് പിന്നാലെ തെലങ്കാന സര്‍ക്കാറിന്റെ ആദരം

ഹൈദരാബാദ്: ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു.

സന്തോഷ് ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 5 കോടി രൂപ സഹായം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതിനു പിന്നാലെയാണ് ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കുന്നത്.

തെലങ്കാന സൂര്യപേട്ട സ്വദേശിയാണ് കേണല്‍ സന്തോഷ് ബാബു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുള്‍പ്പെടെ സജീവ സാന്നിദ്ധ്യമായിരുന്നു കേണല്‍ സന്തോഷ് ബാബു.

ലഡാക്കില്‍ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാന്‍ഡിങ് ഓഫീസറായ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി രൂപ സഹായം തെലങ്കാന സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും, വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചിരുന്നു.
വീരമൃത്യു വരിച്ച മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സര്‍ക്കാര്‍ നല്‍കും.