തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണം ശക്തമാക്കുന്നു; രണ്ട് പ്രദേശങ്ങള്‍കൂടി കണ്ടെയിന്‍മെന്റ് സോണില്‍

തിരുവനന്തപുരം: ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. രണ്ട് സ്ഥലങ്ങള്‍ കൂടി ഇന്ന് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നിലവിലെ ആറ് കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറമെ തൃക്കണ്ണാപുരം , വള്ളക്കടവ് പ്രദേശങ്ങളുമാണ് പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍.

രോഗം ബാധിച്ച വിഎസ് എസ് സി ജീവനക്കാരന്റ വിരമിച്ച വിഎസ് എസ് എസ് സി ജീവനക്കാരന്റെയും സങ്കീര്‍ണ്ണമായ റൂട്ട് മാപ്പ് പുറത്തുവന്നത് നഗരത്തിലെ ആശങ്ക കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വിഎസ് എസ് സി ജീവനക്കാരന്‍ നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 15 നാണ് ആദ്യം രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.

16ന് തിരുമല ശ്രീകൃഷ്ണ ആശുപത്രിയില്‍ ഡോക്ടറെ കണ്ടു, 18ന് ചാലയിലെ നിരവധി കടകളിലും ബാങ്കിലും സന്ദര്‍ശിച്ചു. 19ന് വീണ്ടും ശ്രീകൃഷ്ണ ആശുപത്രിയിലെത്തി, 21ന് പിആര്‍എസ് ആശുപത്രിയിലും. 24നാണ് കൊവിഡ് 19 പോസീറ്റീവായത്. വിഎസ് എസ്സിയില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന 12 ജീവനക്കാര്‍ ഇതിനം നിരീക്ഷണത്തിലാണ്.

രോഗം ബാധിച്ച വിരമിച്ച വിഎസ്എസ്എസി ജീവനക്കാരന്‍ 23ന് കുളത്തൂരിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. 18ന് രോഗലക്ഷണങ്ങള്‍ കണ്ടശേഷം അനന്തപുരി ആശുപത്രിയില്‍ നിരന്തരം പോയിരുന്നു. കൊവിഡ് ബാധിച്ച സ്റ്റേഷനറി കട നടത്തുന്നയാള്‍ ഭാര്യയുടെ ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിനുള്‍പ്പടെ പങ്കെടുത്തതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നുണ്ട്. വള്ളക്കടവ് പുത്തന്‍തോപ്പ് എന്നിവിടങ്ങളിലെ രണ്ട് പേര്‍ക്ക് കൂടി ഇന്ന് നഗരത്തില്‍ രോഗം സ്ഥിരികരിച്ചതോടെ ഈ പ്രദേശങ്ങളും നിരീക്ഷണത്തിലായി.