ഇന്ത്യൻ ക്രിക്കറ്റിൽ നെപ്പോട്ടിസമില്ല: ആകാശ് ചോപ്ര

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സ്വജനപക്ഷപാതത്തെ കുറിച്ച് ഉയർന്ന ആരോപണങ്ങളെ തള്ളി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ വീഡിയോ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുന് എതിരേയും സുനിൽ ഗവാസ്‌ക്കറുടെ മകൻ രോഹൻ ഗവാസ്‌ക്കറിന് എതിരേയും നെപ്പോട്ടിസം വാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ പ്രതികരണം.

ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്ന തലത്തിൽ താരങ്ങൾക്ക് യാതൊരു തരത്തിലുമുള്ള സൗജന്യവും ലഭിക്കുകയില്ലെന്നു ചോപ്ര പറയുന്നു. പക്ഷെ, ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം, ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും അർഹതപ്പെട്ടതിന് അപ്പുറത്തേക്ക് ഒന്നും തന്നെ സച്ചിന്റെ മകനാണെങ്കിലും അർജുന് ലഭിച്ചിട്ടില്ലെന്നാണ് ആകാശ് ചോപ്ര് പറയുന്നത്. അർജുന് ഒന്നും തളികയിൽ വെച്ച് നൽകിയിട്ടില്ലെന്ന് ചോപ്ര വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോഴും അർജുന് ഇടമില്ല. സീനിയർ ടീമിൽ മാത്രമല്ല അണ്ടർ 19 ടീമിൽ പോലും അടുപ്പക്കാർക്ക് പരിഗണന നൽകി സെലക്ഷൻ നടക്കുന്നില്ലെന്നും മികച്ച പ്രകടനം മാത്രമാണ് പരിഗണിക്കുന്നതെന്നും വീഡിയോയിൽ ചോപ്ര ചൂണ്ടിക്കാട്ടി.

2018ൽ ഇന്ത്യ അണ്ടർ 19 ടീമിനു വേണ്ടി യൂത്ത് ടെസ്റ്റിൽ അർജുൻ കളിച്ചിരുന്നു. എന്നാൽ മുംബൈയുടെ രഞ്ജി ടീമിലെത്താൻ താരത്തിന് ഇനിയും സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യൻസ് ടീമിനു വേണ്ടി നെറ്റ്‌സിൽ ബൗൾ ചെയ്ത പരിചയം അർജുന് ഉണ്ട്. എന്നാൽ ഇതുവരെ ഒരു ഐപിഎൽ കരാർ ഇല്ല. ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗാവസ്‌ക്കറുടെ മകൻ രോഹൻ ഗാവസ്‌ക്കറുടെ കാര്യവും ഇപ്രകാരം തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിച്ചെങ്കിലും ദൈർഘ്യമേറിയ കരിയറായിരുന്നില്ല രോഹന്റേത്. സ്വജനപക്ഷപാതം ഉണ്ടായിരുന്നെങ്കിൽ സുനിൽ ഗവാസ്‌കറുടെ മകനായതിന്റെ പേരിൽ രോഹൻ ഏറെ മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയോടെ സോഷ്യൽ മീഡിയാ ലോകത്ത് അടക്കം ചർച്ചയായ നെപ്പോട്ടിസമാണ് ഇപ്പോൾ ക്രിക്കറ്റിനേയും ചർച്ചകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനിടെ അർജുൻ തെണ്ടുൽക്കറും നെപ്പോട്ടിസത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനങ്ങൾക്ക് ഇരയായിരുന്നു. 2016ൽ അണ്ടർ 16 വെസ്റ്റ് സോൺ ടീമിൽ അർജുന് ഇടംലഭിക്കാൻ സ്‌കൂൾ ക്രിക്കറ്റിൽ 327 പന്തിൽ 1009 റൺസ് നേടി രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രണവ് ധൻവാഡെയെ തഴഞ്ഞെന്ന ആരോപണമാണ് വീണ്ടും സോഷ്യൽമീഡിയയിൽ സജാവമായി ചർച്ച ചെയ്യപ്പെടുന്നത്.