സംസ്ഥാനം അതിവേഗം കമ്മ്യൂണിറ്റി ട്രാൻസ്മിഷനിലേക്ക്

തൃശ്ശൂർ: സംസ്ഥാനത്ത്  കൊവിഡ് 19 സമൂഹവ്യാപനം സംഭവിച്ചിരിക്കുന്നെന്ന ഫേസ്ബുക്ക് കുറിപ്പുമായി ഡോക്ടർ. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നതിനിടെ സമൂഹ വ്യാപനത്തിന്റെ സാധ്യതയെ കുറിച്ചുള്ള ചർച്ചയാണ് ആരോഗ്യപ്രവർത്തകർക്ക് ഇടയിലും നടക്കുന്നതെന്ന് ഡോ. സുൽഫി നൂഹു പറയുന്നു. നമ്മുടെ സംസ്ഥാനം അതിവേഗം കമ്മ്യൂണിറ്റി ട്രാൻസ്മിഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക തന്നെയാണെന്ന് ഡോ. സുൽഫി പറയുന്നു.

ഡോക്ടർ സുൽഫി നൂഹു പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

സമൂഹ വ്യാപനം/കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ?
========================

ഇതാണ് ഇപ്പോഴുള്ള ഏറ്റവും പ്രസക്തമായ ചർച്ച. ചർച്ച മാത്രമല്ല ഭയവും. ഒരുപക്ഷേ ആരോഗ്യപ്രവർത്തകരെല്ലാം തന്നെ ഭയക്കുന്നതും ഇതുതന്നെയാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചെറിയതോതിലെങ്കിലും ഇവിടെ കമ്മ്യൂണിറ്റി സ്‌പ്രെഡ് ഉണ്ട് എന്നുള്ള നിഗമനത്തിലാണ് പലരും.എങ്കിലും സമൂഹ വ്യാപനം അഥവാ കമ്മ്യൂണിറ്റി ട്രാൻസ്മിഷനുണ്ടെന്ന് അസന്നിഗ്ദ്ധമായി പറയുവാൻ ചില അടിസ്ഥാന കാര്യങ്ങൾ ഉണ്ടായെ മതിയാകൂ. അതുകൊണ്ടാണ് ആ പ്രഖ്യാപനം ഉണ്ടാകാത്തത്.

1. ആരിൽ നിന്നാണ് പകർന്നു കിട്ടിയത് കിട്ടിയത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു കൂട്ടം രോഗികൾ.
2. സെൻറിനൽ സർവ്വേലെൻസിൽ പോസിറ്റീവായി പ്രഖ്യാപിക്കപ്പെടുന്ന ധാരാളം രോഗികൾ. (സെൻറിനൽ സർവൈലൻസ് എന്നുപറഞ്ഞാൽ പൊതുസമൂഹത്തിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ഒരു പാസീവ് സർവെയ്‌ലൻസ് മെക്കാനിസം.)
3. ഒന്നിലേറെ സ്ഥലങ്ങളിൽ കൂട്ടംകൂട്ടമായി പെട്ടെന്ന് രോഗം പൊട്ടിപ്പുറപ്പെടൽ.

ഇങ്ങനെ എല്ലാം യോജിച്ചു വരുന്നില്ലന്നേയുള്ളൂ . എന്നാൽ നമ്മുടെ സംസ്ഥാനം അതിവേഗം കമ്മ്യൂണിറ്റി ട്രാൻസ്മിഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക തന്നെയാണ്.

ഒന്നുകൂടി സമൂഹ വ്യാപനവും നിശബ്ദ വ്യാപനവും രണ്ടും രണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാത്ത ആൾക്കാരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് നിശബ്ദ വ്യാപനമെന്ന് പറയാം. വ്യാപകമായി കമ്മ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടാകാതിരിക്കുക തന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യം. ചെറിയ തോതിൽ ഉണ്ടായാൽ പോലും നമുക്ക് ചികിത്സിക്കുവാനും പ്രതിരോധിക്കാനും മാർഗങ്ങൾ നിരവധിയുണ്ട് താനും. കൺഫ്യൂഷൻ കുറഞ്ഞുവെന്ന് വിശ്വസിക്കുന്നു. അതോ കൂടിയോ

ഡോ സുൽഫി നൂഹു

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ