അന്വേഷണം തൃപ്തികരം; സിനിമാ മേഖലയുമായി കേസിന് ഒരു ബന്ധവുമില്ലെന്ന് ഷംന കാസിമിന്റെ അമ്മ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും പെൺകുട്ടികളെ പൂട്ടിയിട്ട് പണവും സ്വർണ്ണവും കവരുകയും ചെയ്ത കേസിൽ ഷംനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ പരാതിക്കാരിയായ ഷംന ഹൈദരാബാദിൽ നിന്ന് ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റൈനിൽ ആയിരിക്കും എന്നതിനാൽ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും.

ആൾമാറാട്ടം നടത്തി വിവാഹ അഭ്യർത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങിയ കേസുകളിലാണ് ഷംന കാസിം പരാതി നൽകിയിരിക്കുന്നത്. അതേസമയം, ബ്ലാക്ക് മെയിൽ കേസിൽ പോലീസ് അന്വേഷണം തൃപ്തികരമെന്ന് ഷംന കാസിമിന്റെ ഉമ്മ റൗലാബി പ്രതികരിച്ചു. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. സിനിമ മേഖലയുമായി കേസിനു ഒരു ബന്ധവും ഇല്ലെന്നും റൗലാബി പറഞ്ഞു.

കേസിൽ അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. അതേസമയം പ്രതികൾക്കെതിരെ മൂന്ന് കേസ് കൂടി ചുമത്തി. പെൺകുട്ടികളെ പൂട്ടിയിട്ട് സ്വർണ്ണവും പണവും തട്ടിയെടുത്തതിനാണ് കേസ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേരാണ് ഇതുവരെ പിടിയിലായിത്.

റഫീഖ്, മുഹമ്മദ് ഷെരിഫ് തുടങ്ങി പൊലീസ് കസ്റ്റഡിയിൽ തുടർന്ന പ്രതികളുമായി ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും. സംഭവത്തിൽ ഉൾപ്പെട്ട ഹെയർ സ്‌റ്റൈലിസ്റ്റിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇയാൾ വഴി പ്രതികൾക്ക് സിനിമ മേഖലയുമായി ബന്ധം ഉണ്ടെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ