‘എനിക്ക് ശ്വസിക്കാനാകുന്നില്ല ഡാഡീ… മൂന്ന് മണിക്കൂറായി അവരെനിക്ക് ഓക്‌സിജൻ തരുന്നത് നിർത്തിയിട്ട്” കൊവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ അവസാന വീഡിയോ സന്ദേശം

ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ മരിച്ച യുവാവിന്റെ അവസാന വീഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം. ശരിയായ ചികിത്സ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് തെളിയിക്കുന്ന സന്ദേശമാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തെത്തിയതിന് പിന്നാലെ യുവാവിന് മതിയായ ചികിത്സ ലഭിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മരണം മുന്നിൽ കണ്ട യുവാവിന്റെ ദുരവസ്ഥ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

‘എനിക്ക് ശ്വസിക്കാനാകുന്നില്ല ഡാഡീ… മൂന്ന് മണിക്കൂറായി അവരെനിക്ക് ഓക്‌സിജൻ തരുന്നത് നിർത്തിയിട്ട്, ഞാൻ കുറേ പറഞ്ഞു നോക്കി, എന്റെ ഹൃദയം നിലച്ച പോലെ… ഞാൻ പോവുകയാണ്, എല്ലാവർക്കും ബൈ…’- ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിന്റെ അവസാന വീഡിയോ സന്ദേശത്തിൽ പറയുന്നതിങ്ങനെ. സന്ദേശയമയച്ച് ഒരു മണിക്കൂറിന് ശേഷം യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.

കൊവിഡ്19 ബാധിച്ച ഈ മുപ്പത്തിനാലുകാരന് പത്ത് സ്വകാര്യ ആശുപത്രികളാണ് ഇതിനുമുമ്പ് ചികിത്സ നിഷേധിച്ചത്. തുടർന്നാണ് സർക്കാർ ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. പിന്നീട് ഇയാൾ മരിച്ചതിനു ശേഷമാണ് കൊവിഡ് പരിശോധന നടത്തിയതും ഫലം പോസിറ്റീവായതും.

അതേസമയം, മകന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് മകൻ അയച്ച വീഡിയോ കാണാനിടയാതെന്ന് അച്ഛൻ പറഞ്ഞു. മകൻ സഹായം ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ സാധിച്ചില്ലെന്നും ഈ അവസ്ഥ മറ്റൊരാൾക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മകന് എന്തു കൊണ്ടാണ് ഓക്‌സിജൻ നിഷേധിച്ചതെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റേതെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി തന്റെ മകന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം നിഷേധിക്കപ്പെട്ടതാണോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡാണ് യുവാവിന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കൾ, ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവരുമായി യുവാവ് സമ്പർക്കത്തിലേർപ്പെട്ടിരുന്ന കാര്യം യുവാവിന്റെ മരണത്തോടൊപ്പം കുടുംബാംഗങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇവർക്ക് ഇതു വരെ കോവിഡ് പരിശോധന നടത്തിയിട്ടില്ല. ഒമ്പതും പന്ത്രണ്ടും വയസുള്ള പേരക്കുട്ടികൾ വീട്ടിലുണ്ടെന്നും പരിശോധന നടത്താത്തതു കാരണം ആശങ്കയിലാണെന്നും കുട്ടികളെ അവരുടെ അച്ഛൻ മരിച്ച വിവരം അറിയിച്ചിട്ടില്ലെന്നും മുത്തച്ഛൻ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ