കോവിഡ് 19ന് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയും; ജൂലൈ മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കോവിഡ് 19ന് പ്രതിരോധിക്കാനായി വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യയും.
ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ ടിഎം(COVAXIN™?) എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ജൂലൈ മുതല്‍ തന്നെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ഇന്ത്യയില്‍ മരുന്ന് കമ്പനികള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ രംഗത്തുണ്ടെങ്കിലും ഈ രംഗത്ത് ആദ്യ ചുവടുവെയ്പ്പ് നടത്താന്‍ ഭാരത് ബയോടെക്കിനായി. മനുഷ്യരിലെ പരീക്ഷണമാണ് നിര്‍ണായക കടമ്പ. ഇത് വിജയകരായി പൂര്‍ത്തിയാക്കിയാല്‍ ഈ വര്‍ഷം തന്നെ വാക്‌സിന്‍ വിപണിയിലെത്തിച്ച് ചരിത്രം കുറിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

ചൈന, ബ്രിട്ടന്‍, അമേരിക്ക മുതലായ രാജ്യങ്ങളിലൊക്കെ വാക്‌സിന്റെ ആദ്യരൂപം വികസിപ്പിക്കുകയും മനുഷ്യരില്‍ പരീക്ഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.