ട്രംപിന് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാന്‍

ഇറാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ ഇറാന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ട്രംപിനെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായവും ഇറാന്‍ അഭ്യര്ഥിച്ചു. ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ടാണ് ഇറാന്‍ അറസ്റ്റ് വാറണ്ട് ഇറക്കിയത്. ട്രംപിന് എതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണം എന്ന് ആവശ്യപ്പെട്ട് ഇറാന്‍ ഇന്റര്‍പോളിന് കത്ത് നല്‍കി.

ജനറല്‍ കാസ്സിം സൊലേമാനിയെ വധിച്ച കേസില്‍ ആണ് ട്രംപിനും മറ്റ് മുപ്പത് പേര്‍ക്കും എതിരെയാണ് ഇറാന്‍ നടപടി ആവശ്യപ്പെടുന്നത്.കൊലപാതകം, തീവ്രവാദം എന്നിവ ആണ് ട്രംപിന് എതിരെ ചുമത്തിയിരിക്കുന്ന ആരോപണം.

ജനുവരി മൂന്നിന് ഇറാഖിലെ ബാഗ്ദാദില്‍ വച്ചാണ് ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. 30 പേര്‍ക്കാണ് കുറ്റകൃത്യത്തില്‍ പങ്കെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. കൊടുംകുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് ട്രംപിന് അയക്കണമെന്നാണ് ഇറാന് ഇന്റര്‍ പോളിനോട് ആവശ്യപ്പെടുന്നത്.

ഫ്രാന്‍സില്‍ ആസ്ഥാനമുള്ള ഇന്റര്‍പോള്‍ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പോലീസ് ഏജന്‍സിയാണ്. ലോകത്തിലെ വിവിധ പോലീസ് സംഘടനകളുടെ പരസ്പര സഹകരണത്തിലാണ് ഇന്റര്‍പോള്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ സ്വഭാവമുള്ള കേസുകള്‍ ഇന്റര്‍പോള്‍ പരിഗണിക്കാറില്ല. അതുകൊണ്ട് തന്നെ ട്രംപിന്റെ അറസ്റ്റ് എന്ന ആവശ്യം ഏജന്‍സി തള്ളിക്കളയാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമമായ അള്‍ ജസീറ നിരീക്ഷിക്കുന്നത്.

ഇറാന്റെ ഏറ്റവും ഉയര്‍ന്ന സൈനിക സേനയായ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ തലവനായിരുന്നു ഖാസിം സുലൈമാനി. ബാഗ്ദാദിന് അടുത്തുവെച്ച് യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയുടെ വധത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പുതിയതലത്തിലേക്ക് എത്തിയിരുന്നു. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ നിരന്തരം ലക്ഷ്യമിട്ട ഇറാന്‍, ഒരു ബാലിസ്റ്റിക് ആക്രമണവും നടത്തി. ഇതില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ