ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു: ജോസ് കെ മാണി

കോട്ടയം: കെഎം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസിനെ പിജെ ജോസഫ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്ന് ജോസ് കെ മാണി എംപി.
അത്തരമൊരു നീക്കം പി.ജെ.ജോസഫ് നടത്തിയപ്പോള്‍ ഈ പ്രസ്ഥാനത്തിനെ സംരക്ഷിച്ചു എന്നതാണോ എന്റെ തെറ്റെന്ന് ജോസ് കെ. മാണി ചോദിച്ചു.

കെ.എം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫ് സ്വീകരിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു. കഴിഞ്ഞ 38 വര്‍ഷം കാലം ഐക്യജനാധിപത്യ മുന്നണിയെ പടുത്ത് ഉയര്‍ത്തുവാനുള്ള പിന്‍ബലം ആയിരുന്നു കേരള കോണ്‍ഗ്രസ് (എം). തദ്ദേശസ്ഥാപന പദവിക്കായി 38 വര്‍ഷം പഴക്കമുള്ള ഹൃദയബന്ധമാണ് മുറിച്ചുമാറ്റിയത്.

ഒരു തദ്ദേശ സ്ഥാപനത്തിലെ പദവിക്ക് വേണ്ടി മുന്നണി രൂപീകരിക്കാന്‍ കൂടെ നിന്ന പാര്‍ട്ടിയെ പുറത്താക്കി. മുന്നണി പ്രവര്‍ത്തകരെ ഇത് മുറിവേല്‍പ്പിച്ചു. യുഡിഎഫില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുക എന്ന ധര്‍മ്മം യുഡിഎഫ് മറന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു.

കെ.എം മാണി പടുത്തുയര്‍ത്തി പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്ന ഞങ്ങളുടെ ആഗ്രഹത്തിനപ്പുറത്തേക്ക് മറ്റൊരു പ്രശ്‌നവും ജോസഫുമായിട്ടില്ല. നുണ പറഞ്ഞ് തങ്ങളെ കരിവാരി തേക്കുകയാണ്. പാലാ തിരഞ്ഞെടുപ്പിനുശേഷം ജോസഫ് വിഭാഗം നിരന്തരം വ്യക്തിഹത്യ നടത്തി നടത്തി കൊണ്ടിരിക്കുകയാണെന്നും ജോസ് കെ.മാണി ആരോപിച്ചു.