ആരും വിളിച്ചിട്ടില്ല, ഇന്നലെ ടി.വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് സംഭവമറിഞ്ഞത്: മിയയുടെ അമ്മ

കോഴിക്കോട്: ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ നടിമാരായ ഷംന കാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്പര്‍ ചോദിച്ചെന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മിയയുടെ മാതാവ്.

ഇത്തരത്തിലുള്ള ഒരു ഫോണ്‍ കോളുകളും തങ്ങള്‍ക്ക് വന്നിട്ടില്ലെന്നും ആരും ഇത്തരത്തിലുള്ള കാര്യം പറഞ്ഞ് വിളിച്ചിട്ടില്ലെന്നും മിയയുടെ മാതാവ് മിനി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

”ഞങ്ങളെ ആരും വിളിച്ചിട്ടില്ല. ധര്‍മജനും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടില്ല. ആരോ ഒരാള്‍ ധര്‍മജനോട് നമ്പര്‍ ചോദിച്ചതിന് എന്ത് പിഴച്ചു? പൊലീസും വിളിച്ചിട്ടില്ല. ഇന്നലെ ടി.വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഈ സംഭവമറിഞ്ഞത്.”- മിയയുടെ മാതാവ് വ്യക്തമാക്കി.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ പ്രതികളില്‍നിന്ന് ധര്‍മജന്റെ നമ്പര്‍ കണ്ടെത്തിയതോടെയാണ് ധര്‍മജനില്‍നിന്ന് പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചതെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. നടിമാരായ ഷംന കാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്പറുകള്‍ ഇവര്‍ ചോദിച്ചിരുന്നതായും അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ധര്‍മജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പ് സംഘത്തിലെ ആരും വിളിച്ചിട്ടില്ലെന്ന പ്രതികരണവുമായി നടി മിയയുടെ മാതാവ് രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ