കള്ളപ്രചാരണം നടത്തുന്നതില്‍ ജോസ് വിദഗ്ധന്‍: പിജെ ജോസഫ്

കോട്ടയം: കള്ളപ്രചാരണം നടത്തുന്നതില്‍ ജോസ് വിദഗ്ധനായിരിക്കുന്നുവെന്ന് പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസില്‍ പിജെ ജോസഫ് നുണകള്‍ ആവര്‍ത്തിക്കുന്നെന്ന ജോസ് കെ മാണിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലായിലുണ്ടായ തോല്‍വി ചോദിച്ചുവാങ്ങിയതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് പാലായില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എനിക്ക് ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞു. പാലായിലെ ഉദ്ഘാടനത്തിന് ജോസ് കെ മാണി ചിഹ്നം കെഎം മാണിയാണെന്നും പറഞ്ഞു. അതിനര്‍ത്ഥം ചിഹ്നം വേണ്ടാ എന്നാണ്. ഇപ്പോള്‍ പറയുന്നത് പക്ഷേ ചിഹ്നം തന്നില്ലെന്നാണ്. പിജെ ജോസഫ് പറഞ്ഞു.പാലായില്‍ തന്നെ പരസ്യമായി കൂവി ആക്ഷേപിച്ചു. ജോസ് കെ. മാണി വിരുദ്ധ വോട്ടുകളാണ് പാലായില്‍ മാണി സി കാപ്പനെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജോസ് വിഭാഗം നേരത്തെ യുഡിഎഫ് മുന്നണി വിടാന്‍ തീരുമാനിച്ചിരുന്നു. വലിയ ഒരു വിഭാഗമാളുകള്‍ ജോസ് കെ മാണിയെ വിട്ട് തിരിച്ച് വരും. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയറിയിച്ച് ധാരാളമാളുകള്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി പുറത്തു പോയത് യുഡിഎഫിന് നല്ല രീതിയില്‍ ഗുണം ചെയ്യും. രീതികളും പ്രവര്‍ത്തന ശൈലിയും മാറ്റിയാല്‍ നല്ല കാര്യമാണെന്നും ജോസഫ് വ്യക്തമാക്കി.