ഷംനയെ തട്ടികൊണ്ട് പോകാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഐജി വിജയ് സാഖറെ

കൊച്ചി: പണം തട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഷംനാ കാസിമിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് ഐജി വിജയ് സാഖറെ. ഷംന പരാതി നല്‍കിയതിനാല്‍ പ്രതികളുടെ പദ്ധതി നടപ്പായില്ലെന്നും വിജയ് സാഖറെ പറഞ്ഞു. പ്രൊഡക്ഷന്‍ മാനേജരായ ഷാജി പട്ടിക്കരയെ പ്രതികള്‍ സമീപിച്ചത് സിനിമാ നിര്‍മാതാക്കളെന്ന നിലയ്ക്കാണെന്നും വിജയ് സാക്കറെ പറയുന്നു. കൂടുതല്‍ സിനിമാ താരങ്ങളെ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു.

സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയെന്നും വിജയ് സാഖറെ കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പായാണ് ഷംനയുമായി പ്രതികള്‍ അടക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പേരിലാണ് വിവാഹാലോചന നടത്തിയത്. ഈ വിവാഹാലോചന ഷംന അംഗീകരിക്കുയും വീട്ടില്‍ വന്ന് അന്വേഷിക്കാന്‍ പറയുകയായിരുന്നു. കൂടുതല്‍ അടുക്കാനുള്ള വഴിയായി പ്രതികള്‍ ഈ അവസരത്തെ കണ്ടു. റഫീഖ് എന്ന പ്രതി അന്‍വര്‍ അലി എന്ന പേരിലാണ് ഷംനയെ സമീപിച്ചത്.

ആദ്യം ഒരു ലക്ഷം, പിന്നീട് 50,000 രൂപയും ഷംനയില്‍ നിന്ന് ഇവര്‍ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി ചീത്ത പേരുണ്ടാക്കി വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ അതിന് മുമ്പേ ഷംന പൊലീസില്‍ പരാതി നല്‍കിയതാണ് രക്ഷയായത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുന്നതോടെയാണ് ബ്ലാക്ക്മെയിലിംഗ് സംഘത്തെ കുറിച്ചുള്ള ചുരുളുകളഴിയുന്നത്.

ഇതിന് പിന്നാലെ ഷംനാ കാസിമിനൊപ്പം സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിരുന്ന നാല് സിനിമാ നടന്മാരെയും വിവരശേഖരണത്തിനായി പൊലീസ് ചോദ്യം ചെയ്തു. ഈ ഘട്ടത്തില്‍ മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ സമീപിച്ചിരുന്നതായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വെളിപ്പെടുത്തി.