കോട്ടയത്ത് കൊവിഡ് മുക്തയായ യുവതിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക

കോട്ടയം: കൊവിഡ് മാറി വിദേശത്ത് നിന്ന് കോട്ടയത്ത് തിരികെ എത്തിയ ഇരുപത്തിയേഴുകാരിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് വച്ച് നടത്തിയ ടെസ്റ്റില്‍ നെഗറ്റീവായ ശേഷമാണ് യുവതി നാട്ടില്‍ തിരികെ എത്തിയത്. പിന്നീട് നാട്ടില്‍ നിരീക്ഷണത്തില്‍ തുടരവേ നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റീവായത്.

ഷാര്‍ജയില്‍ നിന്ന് ജൂണ്‍ 19-നാണ് പായിപ്പാട് സ്വദേശിനിയായ യുവതി എത്തിയത്. അവിടെ വച്ച് തന്നെ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഷാര്‍ജയില്‍ വച്ച് മെയ് 10-ന് രോഗം സ്ഥിരീകരിച്ച ശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് ജൂണ്‍ മൂന്നിന് നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിന് ശേഷമാണ് ഇവര്‍ നാട്ടിലെത്തിയത്. പിന്നീട് നാട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ വീണ്ടും രോഗലക്ഷണങ്ങള്‍ വന്നതോടെയാണ് ഇവരുടെ പരിശോധന നടത്തിയത്.കോട്ടയം ജില്ലയില്‍ ഇന്ന് ഒമ്പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ അഞ്ചില്‍ നാല് പേരും ഒരേ കുടുംബത്തില്‍ പെട്ടവരാണ്.