ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യയ്‌ക്കൊപ്പം എന്ന സൂചന നൽകി ജപ്പാൻ

ടോക്കിയോ: ലഡാക്ക് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യയ്ക്ക് ഒപ്പം നിന്ന് ജപ്പാൻ. ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന സൂചനയുമായി ജപ്പാൻ അംബാസഡർ രംഗത്തെത്തി. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നതായി ജാപ്പനീസ് അംബാസഡർ സതോഷി സുസുക്കി പറഞ്ഞു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ലുമായി വെള്ളിയാഴ്ച നടത്തിയ സംഭാഷണത്തെ തുടർന്നാണ് സതോഷി പ്രസ്താവന നടത്തിയത്. ഇന്തോപസഫിക് സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച നടത്തിയിരുന്നു. എഫ്എസ് ശൃംഗ്ലയുമായി നല്ലൊരു സംഭാഷണം നടത്തിയെന്ന് ട്വീറ്റ് ചെയ്ത സതോഷി, ജപ്പാൻ നയതന്ത്ര ചർച്ചകളിലൂടെ ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുവെന്നും കൂട്ടിച്ചേർത്തു.

നേരത്തെ ഗൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചുകൊണ്ട് ജൂൺ 19ന് സതോഷി ട്വീറ്റ് ചെയ്തിരുന്നു.